|    Dec 15 Sat, 2018 7:25 pm
FLASH NEWS
Home   >  Dont Miss   >  

യോഗിയുടെ ജയിലില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട് 12 വയസുകാരന്‍ വരെ; യഥാര്‍ത്ഥ കുറ്റം ദലിത് സമുദായത്തില്‍ പിറന്നത്

Published : 5th June 2018 | Posted By: mtp rafeek


മീററ്റ്: ബിജെപിയുടെ യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദലിതുകള്‍ക്കെതിരായ വിവേചനവും അതിക്രമമവും തുടര്‍ക്കഥ. ഗുരുതര കുറ്റങ്ങള്‍ ചുമത്തി 12 വയസുവരെ പ്രായമുള്ള ദലിത് ബാലന്‍മാരെ ജയിലിലടച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 15 വയസില്‍ താഴെ പ്രായമുള്ള അഭിഷേക്, സച്ചിന്‍, അജയ് എന്നിവര്‍ കഴിഞ്ഞ രണ്ടു മാസമായി ജയിലില്‍ കിടക്കുന്നതിന്റെ വിവരങ്ങള്‍ ദി വയര്‍ ആണ് പുറത്തുവിട്ടത്. ദലിത് അതിക്രമ വിരുദ്ധ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന സുപ്രിം കോടതി ഉത്തരവിനെതിരേ ഏപ്രില്‍ 2ന് നടന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ടാണ് മീറത്ത് ജില്ലയില്‍ നിന്നുള്ള നിരവധി ദലിത് ബാലന്‍മാരെ പോലിസ് പിടികൂടിയത്. പലരെയും പ്രായം കൂട്ടിയെഴുതിയാണ് കൊലപാതകം, കൊള്ള, കൊള്ളിവയ്പ്പ് തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചാര്‍ത്തി ജയിലില്‍ തള്ളിയതെന്ന് കുടുംബം ആരോപിക്കുന്നു.

15 വയസുള്ള സച്ചിന്‍ മീററ്റിലെ സെന്റ് ദേവാശ്രം സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. ഏപ്രില്‍ രണ്ടിനാണ് പോലിസ് സച്ചിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പോലിസ് രേഖകളില്‍ 20 വയസാണ് സച്ചിന്. കൊലപാതകം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി രണ്ട് മാസമായി മകന്‍ ജയിലിലാണെന്ന് പിതാവ് ധരംവീര്‍ സിങും 60 വയസുള്ള മാതാവ് രാമേശ്വരിയും പറയുന്നു. മുന്ന് മക്കളില്‍ ഏറ്റവും ഇളയവനാണ് സച്ചിന്‍. അധ്യാപകനോട് കോച്ചിങ് ക്ലാസിനെക്കുറിച്ച് സംസാരിക്കാന്‍ പോയ സമയത്താണ് പോലിസ് അനെ പിടികൂടിയതെന്ന് ധരംവീര്‍ പറയുന്നു. യാദവനാണോ ചമാര്‍(ദലിത് വിഭാഗത്തില്‍പ്പെടുന്ന ജാതി) ആണോ എന്ന് അന്വേഷിച്ച ശേഷമായിരുന്നു പോലിസ് അറസ്റ്റ് ചെയ്തതെന്ന് ധരംവീര്‍ പറയുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ടു എന്നതു മാത്രമാണ് മകന്‍ ചെയ്ത തെറ്റ്. 3000-4000 രൂപയാണ് തന്റെ കുടുംബത്തിന്റെ മാസ വരുമാനം. മകന്‍ പഠിച്ച്  നല്ല നിലയിലെത്തിയാല്‍ കുടുംബത്തിന് തുണയാകുമെന്ന് കരുതിയിരുന്നു. എന്നാല്‍, ജീവിത കാലം മുഴുവന്‍ അവനെ ജയിലിലിട്ട് വിദ്യാഭ്യാസം തകര്‍ക്കാനാണ് അധികാരികളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സച്ചിന്റെ പിതാവ് ധരംവീര്‍ സിങ്

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ കാര്‍ഡിലും സച്ചിന്റെ ജനന തിയ്യതി 2003 ആഗസ്ത് 25 ആണ്. എന്നാല്‍, റിമാന്റ് റിപോര്‍ട്ടില്‍ പോലിസ് സച്ചിന് നല്‍കിയിരിക്കുന്ന പ്രായം 20 ആണ്. എല്ലാ രേഖകളും ഹാജരാക്കിയിട്ടും സച്ചിന്‍ ജുവനൈല്‍ ആണെന്ന് സമ്മതിക്കാന്‍ പോലിസ് തയ്യാറായില്ല.

കല്യാണ്‍ഗഡിലെയും സരൈക്കാസിയിലെയും ദലിത് ക്വാര്‍ട്ടേഴ്‌സിലുള്ള ഓരോ കുടുംബത്തിലും മകനോ സഹോദരനോ ഒക്കെ ഏപ്രില്‍ 2ലെ ബന്തുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. ഭിന്നശേഷിക്കാരിയായ രോഷിനിയുടെ മകന്‍ അജയിന് 14 വയസ്സ് മാത്രമാണ് പ്രായം. ഭര്‍ത്താവ് നേരത്തേ മരിച്ചു. ഏപ്രില്‍ 2ന് മരുന്ന് വാങ്ങാന്‍ പോയ അജയ് പിന്നീട് തിരിച്ചുവന്നിട്ടില്ലെന്ന് രോഷ്‌നി പറഞ്ഞു. പോലിസ് അജയിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. ദിവസങ്ങള്‍ക്കു ശേഷമാണ് മകനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചത്. ഒരു മരത്തിന് കീഴിലിരുന്ന കരയുകയായിരുന്ന അവന്‍ തന്നെ എത്രയും പെട്ടെന്ന് പുറത്തിറക്കണമെന്ന് അപേക്ഷിക്കുയാണ്.

അജയിന്റെ മാതാവ് രോഷ്‌നി

ജയിലില്‍ കിടക്കുന്ന അഭിഷേകിന് പ്രായം 12. 35 വയസുള്ള സുന്ദരിയുടെ മകനാണ്. ഏപ്രില്‍ 2ന് സമീപത്തുള്ള ചൗധരി ചരണ്‍ സിങ് യൂനിവേഴ്‌സിറ്റിക്ക് സമീപം വെള്ളം കുടിക്കാന്‍ പോയതായിരുന്നു അഭിഷേക്. അവിടെയെത്തിയ പോലിസ് ജാതി ചോദിച്ചാണ് അഭിഷേകിനെ പിടികൂടിയത്. മകനെ പിടികൂടിയത് എന്ത് കുറ്റത്തിനാണന്ന് ഇപ്പോഴും അറിയില്ലെന്ന് സുന്ദരി പറയുന്നു.

ആധാര്‍ കാര്‍ഡ് പ്രകാരം മൂന്ന് കുട്ടികളും ജുവനൈലാണ്. എന്നാല്‍, എഫ്‌ഐആറില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെതിരേ ഒരേ രൂപത്തിലുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കലാപം, സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കല്‍, കൊലപാതക ശ്രമം, കൊള്ള, സമാധാന ഭംഗം വരുത്തല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമേ കുറേക്കൂടി ഗുരുതരമായ പൊതുസ്വത്ത് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കുട്ടികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

അഭിഷേകിന്റെ മാതാവ് സുന്ദരി

12 വയസുള്ള കുട്ടികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എങ്ങിനെ ചുമത്താനാവുമെന്ന് അഭിഭാഷകന്‍ സതീഷ് കുമാര്‍ ചോദിക്കുന്നു. പോലിസ് ദലിത് വിഭാഗത്തില്‍പ്പെട്ടവരെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. ബിജെപിയും ആര്‍എസ്എസും പോലിസും ജുഡീഷ്യറിയുമായി ചേര്‍ന്ന് നിരപരാധികളെ കുടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എഫ്‌ഐആറില്‍ കുട്ടികളുടെ ജാതി രേഖപ്പെടുത്തിയത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 2ന് നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മേല്‍ ജാതിക്കാരെ മുഴുവന്‍ അധികം വൈകാതെ വിട്ടയച്ചതായി സാമൂഹിക പ്രവര്‍ത്തകനും ദലിത് നേതാവുമായ സൂശീല്‍ ഗൗതം പറഞ്ഞു.

നേരത്തേ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് എല്ലാവരെയും അറസ്റ്റ് ചെയ്തതെന്നും വിഷയത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മീററ്റ് എസ്പി ശിവറാം യാദവ് പ്രതികരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss