|    Sep 23 Sun, 2018 9:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍

Published : 20th August 2018 | Posted By: kasim kzm

പത്തനംതിട്ട: പ്രളയം വിഴുങ്ങിയ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്. ഇന്നോടെ എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കാനാവുമെന്നാണു പ്രതീക്ഷ. പത്തനംതിട്ട ജില്ലയില്‍ പ്രളയം താണ്ഡവമാടിയ റാന്നിയിലും തിരുവല്ല അപ്പര്‍ കുട്ടനാട്ടിലും ആറന്മുളയിലും പന്തളത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായ തോതില്‍ നടന്നുവരികയാണ്. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പത്തനംതിട്ട ജില്ലയില്‍ 516 ദുരിതാശ്വാസ ക്യാംപുകളിലായി 75,536 ആളുകളാണ് ഇപ്പോള്‍ കഴിയുന്നത്. ആലപ്പുഴയിലെ അപകട മേഖലയില്‍ നിന്ന് 90 ശതമാനം പേരെയും ക്യാംപുകളിലേക്ക് മാറ്റിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കുട്ടനാട് ഒഴിപ്പിക്കല്‍ 95 ശതമാനം പൂര്‍ത്തിയായി. പാണ്ടനാട് 97 ശതമാനം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ആലപ്പുഴ ജില്ലയില്‍ 935 ക്യാംപുകളിലായി 2,54,000 പേരാണു താമസിക്കുന്നത്. കഴിഞ്ഞ 96 മണിക്കൂറില്‍ കുട്ടനാട്ടില്‍ മാത്രം 2.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചുനില്‍ക്കുന്ന മേഖലയില്‍ കൊല്ലം, തിരുവനന്തപുരം മേഖലയില്‍ നിന്നെത്തിയ മല്‍സ്യബന്ധന ബോട്ടുകളാണ് നിരവധി പേരെ രക്ഷിച്ചത്. 16,000 പേരെ രക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളി വള്ളങ്ങള്‍ക്ക് കഴിഞ്ഞു. വീടുകളില്‍ കുടങ്ങിയവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നത് പുരോഗമിക്കുന്നു. വെള്ളം ഇറങ്ങിയതോടെ പുറത്തേക്കുവരാതെ വീടുകളില്‍ ബോധപൂര്‍വം തങ്ങുന്നവരെ മാത്രമാണ് ഇനിയും രക്ഷിക്കാനുള്ളത്. ആഹാരം മാത്രം മതിയെന്നും ക്യാംപിലേക്ക് വരുന്നില്ലെന്നുമാണ് ഇവരുടെ നിലപാട്.
അതിനിടെ, വിമന്‍സ് ഹോസ്റ്റലില്‍ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനെതിരേ പ്രതിഷേധിച്ച നാട്ടുകാര്‍ ഹോസ്റ്റല്‍ അന്തേവാസികളെ അക്രമിച്ചതായി പരാതിയുണ്ട്. ഹെലികോപ്റ്റര്‍ താഴ്ന്നാല്‍ വീടുകള്‍ക്ക് കേടുപാട് പറ്റുമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നുമായിരുന്നു പ്രദേശവാസികളുടെ നിലപാട്. എന്നാല്‍, പ്രദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ സൈന്യത്തോട് സഹായം തേടിയതാണു നാട്ടുകാരെ പ്രകോപിപ്പിച്ചത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss