|    Nov 14 Wed, 2018 2:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രക്ഷാദൗത്യം അവസാനഘട്ടത്തില്‍

Published : 20th August 2018 | Posted By: kasim kzm

കൊച്ചി/പത്തനംതിട്ട/പാലക്കാട്: മഴ മാറിയെങ്കിലും കേരളത്തില്‍ നാലിടത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു. പറവൂര്‍, നെല്ലിയാമ്പതി, ചെങ്ങന്നൂര്‍, പാണ്ടനാട് ഭാഗങ്ങളിലാണ് ഇപ്പോഴും ദുരിതാവസ്ഥ തുടരുന്നത്. കൊച്ചി പറവൂര്‍, കുത്തിയതോട് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നലെ രാത്രി വൈകിയും പുരോഗമിക്കുകയാണ്. മേഖലയിലെ ചിലയിടങ്ങളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും പറവൂര്‍ നോര്‍ത്ത്, കുത്തിയതോട് ഉള്‍പ്പെടെ പലയിടത്തും അഞ്ചടിയിലധികം ഉയരത്തില്‍ ജലം നില്‍ക്കുകയാണ്. ഇവിടെ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.
രക്ഷതേടി ആളുകള്‍ അഭയംതേടിയ പറവൂര്‍ മാഞ്ഞാലി കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിയുടെ മേട ഇടിഞ്ഞുവീണ് മരിച്ച ആറുപേരില്‍ നാലുപേരുടെ മൃതദേഹം വെള്ളത്തിനടിയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നു. നാലുപേരുടെ മൃതദേഹം ഇന്നലെ വെള്ളത്തില്‍ പൊങ്ങിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി ഇവിടെ നിന്നു നീക്കി. കുത്തിയതോട് സ്വദേശികളായ പാനിക്കുളം ഔസേപ്പ് (61), പനയക്കല്‍ ജെയിംസ് (55), കോട്ടയക്കല്‍ പൗലോസ് (56), അമ്പാട്ട് പറമ്പില്‍ ശൗരിയാര്‍ (70), ഇലഞ്ഞിക്കല്‍ ജോമോന്‍ (54), ഇദ്ദേഹത്തിന്റെ പിതാവ് പാപ്പച്ചന്‍ (95) എന്നിവരാണ് മരിച്ചത്. പള്ളിയില്‍ അഭയംതേടിയ എഴുനൂറോളം ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതു കൂടാതെ സമീപത്തെ നാലു വീടുകളിലായി അഞ്ഞൂറോളം ആളുകളും കുടുങ്ങിയിട്ടുണ്ട്.അതേസമയം, ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം ഇവിടെ ഊര്‍ജിതമാണ്. കൂടുതല്‍ ഹെലികോപ്റ്ററുകളും ചെറിയ ബോട്ടുകളും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നത്തോടെ ഇവിടത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അച്ചന്‍കോവിലാറ്റില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വെണ്‍മണിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ഒരു ലക്ഷത്തോളം ആളുകള്‍ ക്യാംപുകളിലേക്ക് എത്തിയിട്ടുണ്ട്. നിരവധി ആളുകള്‍ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ടുകിടക്കുകയാണ്. ഇവര്‍ക്കുള്ള ഭക്ഷണം വ്യോമസേന കോപ്റ്റര്‍ വഴി കൊടുക്കുന്നുണ്ട്. ക്യാംപില്‍ എത്തിയവര്‍ക്ക് ആവശ്യമായ വസ്ത്രവും സാനിറ്ററി നാപ്കിനുകളുമാണ് അടിയന്തരമായി വേണ്ടതെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതോടെ ഇവിടത്തെ ക്യാംപുകളിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്.
പാണ്ടനാട് ഭാഗത്തും അവശ്യമരുന്നുകളും കുടിവെള്ളവുമായി കരസേനയുടെ ഹെലികോപ്റ്റര്‍ എത്തി. അതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും എവിടെയാണെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. വൈദ്യുതി-ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പോലും പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല.
പാണ്ടനാട് മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ പറവൂര്‍ മേഖലയിലുണ്ട്. ഇവരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാനുള്ള ശ്രമം ഈ മേഖലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. 170ലധികം ക്യാംപുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, പാലക്കാട്ട് മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും ഒറ്റപ്പെട്ട നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവര്‍ സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. ചുരം റോഡ് പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പ്രദേശത്തേക്ക് 130 ആര്‍എഎഫ്, 70 വോളന്റിയര്‍മാര്‍, 30 റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഭക്ഷ്യധാന്യങ്ങള്‍ അടങ്ങുന്ന 20 കിലോയുടെ 200 ബാഗുകള്‍ തലച്ചുമടായി എത്തിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss