|    Oct 16 Tue, 2018 10:38 pm
FLASH NEWS

രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച: തീരദേശത്ത് പ്രതിഷേധം വ്യാപിക്കുന്നു

Published : 4th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. രക്ഷാപ്രവര്‍ത്തനത്തിലെ സര്‍ക്കാര്‍ വീഴ്ചയില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ പലസ്ഥലങ്ങളിലും റോഡ് ഉപരോധിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷവും ആരോപിച്ചു. തിരുവനന്തപുരത്ത് ഈഞ്ചക്കലില്‍ മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിച്ചു.
പൂന്തുറയില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിനായി കടലില്‍ പോയി. ഓഖി ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും മുന്നറിയിപ്പ് നല്‍കുന്നതിലെ വീഴ്ച മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയുമാണ് പ്രതിഷേധത്തിന് കാരണം. മുഖ്യമന്ത്രിക്കു നേരെ ഇന്നലെ വിഴിഞ്ഞത്തുണ്ടായ പ്രതിഷേധവും ഇതിന്റെ ഭാഗമായാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയിരുന്നത്. പിണറായി വിജയന്‍ എത്തുന്നതിന് അല്‍പം മുമ്പ് നാല് മല്‍സ്യതൊഴിലാളികളുടെ മൃതദേഹങ്ങളാണ് വിഴിഞ്ഞത്തെത്തിച്ചത്. ഇത് ജനങ്ങളുടെ രോഷം വര്‍ധിപ്പിച്ചു. വിഴിഞ്ഞത്തെ പള്ളിയില്‍ വെച്ച് മുഖ്യമന്ത്രി ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൈകാരികമായി ജനങ്ങള്‍ പ്രതികരിച്ചതോടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു.
നമ്മുടെ ജീവിതാനുഭവത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തമുഖത്തെത്തിയ മുഖ്യമന്ത്രി കടലില്‍ പോയവരെ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലെത്തി അവരുടെ ദുഖത്തിലും ഉത്കണ്ഠയിലും സര്‍ക്കാരും പങ്കുചേരുന്നതായി അറിയിച്ചു. സര്‍ക്കാരിന്റെ എല്ലാ എജന്‍സികളും വിവിധ സേനാവിഭാഗങ്ങളും സംയുക്തമായി ഒരേ മനസോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  അങ്ങേയറ്റം ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഇന്നലെ രാവിലെ നടന്ന ഉന്നതതലയോഗത്തിലും എല്ലാവരും ഇക്കാര്യം അറിയിക്കുകയും ചെയ്തു. നമ്മുടെ ശ്രമം ഉടന്‍ വിജയത്തിലെത്തുമെന്ന് തന്നെയാണ് സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.
ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും വിഴിഞ്ഞം സിന്ധു യാത്രാമാതാവ് പഴയപളളിയില്‍ ഒത്തുചേര്‍ന്നവരോട് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലിസ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഉത്തരാവാദിത്തപ്പെട്ടവര്‍ക്ക് വീഴ്ച പറ്റിയെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss