|    Sep 25 Tue, 2018 2:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

യോഗ്യതയില്ല: മാപ്പിളകലകളിലെ വിധികര്‍ത്താക്കളെച്ചൊല്ലി ആക്ഷേപം

Published : 23rd January 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ മാപ്പിളകലകളിലെ വിധികര്‍ത്താക്കളെച്ചൊല്ലി വ്യാപക ആക്ഷേപം. വിവിധ മാപ്പിളകലകളില്‍ ഇക്കുറി വിധികര്‍ത്താവായി ഇരുന്നവര്‍ അതത് കലകളില്‍ വിദഗ്ധരല്ലെന്നാണ് പ്രധാന വിമര്‍ശനം. ഫൈസല്‍ എളേറ്റില്‍, പ്രഫ. മുഹമ്മദ്, നജ്മ ഹസന്‍ തുടങ്ങിയവരായിരുന്നു ഒപ്പനയിലെ വിധികര്‍ത്താക്കള്‍. പ്രഫ. മുഹമ്മദ് കോല്‍ക്കളിയില്‍ മാത്രമാണ് വിദഗ്ധന്‍. അദ്ദേഹത്തെ ഒപ്പനയില്‍ വിധികര്‍ത്താവാക്കി. ഫൈസല്‍ എളേറ്റില്‍, നജ്മ ഹസന്‍ എന്നിവര്‍ മാപ്പിളപ്പാട്ടില്‍ മാത്രമാണ് കഴിവ് തെളിയിച്ചവര്‍. ഒപ്പനയുമായി കൂടുതല്‍ ബന്ധമുള്ളവര്‍ വിധികര്‍ത്താക്കളായി ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം. ദഫ്മുട്ടില്‍ ലത്തീഫ് കൊയിലാണ്ടി, സബാഹ് വണ്ടൂര്‍, ഖാദര്‍ മാസ്റ്റര്‍ കണ്ണൂര്‍, ഷംസുദ്ദീന്‍ ചെട്ടിപ്പടി, ഹസന്‍ നെടിയനാട്, സലാം കൊല്ലം എന്നിവരാണ് വിധികര്‍ത്താക്കളായി വന്നവര്‍. ഇതില്‍ സബാഹ് വണ്ടൂര്‍, ഖാദര്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ദഫ്മുട്ടുമായി ബന്ധമില്ലെന്നാണ് ആക്ഷേപം. ഉര്‍ദു അധ്യാപകരാണ് ഇരുവരും. ലത്തീഫ് കൊയിലാണ്ടിയും ഷംസുദ്ദീനും കോല്‍ക്കളിയില്‍ വിദഗ്ധരാണ്. ഇവരെ നിയോഗിച്ചതാവട്ടെ ദഫ്മുട്ടിലും. മാപ്പിളപ്പാട്ട് രചയിതാവാണ് ഹസന്‍ നെടിയനാട്. സലാം കൊല്ലവും സി ടി മുഹമ്മദും അറബി അധ്യാപകര്‍ മാത്രമാണ്. ദഫ്മുട്ടില്‍ പ്രഗല്‍ഭര്‍ ഉണ്ടായിരുന്നില്ലെന്നു മാത്രം. മാപ്പിളപ്പാട്ടില്‍ അബൂബക്കര്‍ പുലാമന്തോള്‍, സബാഹ് വണ്ടൂര്‍, സലാം കൊല്ലം, ഫൈസല്‍ എളേറ്റില്‍ എന്നിവരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. പുലാമന്തോള്‍ അബൂബക്കറിനു കാഴ്ചയും കേള്‍വിയും നന്നേ കുറവാണ്. ഫൈസല്‍ എളേറ്റിലിനു മാത്രമാണ് മാപ്പിളപ്പാട്ടുമായി ബന്ധമുള്ളത്. അറബനമുട്ടില്‍ റഊഫ് ആനമങ്ങാട്, ഹസന്‍ നെടിയനാട്, സലാം കൊല്ലം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഇതില്‍ റഊഫ് ഹിന്ദി അധ്യാപകനാണ്. 10 ദിവസത്തെ മാപ്പിളകലാ കോഴ്‌സില്‍ കോല്‍ക്കളി പഠിച്ചു എന്നതാണ് ഇദ്ദേഹത്തിന്റെ അറബനമുട്ട് യോഗ്യത. വട്ടപ്പാട്ടില്‍ ഫിറോസ് ബാബു, ബാപ്പു വെള്ളിപറമ്പ്, ലത്തീഫ് കൊയിലാണ്ടി എന്നിവരായിരുന്നു വിധി നിര്‍ണയിച്ചത്. ഫിറോസ് ബാബുവും ബാപ്പു വെള്ളിപറമ്പും മാപ്പിളപ്പാട്ട് വിദഗ്ധര്‍ മാത്രം. വട്ടപ്പാട്ടുമായി ബന്ധമുള്ളവരല്ല ഇവര്‍. കോല്‍ക്കളിയില്‍ വിദഗ്ധനായ ലത്തീഫ് കൊയിലാണ്ടിയെ നിര്‍ത്തിയത് വട്ടപ്പാട്ടില്‍. മാപ്പിളകലകള്‍ക്കുള്ള വിധികര്‍ത്താക്കളെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഫലമോ പങ്കെടുത്ത എല്ലാവര്‍ക്കും എ ഗ്രേഡ് വാരിക്കോരി നല്‍കലും. കഴിഞ്ഞ സംസ്ഥാന കലോല്‍സവത്തില്‍ ഒപ്പന മല്‍സരത്തില്‍ രണ്ടു തവണ കുട്ടികള്‍ കളിക്കിടയില്‍ വീണ ടീമിനാണ് ഒന്നാം സ്ഥാനം നല്‍കിയത്. ഇത് വിവാദമായതോടെ ആ വിധികര്‍ത്താവിനെ ഇത്തവണ മാറ്റിനിര്‍ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss