|    Nov 21 Wed, 2018 7:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യോഗ്യതയില്‍ മാറ്റം വരുത്തിയത് സര്‍ക്കാര്‍

Published : 9th November 2018 | Posted By: kasim kzm

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ആശ്രിത നിയമനം നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീലിനെ കുരുക്കിലാക്കി കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബിന്റെ വിശദീകരണം. ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യതയില്‍ ബിടെക് ഉള്‍പ്പെടുത്തണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാരാണ് യോഗ്യതയില്‍ മാറ്റംവരുത്തിയതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൗത്ത്ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്ന കെ ടി അദീപ് ജനറല്‍ മാനേജരാവാന്‍ പരമയോഗ്യനാണ്. അപേക്ഷ നല്‍കിയ ഏഴുപേരില്‍ യോഗ്യതയുണ്ടായിരുന്നത് അദീപിന് മാത്രമായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദീപിനെ നിയമിച്ചത്. കോര്‍പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വേണ്ടിയാണ് നിയമനം നടത്തിയത്. നിയമനം വിവാദമാക്കിയതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ട്.
അതേസമയം ജനറല്‍ മാനേജര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തിയത് സര്‍ക്കാരാണ്. അദീപിന്റെ മികച്ച കരിയര്‍ ട്രാക്കും വിദ്യാഭ്യാസ യോഗ്യതയും കണക്കിലെടുത്താണ് നിയമനം നടത്തിയത്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിയമനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ല. സ്വകാര്യ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നല്‍കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. മന്ത്രി ബന്ധുവിന്റെ നിയമനത്തിനായി യോഗ്യതയില്‍ മാറ്റം വരുത്തിയ സമയത്ത് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡോ ചെയര്‍മാനോ ഉണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡാണ്. അതുകൊണ്ട് നിയമനം നല്‍കിയതില്‍ തെറ്റില്ല. അദീപിനെ ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എംഡി വി കെ അക്ബര്‍, ഡയറക്ടര്‍മാരായ സി കെ ഉസ്മാന്‍ഹാജി, കെ ടി അബ്ദുറഹിമാന്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss