യെച്ചൂരി ഇടപെട്ടു; വിഎസ് മലമ്പുഴയില്‍ തന്നെ
Published : 14th March 2016 | Posted By: sdq

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മലമ്പുഴയില്‍നിന്ന് മൂന്നാംതവണയും ജനവിധി തേടും. ഒന്നരപ്പതിറ്റാണ്ടിനുശേഷം പാര്‍ലമെന്ററിരംഗത്തേക്ക് മടങ്ങിവരുന്ന പിണറായി വിജയന് കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്ത് മല്‍സരിക്കും. തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്കി.
മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്ക് മല്‍സരിക്കാനും ഇളവു നല്കി. അതേസമയം, വിഎസ് മല്സരിക്കുന്നതിനെതിരേ സംസ്ഥാന കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നു. വിഎസും പിണറായിയും മല്‍സരിക്കണമെന്ന പിബി നിര്‍ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു. താന്‍ മല്‍സരിച്ചില്ലെങ്കില്‍ പൊതുസമൂഹത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് വിഎസ് അറിയിച്ചതായി യെച്ചൂരി പറഞ്ഞു. ഇതിനു പിന്നാലെ എല്‍ ആര് ബാലന്, എം എം ലോറന്‍സ്, പി മോഹനന് എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. വിഎസ് മല്‍സരിക്കണമെന്ന് പൊതുജനാഭിപ്രായമില്ലെന്ന് എന്‍ ആര് ബാലന് പറഞ്ഞു. എന്നാല്‍, പൊതുജനാഭിപ്രായം ചര്‍ച്ചചെയ്യാനുള്ള വേദിയല്ലെന്നും സ്വന്തം അഭിപ്രായം അറിയിച്ചാല്‍ മതിയെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് യെച്ചൂരി ഇടപെട്ട് വിലക്കുകയായിരുന്നു.
കൂടാതെ, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്ക് മല്‍സരിക്കാന്‍ അനുമതി നല്കിയപ്പോള് പ്രാഥമിക പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ മല്‍സരിക്കേണ്ടതില്ലെന്നും സംസ്ഥാനകമ്മിറ്റി തീരുമാനമെടുത്തു. തൃപ്പൂണിത്തുറയില്‍ സ്ഥാനാര്ഥിയാവുമെന്നു കരുതിയ ജില്ലാ സെക്രട്ടറി പി രാജീവ് മല്‍സരിക്കേണ്ടതില്ലെന്നാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. കോട്ടയത്തോ ഏറ്റുമാനൂരോ മല്‍സരിക്കാന്‍ തയ്യാറെടുത്തിരുന്ന വി എന്‍ വാസവനും ചെങ്ങന്നൂരില്‍ മല്‍സരിക്കുമെന്ന് സൂചനയുണ്ടായിരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും മല്‍സരരംഗത്തുണ്ടാവില്ല. എന്നാല്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടത്തും വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന് കല്‍പ്പറ്റയിലും തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന് കുന്നംകുളത്തും മല്‍സരിക്കും. മല്‍സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണനു പകരം മറ്റൊരാളായിരിക്കും ഇത്തവണ ചേലക്കരയില്‍ പാര്ട്ടിചിഹ്നത്തിലുണ്ടാവുക. ചലച്ചിത്രതാരം കെപിഎസി ലളിത സിപിഎം സ്ഥാനാര്‍ഥിയായി തൃശൂരിലെ വടക്കാഞ്ചേരിയില്‍ മല്‍സരിക്കും.
വിവാദത്തെ തുടര്‍ന്ന് ആറന്മുള മണ്ഡലത്തിലെ സ്ഥാനാര്‍ഥിപ്പട്ടിക റദ്ദാക്കി. കായംകുളത്തും ചെങ്ങന്നൂരും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമായി. തോമസ് ഐസക് (ആലപ്പുഴ), ആര് രാജേഷ് (മാവേലിക്കര), ജി സുധാകരന് (അമ്പലപ്പുഴ), എ എം ആരിഫ് (അരൂര്‍), രാജു എബ്രഹാം (റാന്നി), ആര് സനല്‍കുമാര്‍ (കോന്നി), എം എം മണി (ഉടുമ്പന്‍ചോല), എസ് ശര്‍മ (വൈപ്പിന്‍), സാജു പോള്‍ (പെരുമ്പാവൂര്‍), ഇ പി ജയരാജന് (മട്ടന്നൂര്‍), എ പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത്), പി ശ്രീരാമകൃഷ്ണന് (പൊന്നാനി), ടി പി രാമകൃഷ്ണന് (പേരാമ്പ്ര) എന്നിവരാണ് മല്‍സരിക്കുന്ന മറ്റു പ്രമുഖര്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.