|    Nov 16 Fri, 2018 7:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യോഗാ പീഡനകേന്ദ്രം ഹൈക്കോടതിയില്‍ പുതിയ ഹരജി

Published : 3rd November 2017 | Posted By: fsq

 

കൊച്ചി: ഇതര മതത്തില്‍ പെട്ടയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തില്‍ യുവതി പീഡനത്തിന് ഇരയായെന്നും സമ്മര്‍ദം മൂലമാണ് തന്നെ വിവാഹം കഴിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചതെന്നും ചൂണ്ടിക്കാട്ടി യുവാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ ധര്‍മടം സ്വദേശി ഷുഹൈബാണ് ഹൈക്കോടതി മുമ്പ് പരിഗണിച്ച തന്റെ ഹേബിയസ് കോര്‍പസ് ഹരജിയിലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. തന്നെ വിവാഹം കഴിക്കാന്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ജനുവരി ഒന്നിന് തന്റെ പ്രണയിനിയായ അഷിതയെ ആര്‍എസ്എസുകാരും ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. അനൂപ് കുമാര്‍ എന്ന എതിര്‍കക്ഷിയുടെ ഭാര്യ പ്രീതയാണ് പാലില്‍ മയക്കുമരുന്നു കലക്കി നല്‍കിയത്. തുടര്‍ന്ന് നാലു ഗുണ്ടകളും ചേര്‍ന്ന് യോഗാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വായില്‍ തുണി തിരുകി, ഉച്ചത്തില്‍ പാട്ട് വച്ചു ശബ്ദം പുറത്തുവരാത്ത രീതിയില്‍ മര്‍ദിച്ചു. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കില്ലെന്ന് ഉറപ്പുവരുത്തും വരെ മര്‍ദിച്ചു. മനോജ് ഗുരുജി, ചിത്ര, ലക്ഷ്മി, സ്മിത, സുജിത്ത്, മുരളി, അക്ഷയ്, ശ്രീജേഷ് എന്നിവരാണ് മര്‍ദിച്ചത്. മാനസിക രോഗിയാക്കാന്‍ ഭക്ഷണത്തില്‍ മരുന്നുകള്‍ നല്‍കിയെന്നും ഹരജി പറയുന്നു. ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച ഹൈക്കോടതി ഫെബ്രുവരി 23ന് അഷിതയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഷുഹൈബിനൊപ്പം പോവാന്‍ തീരുമാനിച്ചാല്‍ രണ്ടു പേരെയും കോടതിയില്‍ തന്നെയിട്ട് കൊല്ലുമെന്ന് മനോജ് ഗുരുജി അഷിതയെ ഭീഷണിപ്പെടുത്തി. സ്വന്തം ഇഷ്ടത്തിനാണ് വീട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതെന്നും പഠനം തുടരാന്‍ ആഗ്രഹിക്കുന്നതായും പറയണമെന്ന് ഭീഷണിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബന്ധുക്കളും യോഗാ സെന്ററിലെ ശ്രീജേഷും ഉണ്ടായിരുന്നു. പുറത്ത് മാരകായുധങ്ങളുമായി 20 പേരും ഉണ്ടായിരുന്നു. അതിനാലാണ് ഷുഹൈബിനൊപ്പം പോവില്ലെന്ന് കോടതിയില്‍ പറഞ്ഞത്. വീട്ടിലേക്ക് പോയതിനു ശേഷം മാര്‍ച്ച് 23നു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത ദിവസം വീണ്ടും യോഗാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച് മയക്കുമരുന്നു നല്‍കി. അമൃത ആശുപത്രിയിലെ മനശ്ശാസ്ത്രജ്ഞനെ കൊണ്ടു ചികില്‍സിപ്പിച്ചു. ലൈംഗികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചു. സപ്തംബര്‍ 10ന് അവിടെ നിന്നു സാഹസികമായി രക്ഷപ്പെട്ട അഷിത ഒക്ടോബര്‍ 10ന് ഷുഹൈബിനൊപ്പം ചേര്‍ന്നു. ശ്വേതാ ഹരിദാസിന്റെ കേസില്‍ യോഗാകേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം താന്‍ ജിഹാദിയാണെന്നാണ് ചിത്രീകരിക്കുന്നത്. താന്‍ മുസ്‌ലിമായതിനാല്‍ മാത്രമാണിത്. ഹേബിയസ് കോര്‍പസ് ഹരജിയിലെ വിധി റദ്ദാക്കണമെന്നും പീഡനം നടത്തിയ യോഗാകേന്ദ്രത്തിനെതിരേ നടപടി വേണമെന്നും ഹരജി ആവശ്യപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss