|    Jan 19 Thu, 2017 1:52 am
FLASH NEWS

യൂസുഫ് അറയ്ക്കല്‍; ഇരുണ്ട ജീവിതവര്‍ണങ്ങളുടെ ചിത്രകാരന്‍

Published : 5th October 2016 | Posted By: SMR

കെ എം അക്ബര്‍

ചാവക്കാട്: തീവ്രമായ ജീവിതാനുഭവങ്ങള്‍ പേറിയ കലാകാരനായിരുന്നു ഇന്നലെ അന്തരിച്ച യൂസുഫ് അറയ്ക്കല്‍. വലിയകത്ത് കുഞ്ഞിമൊയ്തീന്റെയും അറയ്ക്കല്‍ മുംതാസ് എന്ന താജുമ്മയുടെയും മകനായി ചാവക്കാടിനടുത്ത് കടപ്പുറം പഞ്ചായത്തില്‍ കാട്ടിലെ പള്ളിക്കടുത്തായിരുന്നു യൂസുഫിന്റെ ജനനം. ആറരവയസ്സുള്ളപ്പോള്‍ ബാപ്പ മരിച്ചു. തീവ്രനൊമ്പരം ഏറ്റുവാങ്ങിയ ഉമ്മയും ആറുമാസം കഴിഞ്ഞ് മരണത്തിനു കീഴടങ്ങി.
ഒന്നാം ക്ലാസ് മുതല്‍ നാലുവരെ മാട്ടുമ്മല്‍ എല്‍പി സ്‌കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസില്‍ മണത്തലയിലും ആറാം ക്ലാസില്‍ ചാവക്കാട് സ്‌കൂളിലും പഠിച്ചു. ചില ക്ലാസുകളി ല്‍ തോറ്റതു കാരണം എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും വയസ്സ് 15 കഴിഞ്ഞു. അനാഥത്വം യൂസുഫിനെ വല്ലാതെ വേദനിപ്പിച്ചു. അസ്വസ്ഥതകള്‍ പെരുകിയപ്പോള്‍ 16ാം വയസ്സില്‍ ആരോടും പറയാതെ ബാംഗ്ലൂരിലേക്ക് നാടുവിട്ടു. ഹോട്ടല്‍ പണിയെടുത്തു. തെരുവില്‍ സഹിച്ചും കരഞ്ഞും കഴിയുന്ന മനുഷ്യരുടെ ജീവിതം നേര്‍ക്കുനേര്‍ കണ്ടു. ഹോട്ടല്‍ പണി മടുത്തതോടെ അവിടം വിട്ടു. പിന്നെ തെരുവില്‍ അലഞ്ഞു. ഒന്നരക്കൊല്ലം തെരുവില്‍തന്നെയായി ജീവിതം. പലപ്പോഴും പട്ടിണിയായി. പാലങ്ങള്‍ക്കു താഴെ കിടന്നുറങ്ങി.
മുഹമ്മദ് തലേക്കര എന്ന ബന്ധുവുമായുള്ള കണ്ടുമുട്ടലാണ് യൂസുഫിന്റെ ജീവിതം മാറ്റിമറിച്ചത്. യൂസുഫിന് എച്ച്എഎല്‍ കമ്പനിയില്‍ മുഹമ്മദ് ജോലി തരപ്പെടുത്തി. 1966ല്‍ പോര്‍ട്രെയ്റ്റ് ആര്‍ട്ടിസ്റ്റായ ജയവര്‍മയുടെ കീഴില്‍ പരിശീലനം നേടി. യൂസുഫിന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ചിത്രകലാപഠനവും അതായിരുന്നു. പിന്നീട് ചിത്രകലാപരിഷത്തില്‍ ഡിപ്ലോമയ്ക്ക് ചേര്‍ന്നു. രാത്രി ഷിഫ്റ്റില്‍ ജോലിയും പകല്‍ പഠനവും. 1972ല്‍ ഡിപ്ലോമ പൂര്‍ത്തിയായി. എച്ച്എഎല്ലില്‍ 20 വര്‍ഷം ജോലി ചെയ്ത ശേഷം രാജിവച്ചു. പിന്നീട് മുഹമ്മദിന്റെ മകള്‍ സാറയെ വിവാഹം ചെയ്തു. 1985ല്‍ ബ്രിട്ടിഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പോടെ നാലുമാസം ലണ്ടനില്‍ കഴിഞ്ഞു.
പിന്നെ യൂസുഫില്‍ നിന്നു പിറന്നത് തന്റെ തീവ്രമായ ജീവിതാനുഭവങ്ങള്‍ വിഷയമായ ചിത്രങ്ങളായിരുന്നു. പ്രാദേശികതയില്‍ തളച്ചിടാവുന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ലോകത്തിലെ വിഖ്യാത കലാകാരന്മാരുമായുള്ള സൗഹൃദവും വിപുലമായ ചിത്രപരിചയവും യൂസുഫിന്റെ ചിത്രങ്ങള്‍ക്ക് ദേശാന്തരീയ മാനം നല്‍കി. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, യുഎഇ, ഹോങ്കോങ്, ജപ്പാന്‍, ബ്രസീല്‍, ക്യൂബ, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഇറ്റലി, റഷ്യ, തുര്‍ക്കി, സിംഗപ്പൂര്‍ അങ്ങനെ ദേശകാലങ്ങളുടെ അതിരുകള്‍ വിട്ട് അവ സഞ്ചരിച്ചു. ചിത്രങ്ങള്‍ കണ്ട് ഇഷ്ടമായ പലരും അവ വന്‍ തുക നല്‍കി സ്വന്തമാക്കി. ഇതോടെ യൂസുഫ് അറയ്ക്കല്‍ എന്ന പേര് പ്രശസ്തമായി.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും യൂസുഫിനെ തേടിയെത്തി. 2005ലെ ഫ്‌ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ സ്വര്‍ണമെഡലും 2003ലെ ഫ്‌ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ വെള്ളിമെഡലും യൂസുഫ് നേടി. നിരവധി തവണ കര്‍ണാടക ലളിതകലാ അക്കാദമി പുരസ്‌കാരങ്ങളും 2008ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പും നേടിയ യൂസുഫ് അറയ്ക്കലിനെ തേടി 2012ല്‍ രാജാരവിവര്‍മ പുരസ്‌കാരവുമെത്തി. 1983ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. കൂടാതെ ധക്കയില്‍ 1986ല്‍ നടന്ന മൂന്നാമത് ഏഷ്യന്‍ ആര്‍ട്ട് ബിനാലെയിലും 2005ല്‍ റുമേനിയയില്‍ നടന്ന ഇന്റര്‍നാഷനല്‍ ബിനാലെയിലും പ്രത്യേക പുരസ്‌കാരങ്ങള്‍ നേടി. ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്‌കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
ലോകപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസയ്‌നുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു യൂസുഫ് അറയ്ക്കല്‍. ഒരിക്കല്‍ എം എഫ് ഹുസയ്‌നൊപ്പം ചാവക്കാട്ടെത്തി കടപ്പുറത്തെ വീട്ടില്‍ നാലുദിവസം താമസിച്ചു. തന്റെ സൗഭാഗ്യങ്ങള്‍ക്കെല്ലാം കര്‍ണാടകയോട് കടപ്പെട്ട ചിത്രകാരന്‍ ഒരിക്കലും കേരളത്തിലേക്കു മടങ്ങണമെന്ന് ആഗ്രഹിച്ചില്ല. എങ്കിലും താ ന്‍ പിറന്നുവീണ വീട് തിരിച്ചുവാങ്ങണമെന്ന് ഒരിക്കല്‍ യൂസുഫ് ആലോചിച്ചിരുന്നു. സ്വന്തം കുട്ടിക്കാലം വീണ്ടും മുന്നില്‍ തെളിയാതിരിക്കാനാവണം അത് വേണ്ടെന്നുവച്ചു.
ഏകാന്തതയും വിഷാദവും പേറുന്ന മനുഷ്യരെയും അവരുടെ ജീവിതവും ചിത്രീകരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന യൂസുഫിന്റെ ചിത്രങ്ങളെ പ്രകാശമുള്ള വര്‍ണങ്ങള്‍ അധികമൊന്നും ആകര്‍ഷിച്ചിരുന്നില്ല. ഭോപാല്‍ വിഷവാതകദുരന്തത്തെ തുടര്‍ന്ന് സൃഷ്ടിച്ച ഭോപാല്‍ 84ഉം ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ആവിഷ്‌കരിച്ച ഗുജേര്‍ണിക്കയും യൂസുഫിന്റെ രാഷ്ട്രീയപ്രഖ്യാപനങ്ങളായിരുന്നു.
ഏറ്റവും കുറഞ്ഞ വരകളില്‍ വളരെ ലളിതമായ ചില ‘അറയ്ക്കല്‍ ടച്ച്’ നടത്തി പ്രശസ്തനായ ആ മണ്‍മറഞ്ഞ കലാകാരന് ഇരുണ്ട വര്‍ണങ്ങളോടായിരുന്നു എന്നും പ്രിയം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക