|    May 24 Thu, 2018 11:46 am
Home   >  Todays Paper  >  page 12  >  

യെച്ചൂരി സിപിഎമ്മിന്റെ ദേശീയമുഖം

Published : 23rd April 2018 | Posted By: kasim kzm

ഹൈദരാബാദ്: സിപിഎമ്മിന്റെ ആറാം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി പാര്‍ട്ടിയുടെ ചിരിക്കുന്ന മുഖമാണ്. പുതിയ തലമുറയുടെ പ്രതിനിധിയെന്നും അദ്ദേഹം അറിയപ്പെടുന്നു. നയതന്ത്രമികവ്, വാഗ്മി, സിപിഎമ്മിന്റെ ദേശീയ മുഖം, പ്രായോഗികതയുടെ വക്താവ് തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ പല വിശേഷണങ്ങളുള്ള യെച്ചൂരി, സീതാ എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
മറ്റു പാര്‍ട്ടി നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മാധ്യമങ്ങളുമായും മധ്യപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുമായും  സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് യെച്ചൂരി. ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേതാക്കളുമായി അടുത്ത ബന്ധവും പുലര്‍ത്തുന്നു. ദേശീയ ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകളിലും യെച്ചൂരി സ്ഥിരം സാന്നിധ്യമാണ്. ജ്യോതിബസുവിന്റെയും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെയും ലൈനാണ് യെച്ചൂരിയും പിന്തുടരുന്നത്.
1952 ആഗസ്ത് 12ന് ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ സര്‍വേശ്വര സോമയാജലുവിന്റെയും കല്‍പ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കര്‍ഷകസമരങ്ങളുടെയും നക്‌സല്‍പ്രസ്ഥാനങ്ങളുടെയും വിളനിലമായ ആന്ധ്രയിലായിരുന്നു ബാല്യകാലം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടുവളര്‍ന്നാണ് അദ്ദേഹം ഇടത് ആശയങ്ങളിലേക്ക് ആകൃഷ്ടനായത്. ഇതിനിടെ  യെച്ചൂരിയും കുടുംബവും ഡല്‍ഹിയിലേക്കു മാറി. ഡല്‍ഹിയില്‍ പ്രസിഡന്റ്‌സ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്കു ചേര്‍ന്ന യെച്ചൂരി ദേശീയതലത്തില്‍ ഒന്നാംറാങ്ക് നേടിയാണ് സിബിഎസ്ഇ പരീക്ഷ ജയിച്ചത്. 1974ല്‍ എസ്എഫ്‌ഐയിലൂടെയാണു രാഷ്ട്രീയജീവിതം തുടങ്ങുന്നത്. 1975ല്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഡിഗ്രിയെടുത്ത യെച്ചൂരി ജവഹര്‍ലാല്‍ നെഹ്്‌റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷമാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയരുന്നത്. പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനായില്ല. അടിയന്തരാവസ്ഥയ്ക്കു ശേഷം മൂന്നുതവണ ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
1980ല്‍ സിപിഎമ്മിലെത്തി. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതേവര്‍ഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1992 മുതല്‍ പോളിറ്റ്ബ്യൂറോ അംഗമാണ്.  കേന്ദ്രകമ്മിറ്റി അംഗമായതോടെ പാര്‍ട്ടിയുടെ വിദേശകാര്യങ്ങളുടെ ചുമതല ലഭിച്ചു. ഇതോടെയാണ് ലോക കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
1985ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ യെച്ചൂരിക്ക് 34 വയസ്സ് മാത്രമായിരുന്നു പ്രായം. കേന്ദ്രകമ്മിറ്റി അംഗമായി നാലുവര്‍ഷം കഴിഞ്ഞ് 1988ല്‍ പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി. 14ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലൂടെ 1992ല്‍ പരമോന്നത ബോഡിയായ പോളിറ്റ്ബ്യൂറോയിലേക്കും യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് 40കാരനായ യെച്ചൂരി പിബിയിലെ ബേബിയായിരുന്നു.   വിശാഖപട്ടണത്ത് 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ പാര്‍ട്ടിയുടെ വിദേശകാര്യങ്ങളുടെ ചുമതല വഹിച്ചു. പത്രപവര്‍ത്തകയായ സീമാ ക്രിസ്റ്റിയാണു ഭാര്യ. ആദ്യ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss