|    Oct 15 Mon, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യോഗ്യതയില്‍ തീരുമാനം വൈകുന്നു : സഹകരണ ബാങ്കുകളില്‍ അപേക്ഷ നല്‍കാനാവാതെ ഉദ്യോഗാര്‍ഥികള്‍

Published : 25th September 2017 | Posted By: fsq

 

എച്ച് സുധീര്‍

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നു യോഗ്യത സംബന്ധിച്ച തീരുമാനം വൈകുന്നതിനാല്‍ പ്രാഥമിക സഹകരണ ബാങ്കുകളിലെ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡിന് വിജ്ഞാപനം വിളിക്കാനാവുന്നില്ല. ഇതേത്തുടര്‍ന്ന് സഹകരണ മേഖലയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുകയാണ്. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, ഹൗസിങ് സൊസൈറ്റികള്‍ എന്നീ സ്ഥാപനങ്ങളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്, കാഷിയര്‍ തസ്തിക മുതല്‍ ഉയര്‍ന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതു സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡ് വഴിയാണ്. ഇതു കൂടാതെ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള നിയമനം കൂടി കഴിഞ്ഞ സര്‍ക്കാര്‍ സഹകരണ പരീക്ഷാബോര്‍ഡ് വഴി നടത്താന്‍ അനുമതി നല്‍കി. 2016 ആഗസ്ത് 25ലെ ഉത്തരവു പ്രകാരം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിലേക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഈ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സര്‍ക്കാരിന്റെ രണ്ട് ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുറേക്കൂടി വ്യക്തത തേടുന്നതിലേക്കായി സഹകരണസംഘം രജിസ്ട്രാര്‍ മുഖാന്തരം സര്‍ക്കാരിലേക്ക് കത്തയച്ചു. എന്നാല്‍, നാളിതുവരെ കത്തിനു മറുപടി ലഭിച്ചിട്ടില്ല. ഏകദേശം 10 ഓളം ബാങ്കുകളാണ് ഈ തസ്തികകളിലേക്ക് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തത്. സര്‍ക്കാരിന്റെ 2016 ഫെബ്രുവരി രണ്ടിലെ ഉത്തരവുപ്രകാരം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അനുമതിയും സിലബസും അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത നാളിതുവരെ നിശ്ചയിച്ചിട്ടില്ല. ഇരുപതിലേറെ ബാങ്കുകളാണ് ഈ തസ്തികയില്‍ ഒഴിവുകള്‍ അറിയിച്ചത്്. എന്നാല്‍, യോഗ്യത സംബന്ധിച്ച് തടസ്സങ്ങളില്ലെന്നും സഹകരണവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ വി സതീന്ദ്രകുമാര്‍ പറഞ്ഞു. ഓരോ തസ്തികകള്‍ക്ക് പിഎസ്‌സി അംഗീകരിച്ച യോഗ്യതയുണ്ട്. എന്നാല്‍, ചില ജില്ലകളില്‍ മറ്റുചില യോഗ്യതകള്‍ ജോയിന്റ് രജിസ്ട്രാറില്‍ നിന്നും എഴുതിവാങ്ങിയിരുന്നു. ഇതൊഴിവാക്കി പൊതുവായൊരു യോഗ്യത നിശ്ചയിക്കുന്നതിനാണു കാത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പ്രാഥമിക സഹകരണ ബാങ്കുകളിലെ ക്ലാസ് ഫോര്‍ തസ്തികയിലെ  നിയമനം കൂടി സംസ്ഥാന പരീക്ഷാ ബോര്‍ഡ് വഴിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ തസ്തികകളില്‍ അംഗീകാരമില്ലാത്ത ഏജന്‍സികളെ ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ നേരിട്ടാണ് നിയമനം നടത്തുന്നത്. ഈ നിയമനങ്ങള്‍ നിരവധി ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കുന്ന പശ്ചാത്തലത്തിലാണു പുതിയ ആവശ്യമുയര്‍ന്നിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss