|    Jan 18 Wed, 2017 3:52 pm
FLASH NEWS
Home   >  Sports  >  Others  >  

യോഗേശ്വറിന് വെള്ളിമെഡല്‍ യോഗം

Published : 31st August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ പഴികേട്ട ഇന്ത്യന്‍ സംഘത്തിന് ആഹ്ലാദമേകി അപ്രതീ ക്ഷിത വെള്ളി മെഡല്‍ നേട്ടം. എന്നാല്‍ റിയോയിലേതല്ല 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് പുരുഷവിഭാഗം ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് ഇന്ത്യക്കു സമ്മാനിച്ച വെങ്കലമാണ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിയായത്.
അന്ന് 60 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ റണ്ണറപ്പായ റഷ്യന്‍ താരം ബെസിക് കുദുക്കോവ് ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതോടെയാണ് യോഗേശ്വറിന് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. വെള്ളി മെഡല്‍ ലഭിച്ച കാര്യം യോഗേശ്വര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അന്താരാഷ്ട്ര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയാണ് (വാഡ) 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലെയും 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലെയും സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍ നിരോധിത മരുന്ന് കുദുക്കോവ് ഉപയോഗിച്ചതായി തെളിയുകയായിരുന്നു. കുദുക്കോവിനെക്കൂടാതെ മറ്റു ചില അത്‌ലറ്റുകളും പരിശോധനയില്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഇന്നലെ രാവിലെയാണ് ലണ്ടനില്‍ തനിക്കു ലഭിച്ച വെങ്കല മെഡല്‍ വെള്ളിയായ കാര്യം അറിയാന്‍ കഴിഞ്ഞതെന്ന് യോഗേശ്വര്‍ പറഞ്ഞു. ഈ മെഡല്‍ രാജ്യത്തെ എല്ലാവര്‍ക്കുമാണ് സമര്‍പ്പിക്കുന്നതെന്നും 33 കാരനായ ഹരിയാന താരം കൂട്ടിച്ചേര്‍ ത്തു.
2012ലെ ലണ്ടനില്‍ വെങ്കല മെഡലിനുവേണ്ടിയുള്ള പ്ലേഓഫ് മല്‍സരത്തില്‍ ഉത്തര കൊറിയയുടെ റി ജോങ് മ്യോങിനെയാണ് യോഗേശ്വര്‍ മല ര്‍ത്തിയടിച്ചത്. ഇന്നലെ വെള്ളി മെഡലിന് അവകാശിയായതോടെ ലണ്ടന്‍ ഒളിംപിക്‌സി ല്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി യോഗേശ്വര്‍ മാറി. അന്ന് നാട്ടുകാരന്‍ കൂടിയായ സുശീല്‍ കുമാറിന്റെ വകയായിരുന്നു ഇന്ത്യയുടെ വെള്ളി മെഡല്‍.
ലണ്ടന്‍ ഒളിംപിക്‌സില്‍ പ്രീക്വാര്‍ട്ടറില്‍ കുദുക്കോവിനോട് യോഗേശ്വര്‍ പരാജയപ്പെട്ടിരുന്നു. ആധുനിക ഗുസ്തിയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് കുദുക്കോവ് വാഴ്ത്തപ്പെടുന്നത്. രണ്ടു വ്യത്യസ്ത ഭാരവിഭാഗങ്ങളില്‍ നാലു തവണ ലോക ചാംപ്യനാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2007 മുതല്‍ 11 വരെ പങ്കെടുത്ത മുഴുവന്‍ ലോക ചാംപ്യന്‍ഷിപ്പുകളിലും കുദുക്കോവ് മെഡല്‍ നേടുകയും ചെയ്തു.
2006ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയതോടെയാണ് 20കാരനായ കുദുക്കോവ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. 2007ല്‍ യൂറോപ്യന്‍ ചാംപ്യനാവുകയും ചെയ്ത താരം 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും കരസ്ഥമാക്കി.
2013 ഡിസംബര്‍ 29ന് കിഴക്കന്‍ റഷ്യയില്‍ നടന്ന ഒരു കാറപകടത്തില്‍ കുദുക്കോവ് കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക