|    Jun 20 Wed, 2018 11:27 am
Home   >  Todays Paper  >  page 11  >  

യൂറോ കപ്പ്: പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

Published : 27th June 2016 | Posted By: SMR

പാരിസ്: ക്രൊയേഷ്യ കളിച്ചു, പക്ഷേ ജയിച്ചത് പോര്‍ച്ചുഗല്‍. ഒടുവില്‍ പോര്‍ച്ചുഗീസ് പട ടൂര്‍ണമെന്റിലെ ആദ്യ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും മുന്നേറി. യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം പ്രീക്വാര്‍ട്ടറില്‍ ശക്തരായ ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗീസ് പട ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.
ഗ്രൂപ്പ്ഘട്ടത്തില്‍ വിജയം അകന്നുനിന്ന പോര്‍ച്ചുഗലിനെ നിര്‍ണായക അങ്കത്തില്‍ ജയം തുണയ്ക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമിനും ഗോള്‍ നേടാനാവത്തതിനെ തുടര്‍ന്ന് മല്‍സരം അധികമയത്തേക്ക് നീളുകയായിരുന്നു. അധികസമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കേ റിക്കാര്‍ഡോ ക്വറെസ്മയിലൂടെ (117ാം മിനിറ്റ്) പറങ്കിപ്പട ലക്ഷ്യം കണ്ടു.
87ാം മിനിറ്റില്‍ ജാഹോ മരിയോക്ക് പകരക്കാരനായിറങ്ങിയാണ് ക്വറെസ്മ പോര്‍ച്ചുഗലിന്റെ ഹീറോയായത്.
ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന മൂന്നാമത്തെ ടീം കൂടിയാണ് പോര്‍ച്ചുഗല്‍. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ വീഴ്ത്തിയ പോളണ്ടാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
നിലവിലെ യൂറോ ചാംപ്യന്‍മാരായ സ്‌പെയിനിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലെത്തിയ ക്രൊയേഷ്യ പോര്‍ച്ചുഗലിനെതിരേ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ആക്രമണത്തിലും പോര്‍ച്ചുഗീസ് പടയെ പിന്നിലാക്കിയ ക്രൊയേഷ്യ മല്‍സരത്തില്‍ ഏത് നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ടിരുന്നു.
കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയ ക്രൊയേഷ്യ പോര്‍ച്ചുഗീസ് ഗോള്‍മുഖത്ത് നിരന്തരം മാര്‍ച്ച് ചെയ്ത് കൊണ്ടിരുന്നു. എന്നാല്‍, കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രതിരോധനിരയെ അടിമുടി മാറ്റിയ പോര്‍ച്ചുഗീസ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങള്‍ ക്രൊയേഷ്യക്ക് വിനയാവുകയായിരുന്നു. കൂടാതെ പെപെ ഫോമിലെത്തിയത് ക്രൊയേഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങു തടിയാവുകയും ചെയ്തു. ഇ വാന്‍ പെരിസിച്ചും ലൂക്കാ മോഡ്രിച്ചും കളംനിറഞ്ഞു കളിച്ചെങ്കിലും മരിയോ മാന്‍ഡ്യുകിച്ചിനും ഇവാന്‍ റാക്കിറ്റിച്ചിനും ലക്ഷ്യംകണ്ടെത്താനാവാതെ പോയത് ക്രൊയേഷ്യക്ക് ആഘാതമായി മാറി. ക്രൊയേഷ്യന്‍ മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗീസ് പ്രതിരോധനിര ഫലപ്രദമായി നേരിടുകയും ചെയ്തു.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മുന്‍നിര്‍ത്തി ആക്രമണം അഴിച്ചുവിടാനായിരുന്നു പോര്‍ച്ചുഗലിന്റെ പദ്ധതി. പക്ഷേ, ക്രൊയേഷ്യ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞപ്പോള്‍ ശക്തമായ പ്രതിരോധനിര കെട്ടി പോര്‍ച്ചുഗല്‍ അവയ്ക്ക് തടയിടുകയായിരുന്നു.
ക്രിസ്റ്റിയാനോയെ ഒരു പരിധി വരെ സമര്‍ഥമായി പിടിച്ചുക്കെട്ടാന്‍ ക്രൊയേഷ്യന്‍ പ്രതിരോധനിരയിലെ ദാരിയോ സിര്‍ണയ്ക്കും ചോര്‍ലൂക്കയ്ക്കും കഴിഞ്ഞു.
25ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള ആദ്യ അവസരം ലഭിച്ചത്. എന്നാല്‍, ഫ്രീകിക്കിനൊടുവില്‍ ലഭിച്ച ഗോളവസരം പെപെയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 30ാം മിനിറ്റില്‍ ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ പെരിസിച്ച് തൊടുത്ത ഷോട്ട് പോര്‍ച്ചുഗീസ് ഗോള്‍ പോസ്റ്റിനരികില്‍ കൂടി പുറത്തേക്ക് പോയി.
45ാം മിനിറ്റില്‍ റാക്കിറ്റിച്ചിന്റെ അപടകരമായ ഫ്രീകിക്ക് പോര്‍ച്ചുഗീസ് പ്രതിരോധനിര ക്ലിയര്‍ ചെയ്തു. ഒന്നാംപകുതിയില്‍ ആന്ദ്രെ ഗോമസും അഡ്രിയന്‍ സില്‍വയും നടത്തിയ ചില മുന്നേറ്റങ്ങളൊഴിച്ചാല്‍ കാര്യമായി ഗോള്‍ ശ്രമങ്ങളൊന്നും പോര്‍ച്ചുഗലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.
രണ്ടാംപകുതിയിലെ 52ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മാര്‍സെലോ ബ്രോസോവിച്ചിന്റെ ഷോട്ട് പോര്‍ച്ചുഗീസ് ഗോള്‍ പോസ്റ്റിന്റെ മുകളിലൂടെ പറന്നു. പിന്നീട് ക്രിസ്റ്റ്യാനോയും നാനിയും ചേര്‍ന്ന് ചില മികച്ച മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗലിനു വേണ്ടി നടത്തി. 64ാം മിനിറ്റില്‍ നാനിയുടേയും 67ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടേയും ഗോള്‍ നീക്കങ്ങള്‍ ക്രൊയേഷ്യന്‍ പ്രതിരോധനിര നിഷ്പ്രഭമാക്കി. 71ാം മിനിറ്റില്‍ പെരിസിച്ചിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ലക്ഷ്യംതെറ്റി പുറത്തുപോയി. 84ാം മിനിറ്റില്‍ മാന്‍ഡ്യുകിച്ച് നടത്തിയ നീക്കങ്ങളും പാളിപ്പോയി.
കളിയുടെ അധികസമയത്തെ ആദ്യ 10 മിനിറ്റിലും ക്രൊയേഷ്യക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍, മോഡ്രിച്ചും റാക്ക്റ്റിച്ചും നികോള കാലിനിക്കും കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു മികച്ച ഗോള്‍ ഷോട്ട് പോലും ക്രൊയേഷ്യക്ക് പോര്‍ച്ചുഗീസ് ഗോള്‍ പോസ്റ്റിലേക്ക് തൊടുക്കാനായില്ല. ഇതിനിടയില്‍ ക്രിസ്റ്റ്യാനോയും നാനിയും ചേര്‍ന്ന് നടത്തിയ നീക്കം ക്രൊയേഷ്യന്‍ പ്രതിരോധം ക്ലിയര്‍ ചെയ്തു.
ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങുമെന്നഘട്ടത്തിലായിരുന്നു ക്വറെസ്മയിലൂടെ പറങ്കിപ്പട ക്രൊയേഷ്യക്കാരെ ഞെട്ടിച്ച് വലക്കുലുക്കി. പോര്‍ച്ചുഗല്‍ ബോക്‌സില്‍ നിന്ന് തട്ടിതടഞ്ഞ് കിട്ടിയ ബോളുമായി റെനാറ്റോ സാഞ്ചസ് എതിര്‍ പോസ്റ്റിലേക്ക് കുതിച്ച് നാനിയിലേക്ക് കൈമാറി. നാനിയില്‍ നിന്ന് പാസ് സ്വീകരിച്ച ക്രിസ്റ്റിയാനോ പന്ത് ക്രൊയേഷ്യന്‍ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഗോളി ഡാനിയല്‍ സുബാസിക് തടുത്തു. എന്നാല്‍, ഗ്രൗണ്ടില്‍ ടച്ച് ചെയ്ത് ഉര്‍ന്നുവന്ന പന്ത് റീബൗണ്ടായി ലഭിച്ച ക്വറെസ്മ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss