|    May 26 Fri, 2017 1:14 pm
FLASH NEWS

രക്തബന്ധുക്കളെ കാണാന്‍ അഞ്ച് പതിറ്റാണ്ടിനു ശേഷം അബ്ദുല്‍ ലത്തീഫ് മടങ്ങിയെത്തി

Published : 16th November 2015 | Posted By: SMR

കയ്പമംഗലം: രക്ത ബന്ധുക്കളെ കാണാന്‍ അഞ്ചു പതിറ്റാണ്ടിനു ശേഷം അബ്ദുല്‍ ലത്തീഫ് തിരിച്ചെത്തി. ചെന്ത്രാപ്പിന്നി സ്വദേശി കോലോത്തുംപറമ്പില്‍ സെയ്തുക്കുഞ്ഞിയുടെ മകന്‍ അബ്ദുല്ലത്തീഫ് 19ാം വയസ്സിലാണ് നാട് വിട്ട് മദ്രാസിലേക്ക് വണ്ടി കയറിയതാണ്. പിതാവിന്റെ മരണത്തോടെ പട്ടിണിയിലായ കുടുംബത്തെ കരകയറ്റാനുള്ള യാത്ര പക്ഷെ പതിറ്റാണ്ടുകള്‍ നീണ്ട ജീവിത യാത്രയാവുകയായിരുന്നു. ഒരു വര്‍ഷത്തോളം മദ്രാസില്‍ ജോലിചെയ്ത ശേഷം, കപ്പല്‍ മാര്‍ഗം ഇറാനിലെത്തിയ ലത്തീഫ് ഇവിടെ മൂന്നു വര്‍ഷവും ഇറാക്ക്, കുവൈത്ത് എന്നിവിടങ്ങളിലായി അഞ്ചു വര്‍ഷവും ജോലി ചെയ്തു. വീട്ടിലേക്ക് പണം അയച്ചു കൊടുത്തിരുന്നെങ്കിലും ഒരിക്കല്‍ പോലും നാട്ടിലെത്തിയിരുന്നില്ല. 1971 ഓടെ പാകിസ്താന്‍ കപ്പലില്‍ ജോലി ലഭിച്ച ലത്തീഫ് തൊട്ടടുത്ത വര്‍ഷം പാകിസ്താന്‍ പൗരത്വം സ്വീകരിച്ച് കറാച്ചിയില്‍ താമസമാക്കി. ഇതോടെ ജന്മനാടുമായുള്ള ബന്ധം വല്ലപ്പോഴും ലഭിക്കുന്ന കത്തുകള്‍ മാത്രമായി. ഇതിനിടെ കറാച്ചിയില്‍ സ്ഥിരതാമസമാക്കിയ തലശ്ശേരി കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചു. വല്ലപ്പോഴും മദ്രാസിലോ ബോംബെയിലോ കപ്പല്‍ അടുക്കുന്ന സമയത്ത് കത്തുകളും ട്രങ്ക് കോളുകളും വഴി വീട്ടുകാരെ അറിയിക്കും. അങ്ങനെ ഉമ്മ ബീവാത്തുവും ഏക സഹോദരന്‍ കുഞ്ഞുമുഹമ്മദും സഹോദരി ഫാത്തിമയും അവിടെയെത്തുമ്പോഴാണ് ലത്തീഫിന് അവരെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ജോലിയുമായി ബന്ധപ്പെട്ട് പലനാടുകളിലും ഭൂഘണ്ഡങ്ങളിലുമായി കപ്പലില്‍ യാത്ര തുടരുമ്പോള്‍ ഉറ്റവരുടെ വിയോഗം പോലും അറിയാന്‍ ലത്തീഫിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ 20 കൊല്ലം മുമ്പ് സഹോദരന്‍ അപകടത്തില്‍ മരിച്ചപ്പോഴും പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം ഉമ്മ മരണപ്പെട്ടപ്പോഴും നാട്ടിലെത്താന്‍ കഴിഞ്ഞില്ല.
വല്ലപ്പോഴുമൊരിക്കല്‍ ചാറ്റല്‍ മഴ മാത്രം ഉണ്ടാകുന്ന, പൊടി നിറഞ്ഞ കറാച്ചി കാലാവസ്ഥയില്‍ നിന്നും കേരളത്തിന്റെ നനുത്ത കാലാവസ്ഥയിലേക്കെത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതിയാണെന്ന് ലത്തീഫിന്റെ ഭാര്യ രുക്‌സാന പറയുന്നു. സഹോദരി ഫാത്തിമയെയും ബന്ധുക്കളെയും അവസാനമായി ഒരു നോക്കു കാണാന്‍ വീര്‍പ്പുമുട്ടലോടെ നാട്ടിലെത്തിയത് വെറുതെയായില്ലെന്ന് ലത്തീഫിന്റെ മുഖം വിളിച്ചു പറയുന്നു.
ഇമിഗ്രേഷന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്, പോലിസ് ഒഫിസുകളില്‍ മാസങ്ങളോളം കയറി ഇറങ്ങിയാണ് ഇവരുടെ സന്ദര്‍ശന കാര്യം ശരിയാക്കിയതെന്നും സഹായിച്ച എല്ലാ ഉദ്യോഗസ്ഥരോടും നന്ദിയുണ്ടെന്നും സുലൈമാന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day