|    Jul 22 Sun, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യോഗി അധികാരമേറ്റ ശേഷം 420 ഏറ്റുമുട്ടലുകള്‍

Published : 17th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ സംസ്ഥാന പോലിസ് നടത്തിയത് 420 ഏറ്റുമുട്ടലുകള്‍. മാര്‍ച്ച് 20 മുതല്‍ സപ്തംബര്‍ 14 വരെ നടന്ന ഏറ്റുമുട്ടലുകളില്‍ 15 പേര്‍ കൊലപ്പെട്ടതായും സംസ്ഥാന ഡിജിപി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.  ഇതില്‍ 10 പേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ 48 ദിവസത്തിനുള്ളിലാണ്. അക്രമിസംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെടുകയും 88 പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും പോലിസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഡിജിപി ആസ്ഥാനത്തെ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥന്റെ ചുമതലയുള്ള രാഹുല്‍ ശ്രീവാസ്തവ പറഞ്ഞു. ട്വിറ്റര്‍ വഴിയാണു ശ്രീവാസ്തവ വിശദീകരണം നല്‍കിയിരിക്കുന്നത്. കുറ്റവാളികളെന്ന് ആരോപണം ഉയര്‍ന്ന 10 പേരെ 48 ദിവസത്തിനകം കൊലപ്പെടുത്താന്‍ കഴിഞ്ഞ—ത് വലിയ നേട്ടമായാണ് ഉത്തര്‍പ്രദേശ് പോലിസ് അവകാശപ്പെടുന്നത്. ചിത്രകൂടില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജയ പ്രകാശ് സിങ് എന്ന സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി ഓഫിസ് പുറത്തുവിട്ട രേഖയില്‍ പറയുന്നുണ്ട്. ശ്രീവാസ്തവയുടെ ട്വിറ്റര്‍ വിശദീകരണം വിവാദമായതോടെ, ഐജി (ക്രമസമാധാനം) ഹരി റാം ശര്‍മയും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഈ ഏറ്റുമുട്ടലുകള്‍ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈ കണക്ക് അന്തിമമല്ല, ഇപ്പോള്‍ അഞ്ചായി എന്നാണ് സപ്തംബര്‍ 12ന് ശ്രിവാസ്തവ ട്വിറ്ററില്‍ കുറിച്ചത്. 12,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജു ഷാമിലിയില്‍ വച്ച് ബുള്ളറ്റിന് ഇരയായി, മറ്റൊരാള്‍ മുസഫര്‍നഗറില്‍ വച്ച് ബുള്ളറ്റിനാല്‍ പരിക്കേറ്റു എന്നായിരുന്നു ശ്രീവാസ്തവയുടെ ട്വിറ്റര്‍ സന്ദേശം.  അതേസമയം മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍  പരാമര്‍ശങ്ങള്‍ നിഷേധിച്ച ശ്രീവാസ്തവ വിശദീകരണങ്ങള്‍ക്ക് ഡിജിപിയെ ബന്ധപ്പെടാനും നിര്‍ദേശിക്കുകയായിരുന്നു. ഏറ്റുമുട്ടലുകള്‍ക്കിടെ പോലിസ് 1106 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 84 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  54 പേര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തതായും 69 പേരുടെ സ്വത്ത് യുപി ഗ്യാങ്സ്റ്റര്‍ ആന്റ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്റ്റ് പ്രകാരം കണ്ടുകെട്ടിയതായും ശര്‍മ വിശദീകരിക്കുന്നു. കുറ്റവാളികള്‍ പ്രതിരോധം തീര്‍ക്കാതെ കീഴടങ്ങില്ലെന്നും അപ്പോള്‍ പോലിസിനു വെടിയുതിര്‍ക്കേണ്ടിവരുമെന്നുമാണ് ശര്‍മയുടെ ന്യായീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss