|    Jan 19 Thu, 2017 10:44 pm
FLASH NEWS

യോഗം ചേരാന്‍ മുന്‍കൂര്‍ അനുമതി തേടണം

Published : 16th October 2015 | Posted By: RKN

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തെക്കുറിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റസംഹിത പ്രസിദ്ധീകരിച്ചു. യോഗം നടക്കുന്ന സ്ഥലവും സമയവും പോലിസിനെ മുന്‍കൂട്ടി അറിയിക്കണം. മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുന്നില്ലെന്നു രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകര്‍ മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്‌തോ ചോദ്യങ്ങള്‍ ഉന്നയിച്ചോ രേഖാമൂലമായോ കുഴപ്പങ്ങളുണ്ടാക്കാന്‍ പാടില്ല.

ഒരു കക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്തുകൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തരുത്. ഒരു കക്ഷിയുടെ ചുവര്‍പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കംചെയ്യരുത്. യോഗം നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഉത്തരവുണ്ടെങ്കില്‍ കര്‍ശനമായി പാലിക്കണം. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ മുന്‍കൂര്‍ അനുമതി നേടണം.പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച തിയ്യതി മുതല്‍ വോട്ടെടുപ്പ് ദിനംവരെ ആ നിയോജകമണ്ഡലത്തിലോ വാര്‍ഡിലോ നടത്തുന്ന രാഷ്ട്രീയ സ്വഭാവമുള്ള എതു പൊതുയോഗത്തിലും ഇതു ബാധകമാണ്. യോഗം നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യങ്ങളോ ഉപയോഗിക്കുന്നതിന് അനുവാദം ആവശ്യമായാല്‍ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുന്‍കൂറായി അനുവാദം വാങ്ങണം. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയുള്ള ഹാളുകളില്‍ യോഗം നടത്താന്‍ അനുവദിച്ചാല്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും തുല്യ അവസരം നല്‍കണം. യോഗം അവസാനിച്ചാല്‍ അവിടെ സ്ഥാപിച്ച പ്രചാരണ സാമഗ്രികളെല്ലാം സംഘാടകര്‍ നീക്കംചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ജാഥകളും പൊതുയോഗങ്ങളും നിലവിലുള്ള നിയമവ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രികോടതിയുയെും ഉത്തരവുകളും അനുസരിച്ചാവണമെന്നും നിര്‍ദേശമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക