|    Oct 20 Fri, 2017 2:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യേ ദില്‍ഹെ മുശ്കില്‍ വിവാദം: ഭീഷണിയില്‍ നിന്നു ലഭിക്കുന്ന പണം വേണ്ട: സൈന്യം

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: തരംതാണ രാഷ്ട്രീയ ഭീഷണിയില്‍ നിന്നു ലഭിക്കുന്ന പണം സ്വീകരിക്കില്ലെന്ന് സൈന്യം. ‘യേ ദില്‍ഹെ മുശ്കില്‍’ എന്ന ചിത്രത്തിനെതിരായ പ്രതിഷേധം പിന്‍വലിക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അഞ്ചു കോടി രൂപ സൈനിക ക്ഷേമ ഫണ്ടിന് കൈമാറണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ആവശ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കവെയാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയത്തിനതീതമായി ഉന്നതമായ അച്ചടക്കത്തോടെയും മതേതരബോധത്തോടെയുമാണ് സൈന്യം പ്രവര്‍ത്തിക്കുന്നത്. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഭീഷണിപ്പെടുത്തി ഈടാക്കുന്ന പണം സൈന്യത്തിനാവശ്യമില്ല- അദ്ദേഹം പറഞ്ഞു.
സ്വയം സംഭാവനയായി നല്‍കുന്ന പണം മാത്രമാണു ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി മനുഷ്യസ്‌നേഹ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടത് പ്രകാരമാണ് യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സൈനികര്‍ക്കുള്ള ക്ഷേമ ഫണ്ട് രൂപീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ 10 ജവാന്‍മാര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചത്. സപ്തംബര്‍ 18ന് ഉറി ആക്രമണത്തില്‍ 19 ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു.
വ്യാപകമായ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈമാസമാദ്യം 13 ലക്ഷത്തോളം വരുന്ന സൈനികര്‍ സഹായം സ്വീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ ഫണ്ടിലേക്ക് സ്വയം സന്നദ്ധരായി നല്‍കുന്ന പണം മാത്രമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമുക്ത ഭടന്‍മാരും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആവശ്യത്തെ വിമര്‍ശിച്ചു. മുന്‍ സൈനിക ഓഫിസര്‍ ജനറല്‍ സെയ്ത് അത്ത ഹസ്‌നൈന്‍, മുന്‍ എയര്‍വേസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂര്‍ എന്നിവരാണ് ഇതിനെതിരേ ട്വിറ്ററില്‍ കുറിപ്പ് രേഖപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക