|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച തോണികള്‍ മിക്കതും തകര്‍ന്നു

Published : 25th August 2018 | Posted By: kasim kzm

പൊന്നാനി: ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനമോ തകര്‍ന്ന തോണികളുടെ കണക്കോ ഇനിയും സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടാത്തതിനാല്‍ തോണി ഉടമകള്‍ എറെ ആശങ്കയില്‍. ഇത്തരം തോണിയെ ആശ്രയിച്ചു ജീവിച്ചിരുന്ന സാധാരണക്കാരാണ് ഇതുമൂലം ദുരിതത്തിലായത്.
പുഴയോരത്തെ ഷെഡ്ഡും അതിലുള്ള വലയടക്കമുള്ള മീന്‍പിടിത്ത ഉപകരണങ്ങളും പുഴയില്‍ മുങ്ങിക്കിടക്കുകയാണെന്നറിഞ്ഞിട്ടും ആളുകളുടെ ജീവനുവേണ്ടി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയ മല്‍സ്യത്തൊഴിലാളികളുടെ തോണികളും വലയും മീന്‍പിടിത്ത ഉപകരണങ്ങളുമാണ് ചളികയറി നശിച്ചത്. തീരപ്രദേശമടക്കം വെള്ളത്തിലായതിനാല്‍ ഒരുകിലോമീറ്ററോളം പുഴയിലെ ഒഴുക്ക് നീന്തിക്കടന്നാണ് തോണികള്‍ പിടിച്ചത്. കെട്ടിയിട്ടിരുന്ന ചില തോണികളുടെ കയറുകള്‍ പൊട്ടിച്ചെടുത്തു. നിരവധി തോണികളാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്നത്.
പലതും പുഴയുടെ ചുഴിയിലേക്ക് ആഴ്ന്നിറങ്ങി. പ്രളയത്തിനു സാക്ഷിയായി പുഴയോരത്ത് അവശേഷിക്കുന്നത് തകര്‍ന്ന തോണികള്‍ മാത്രം. ഒരുപാട് രക്ഷകര്‍ക്ക് തുണയായത് പുഴയോരത്തെ നിര്‍ത്തിയിട്ട തോണികളായിരുന്നു. മലമട്ടും മേല്‍മണ്ണും ചേര്‍ന്നുണ്ടാക്കിയ കുത്തൊഴുക്കിലെ പതയോട് ചേര്‍ന്ന് വിശ്രമിക്കുന്ന തോണികള്‍ പുഴയുടെ പ്രളയത്തിന്റെ അടയാളമായി കടവത്ത് അവശേഷിക്കുന്നുണ്ട്.
വെള്ളത്തില്‍ പൂര്‍ണമായി മുങ്ങിയ ഈശ്വരമംഗലം മേഖലയിലാണ് തോണികള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുങ്ങിക്കൊണ്ടിരിക്കുന്ന വീടുകളില്‍ ശ്വാസംമുട്ടിനില്‍ക്കുന്നവര്‍ക്കുനേരെ നീട്ടിപ്പിടിച്ച കൈയുമായി കയറിച്ചെല്ലുമ്പോള്‍ പരിക്കുകളൊന്നും പ്രശ്‌നമായിരുന്നില്ല. റോഡിലൂടെ തുഴഞ്ഞുപോയതുമൂലം തോണിയുടെ അടിഭാഗം നിലത്തുരഞ്ഞും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മല്‍സ്യത്തൊഴിലാളികള്‍.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss