|    Jul 24 Mon, 2017 4:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രക്ഷകയായ മദറിന് ആദരാഞ്ജലിയുമായി ലണ്ടനില്‍ നിന്നു ലൂയിസെത്തി

Published : 25th August 2016 | Posted By: SMR

കൊല്‍ക്കത്ത: അടുത്തമാസം വിശുദ്ധയായി പ്രഖ്യാപിക്കുന്ന മദര്‍ തെരേസയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ലണ്ടനില്‍ നിന്നു യുവാവെത്തി. മൂന്നു വയസ്സുള്ളപ്പോള്‍ ഹൗറയില്‍ നിന്നു മദര്‍ തെരേസയും കന്യാസ്ത്രീകളും എടുത്തു വളര്‍ത്തിയ പോളിയോ മൂലം അംഗപരിമിതനായ ഗൗതം ലൂയിസാണ് കൊല്‍ക്കത്തയിലെത്തിയത്. തന്റെ വേരുകള്‍ തേടിയും മദര്‍ തെരേസയ്ക്ക് ആദരവര്‍പ്പിക്കാനും വേണ്ടിയാണ് അദ്ദേഹമെത്തിയത്.
ലണ്ടനില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. അംഗവൈകല്യമുള്ള പൈലറ്റുമാര്‍ക്ക് വേണ്ടി ഒരു പരിശീലന കേന്ദ്രവും ഇപ്പോഴും ഊന്നുവടിയെ ആശ്രയിക്കുന്ന ഈ 39കാരന്‍ നടത്തുന്നുണ്ട്. മദര്‍ തെരേസയുടെ ആശ്രമത്തില്‍ നിന്ന് ഏഴാം വയസ്സില്‍ ഒരു ബ്രിട്ടിഷ് ആണവ ഭൗതിക ശാസ്ത്രജ്ഞനാണ് ലൂയിസിനെ ദത്തെടുത്ത് ലണ്ടനിലേക്കു കൊണ്ടുപോയി പഠിപ്പിച്ചത്. അടുത്തമാസം നാലിന് വത്തിക്കാനില്‍ മദര്‍ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ലൂയിസിന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വത്തിക്കാനിലേക്കു പോവുന്നില്ല. കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം മദറിനെപ്പറ്റി ചലച്ചിത്രവും ചിത്രപ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച നന്ദന്‍ മള്‍ട്ടിപ്ലക്‌സില്‍ ആരംഭിക്കുന്ന മദര്‍ തെരേസ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹം നിര്‍മിച്ച ‘മദര്‍ തെരേസയും ഞാനും’ എന്ന 55 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
താന്‍ രണ്ടാനമ്മയായി കരുതുന്ന മദറിന്റെ ജീവിതമാണു ചിത്രത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മദറും കന്യാസ്ത്രീകളുമാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിയോ രോഗം ബാധിച്ച തന്നെ ചെറുപ്പത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രം അദ്ദേഹം സന്ദര്‍ശിച്ചു.
തന്റെ ബന്ധുക്കളെ അന്വേഷിച്ച് നഗരത്തിലും സമീപപ്രദേശങ്ങളിലും അദ്ദേഹം യാത്രചെയ്തു. ലണ്ടനിലെ പ്രശസ്തമായ ഹില്‍ഹൗസ് സ്‌കൂളിലും സൗത്ത് ഹംപ്ടണ്‍ സര്‍വകലാശാലയിലുമാണ് ലൂയിസ് പഠിച്ചത്. ആഗോള പോളിയോ നിര്‍മാര്‍ജന പദ്ധതിയുടെ യുനെസ്‌കോ അംബാസഡര്‍കൂടിയാണ് അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക