|    Apr 20 Fri, 2018 2:18 pm
FLASH NEWS
Home   >  Editpage  >  Editorial  >  

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയാവുമ്പോള്‍

Published : 20th March 2017 | Posted By: fsq

 

സംഘപരിവാരം പ്രതിനിധീകരിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമുഖങ്ങളിലൊന്നായി പൊതുവേദികളില്‍ നിറഞ്ഞുനില്‍ക്കാറുള്ള യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലഖ്‌നോയില്‍ ചേര്‍ന്ന ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് 44കാരനായ യോഗി ആദിത്യനാഥിനെ യുപിയുടെ 32ാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ആദിത്യനാഥിന്റെ കടന്നുവരവ് സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായ ചര്‍ച്ചയ്ക്കു വിഷയീഭവിച്ചതായി കാണുന്നു. ഗുരുതരമായ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട, വാ തുറന്നാല്‍ മുസ്‌ലിംകള്‍ക്കെതിരേ വിഷം തുപ്പുന്ന ഒരാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നതിലുള്ള അവിശ്വസനീയതയാണ് ഏതാണ്ടെല്ലാ പ്രതികരണങ്ങളിലും പൊതുവേ നിഴലിക്കുന്നത്. ഇതിനേക്കാള്‍ മികച്ചതെന്തോ ബിജെപിയില്‍ നിന്നു പ്രതീക്ഷിക്കാന്‍ മാത്രം ശുദ്ധഗതി ഇപ്പോഴും ആളുകള്‍ക്ക് ഉണ്ടാകുന്നുവെന്നതാണ് യഥാര്‍ഥത്തില്‍ കൂടുതല്‍ അവിശ്വസനീയമായി തോന്നുന്നത്. കാരണം, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഊന്നല്‍ നല്‍കി നടത്തിയ പ്രചാരണത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ പ്രതീക്ഷയല്ല ബിജെപിയെ യുപിയില്‍ അധികാരത്തിലെത്തിച്ചത്. മറിച്ച്, 39 ശതമാനം വോട്ടര്‍മാരും, പുതിയ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും അടക്കമുള്ള ബിജെപി നേതാക്കള്‍ ഇളക്കിവിട്ട മുസ്‌ലിംകള്‍ക്കെതിരായ വികാരവിക്ഷോഭങ്ങളില്‍ ആവേശിതരായി അവര്‍ക്കു വോട്ട് ചെയ്തവരാണ്. തങ്ങള്‍ പട്ടിണി കിടന്നാലും ബാങ്കുകള്‍ക്കു മുമ്പില്‍ വെയിലേറ്റ് തളര്‍ന്നുവീണാലും അതൊന്നും പ്രശ്‌നമാക്കാതെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ചപലതന്ത്രങ്ങളില്‍ കുടുങ്ങി സ്വന്തം സമ്മതിദാനാവകാശം നിഷ്ഫലമാക്കിയ ഒരു ജനതയുടെ ഭരണസാരഥ്യമേല്‍ക്കാന്‍ യോഗി ആദിത്യനാഥിനേക്കാള്‍ യോഗ്യനായി മറ്റാരുണ്ട്! ചേരയെ തിന്നാനുറച്ചവര്‍ക്ക് അതിന്റെ നടുക്കഷണം തന്നെയാവുന്നതാണ് കൂടുതല്‍ നല്ലത്. കാമക്രോധമോഹാദികളില്‍ നിന്നെല്ലാം മുക്തമായി ജീവിച്ച താപസന്മാരായ യോഗിവര്യന്മാരില്‍ നിന്ന്, മുസ്‌ലിം സ്ത്രീകളുടെ മൃതദേഹങ്ങള്‍ അവരുടെ കുഴിമാടങ്ങളില്‍ നിന്നു മാന്തിയെടുത്തു അപമാനിക്കണമെന്നു പറയുന്ന യോഗി ആദിത്യന്മാരിലേക്ക് രാജ്യം നടന്നെത്തുമ്പോള്‍ ആ വഴിയുടെ അനന്തവിദൂരത തിട്ടപ്പെടുത്താനാവാതെ വഴിവക്കില്‍ കുട്ടിയും കോലും കളിച്ച് സമയം കളയുകയാണ് രാജ്യത്തെ മതേതര പുംഗവന്മാര്‍. ബോധപൂര്‍വം കത്തിച്ചുവച്ച വെറുപ്പിന്റെ ഹോമകുണ്ഡങ്ങള്‍ക്കു മുമ്പില്‍ ആസന്നബലിയായി നില്‍ക്കുന്ന മനുഷ്യജീവിതങ്ങളുടെ വേവലാതികള്‍ നമ്മുടെ മതേതര അജണ്ടകളില്‍ സ്ഥാനംപിടിക്കുമെന്നു പ്രതീക്ഷിക്കുന്നത് വെറുതെയാവും. അതിനാല്‍, ആരോ ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴികളാണ് തങ്ങളെന്ന് സ്വയം കരുതാതിരിക്കലാണ് സ്വതന്ത്ര സമൂഹങ്ങള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭികാമ്യം. മനുഷ്യവിരുദ്ധമായ ഈ രാഷ്ട്രീയ-സാംസ്‌കാരിക ജീര്‍ണതയില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് അവര്‍ പ്രകടിപ്പിക്കേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss