|    Oct 23 Tue, 2018 8:50 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘യോഗാ സെന്ററി’ലെ പീഡനങ്ങള്‍ക്ക് നാട്ടുകാര്‍ സാക്ഷികള്‍

Published : 27th October 2017 | Posted By: fsq

ഭാഗം രണ്ട്

തയ്യാറാക്കിയത്:നഹാസ് ആബിദീന്‍ നെട്ടൂര്‍

ഏകോപനം: എം ടി പി റഫീക്ക്

തൃപ്പൂണിത്തുറ ഉദയംപേരൂര്‍ കണ്ടനാട് മാര്‍ത്താമറിയം പള്ളിക്കു സമീപം പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ അകത്തേക്കു കയറിയുള്ള ഒരു ഇരുനില വീട്. പുറത്ത് ശിവശക്തി യോഗാ സെന്റര്‍ എന്ന പേരില്‍ ബോര്‍ഡ് കാണാം.

സമീപവാസികളോട് ഒരുതരത്തിലുള്ള ബന്ധവും ഇല്ലാതെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. യോഗാ സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ബന്ധിത മതംമാറ്റ കേന്ദ്രത്തിന്റെ സമീപം താമസിക്കുന്നവര്‍ അവിടെ നടക്കുന്ന ദുരൂഹതകളെക്കുറിച്ച് തേജസിനോട് പറഞ്ഞു.

വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ എത്താറുള്ളത്. എപ്പോഴും വാതിലുകളും ജനാലകളും അടച്ചിടും. രാത്രികാലങ്ങളിലാണ് വാഹനങ്ങളില്‍ പെണ്‍കുട്ടികളെ കൊണ്ടുവരുക. ഒരിക്കല്‍ കാറില്‍നിന്നിറങ്ങിയ പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ചോദ്യംചെയ്തിരുന്നു. അപ്പോള്‍ കൂടെയുള്ളത് മാതാപിതാക്കളാണെന്നു പറഞ്ഞ് അവിടെയുള്ള വനിതാ ജീവനക്കാര്‍ തടിയൂരി.ചിലപ്പോള്‍ പെണ്‍കുട്ടികള്‍ കെട്ടിടത്തിന് വെളിയില്‍ നില്‍ക്കുന്നതു കാണാം. അപ്പോഴേക്കും ജീവനക്കാര്‍ ചേര്‍ന്ന് അവരെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോവും.

രാത്രികളില്‍ പെണ്‍കുട്ടികള്‍ അലറിവിളിച്ചു പുറത്തേക്ക് ഓടുന്നത് സ്ഥിരം സംഭവമായി മാറിയപ്പോള്‍ പീഡനകേന്ദ്രത്തിന്റെ അയല്‍പക്കത്തുള്ള സ്ത്രീയുടെ നേതൃത്വത്തില്‍ അയല്‍വാസികള്‍ ചേര്‍ന്ന് ഒരു ദിവസം ചോദ്യംചെയ്തിരുന്നു. രാത്രി പുറത്തേക്കോടിയ പെണ്‍കുട്ടിയെ റോഡില്‍ വച്ച് ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിക്കുന്നതു കണ്ടാണ് നാട്ടുകാര്‍ ചോദ്യംചെയ്തത്. കേന്ദ്രത്തിലേക്ക് രണ്ടു വഴികളുണ്ട്.

ഇടവഴിയിലൂടെ രാത്രിസമയങ്ങളില്‍ അപരിചിതര്‍ വരാറുണ്ട്. വരുന്നവരെ നാട്ടുകാര്‍ ചോദ്യംചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം യോഗ പഠിക്കാനാണെന്നു മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു. നാട്ടുകാരെ തന്നെ അദ്ഭുതപ്പെടുത്തിയ കാര്യമാണ് കേന്ദ്രത്തിനെതിരേ വെളിപ്പെടുത്തല്‍ വന്നതിനുശേഷം 45 പെണ്‍കുട്ടികളെ ഒന്നിച്ച് പുറത്തേക്കെത്തിച്ചത്. അയല്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ലേബര്‍ ക്യാംപില്‍ നല്‍കുന്നതുപോലെയുള്ള പരിഗണനയാണ് ഇവിടെ പെണ്‍കുട്ടികള്‍ക്കു ലഭിക്കുന്നത്. തൃപ്പൂണിത്തുറ മേക്കരയില്‍ ഒരു രണ്ടുനില വീട് കൂടി വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളെ മേക്കരയിലെ കേന്ദ്രത്തില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കൊണ്ടുപോവാറുണ്ടെന്ന് ഓട്ടോ തൊഴിലാളികളും വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികളെ അര്‍ധബോധാവസ്ഥയിലാണ് കണ്ടിട്ടുള്ളതെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു. പല സമയങ്ങളിലും വലിയ ശബ്ദത്തില്‍ സംഗീതം കേള്‍ക്കാറുണ്ട്. കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, വിവാദ കേന്ദ്രം അടച്ചുപൂട്ടണമെന്നും ഇതിന്റെ പിറകില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും ആറന്മുള സ്വദേശിയുമായ പ്രതീഷ് വിശ്വനാഥാണെന്നും ആരോപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ യോഗാ കേന്ദ്രത്തിനു സമീപം പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഇയാള്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണു നാട്ടുകാരുടെ ആരോപണം. ഉത്തരേന്ത്യയില്‍നിന്നടക്കം മതംമാറി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ച് മയക്കുമരുന്ന് നല്‍കി ബുദ്ധി മരവിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉണ്ടെന്നുള്ള വിവരം രണ്ടു വര്‍ഷം മുമ്പ് കോബ്രാപോസ്റ്റ് സ്റ്റിങ് ഓപറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. അതിന് ഡോക്ടര്‍മാര്‍ അടക്കം കൂട്ടുനില്‍ക്കുകയാണെന്നു വെളിവായിട്ടും ആ ദിശയില്‍ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.

കേന്ദ്രത്തിന് പോലിസിന്റെ സംരക്ഷണമുണ്ടെന്നത് പുതിയ സംഭവങ്ങളിലും വ്യക്തമാണ്. പരിശോധനയ്‌ക്കെത്തിയ ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് ഈ കേന്ദ്രം ലേബര്‍ ക്യാംപ് പോലെയാണെന്നു വ്യക്തമാക്കിയിരുന്നു. ബെഡ്ഡുകള്‍ അട്ടിയിട്ട നിലയിലായിരുന്നു. സ്ത്രീകള്‍ക്കു ലഭിക്കേണ്ട ഒരു സ്വകാര്യതയും സൗകര്യവും ഇവിടെയില്ലെന്നും കെട്ടിടനിര്‍മാണ നിയമങ്ങള്‍ക്കു വിരുദ്ധമായാണു പ്രവര്‍ത്തനമെന്നും കണ്ടെത്തിയിരുന്നു. പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ അനുമതിയില്ലാതെയാണ് അനധികൃതമായി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും ഹൈക്കോടതിയില്‍ യോഗാ കേന്ദ്രത്തിനെതിരേ പഞ്ചായത്ത് കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും ജോണ്‍ ജേക്കബ് തേജസിനോട് വെളിപ്പെടുത്തി.

പൂട്ടരുതെന്ന് കോടതി ഉത്തരവുള്ളതിനാലാണ് യോഗാ കേന്ദ്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയല്‍വാസികളായ പലര്‍ക്കും കേന്ദ്രത്തിനെതിരേ പരാതി പറയാന്‍ ഭയമാണ്. പോലിസ് ഇവര്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുന്നതാണു കാരണം.

ഭാഗം മൂന്ന്
ഉദയംപേരൂരില്‍ നിന്ന് പിടിച്ചെടുത്തത് നിരവധി രേഖകള്‍

ഒന്നാം ഭാഗം ഇവിടെ വായിക്കാം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss