|    Dec 17 Mon, 2018 1:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രക്ഷാദൗത്യം; മഴയുടെ തീവ്രത കുറയുന്നു; 3.14 ലക്ഷം പേര്‍ ക്യാംപുകളില്‍

Published : 18th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. കെട്ടിടങ്ങളിലും വീടുകള്‍ക്കു മുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകളും ബോട്ടുകളും ഇന്നലെ രാവിലെ മുതല്‍ ശ്രമം ഊര്‍ജിതമാക്കി. 23 ഹെലികോപ്റ്ററുകളും 450 ബോട്ടുകളുമാണ് രക്ഷാദൗത്യം നിര്‍വഹിക്കുന്നത്.
നാലു ജില്ലകളിലായി ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 82,442 പേരെ രക്ഷപ്പെടുത്തി. നാവികസേനയ്ക്കു പുറമെ അഗ്നിശമന സേനയും മല്‍സ്യത്തൊഴിലാളികളുമൊക്കെ ബോട്ടുകളുമായി രക്ഷാദൗത്യത്തിലുണ്ട്.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററുകളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. നാലു വിമാനം ഭക്ഷ്യവസ്തുക്കള്‍ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കൂടുതല്‍ ഉടന്‍ എത്തും. ആര്‍മിയുടെ 16 ടീമുകള്‍ വിവിധ കേന്ദ്രങ്ങളിലായി ഇപ്പോള്‍ രംഗത്തുണ്ട്.
നാവികസേനയുടെ 13 ടീമുകള്‍ തൃശൂരിലും 10 ടീമുകള്‍ വയനാട്ടിലും 4 ടീമുകള്‍ ചെങ്ങന്നൂരിലും 12 ടീമുകള്‍ ആലുവയിലും 3 ടീമുകള്‍ പത്തനംതിട്ട മേഖലയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ 39 ടീമുകളാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഇതിനു പുറമെ 14 ടീമുകള്‍ കൂടി ഉടനെ എത്തും. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന പതിനായിരക്കണക്കിനു പേരെ കഴിഞ്ഞ രണ്ടു ദിവസമായി ദുരന്തനിവാരണ സേനയുടെയും നാവികസേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍പ്രകാരം 70085 കുടുംബങ്ങളിലെ 3,14,391 ആളുകള്‍ 2094 ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് എട്ടു മുതല്‍ 164 പേര്‍ക്ക് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ദുരന്തം നിലവില്‍ നിയന്ത്രണവിധേയമാണ്.
വെള്ളപ്പൊക്കം കൂടുതലുള്ള ഇടങ്ങളില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് ഫണ്ട് കണ്ടെത്തുന്നതിന് മദ്യത്തിന്റെ തീരുവ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം ആവശ്യമുള്ളതെല്ലാം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ദേശീയ ദുരന്തനിവാരണ സമിതി (എന്‍സിഎംസി) തീരുമാനിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യരക്ഷ, ആഭ്യന്തര, ജലവിഭവ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, കര-നാവിക-വ്യോമസേനാ വിഭാഗങ്ങള്‍, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധസേന എന്നിവയുടെ മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss