|    Jan 23 Mon, 2017 2:03 pm
FLASH NEWS

യൂസുഫ് അറയ്ക്കല്‍ അന്തരിച്ചു

Published : 5th October 2016 | Posted By: SMR

തൃശൂര്‍: പ്രശസ്ത ചിത്രകാരന്‍ യൂസുഫ് അറയ്ക്കല്‍ (72) അന്തരിച്ചു. ബംഗളൂരു കുന്ദലഹള്ളിയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ ജനിച്ച് അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഇദ്ദേഹം കുറച്ചുനാളായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. ചിത്രങ്ങള്‍, പെയിന്റിങുകള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമെ ഇതേക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
2005ലെ ഫ്‌ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ സ്വര്‍ണമെഡലും 2003ലെ ഫ്‌ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ വെള്ളി മെഡലും നേടിയ യൂസുഫിന് ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ലഭിച്ചു. 1989ല്‍ കര്‍ണാടക ലളിതകലാ അക്കാദമി ആദരിച്ചു. 2012ല്‍ കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌കാരം തേടിയെത്തി.
നാലാം ക്ലാസ് വരെ കടപ്പുറം മാട്ടുമ്മല്‍ എല്‍പി സ്‌കൂളിലും അഞ്ചാം ക്ലാസില്‍ മണത്തല സ്‌കൂളിലുമാണ് യൂസുഫ് അറയ്ക്കലിന്റെ പഠനം. ആറാം ക്ലാസിലേക്ക് വിജയിച്ചപ്പോള്‍ ചാവക്കാട് സ്‌കൂളില്‍ ചേര്‍ന്നു. 16ാം വയസ്സില്‍ ബംഗളൂരിലേക്ക് നാടുവിട്ടു. അവിടെ ഹോട്ടല്‍ജോലി ചെയ്ത യൂസുഫ് പിന്നീട് ചിത്രകലാ പഠനം നടത്തി. കര്‍ണാടക ചിത്രകലാ പരിഷത്തിലെ ഒന്നാം ബാച്ച് വിദ്യാര്‍ഥിയായിരുന്നു. രാജാ രവിവര്‍മയുടെ ബന്ധുവായ ജയ വര്‍മയില്‍നിന്ന് ശിക്ഷണം.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി രാജിവച്ച് മുഴുസമയ കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ചാവക്കാട് കടപ്പുറം കാട്ടിലെ പള്ളിക്കടുത്ത് വലിയകത്ത് കുഞ്ഞിമൊയ്തീന്റെയും അറയ്ക്കല്‍ മുംതാസ് എന്ന താജുമ്മയുടെയും മകനാണ്. ഭാര്യ: സാറ. മകന്‍: ഷിബു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക