|    Mar 21 Wed, 2018 2:40 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോ കപ്പ് കിരീടം പോര്‍ച്ചുഗലിന്; ചരിത്രം രചിച്ച് പറങ്കിപ്പട

Published : 12th July 2016 | Posted By: SMR

പാരിസ്: ഒടുവില്‍ പറങ്കിപ്പട ചരിത്രം രചിച്ചു. 95 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍. അതും ഇതിഹാസ പട്ടികയിലേക്ക് കാല്‍വയ്പ്പ് നടത്തുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കീഴില്‍. ക്രിസ്റ്റിയാനോയുടെ കണ്ണീര് പുഞ്ചിരിയിലേക്ക് വഴി മാറിയത് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ആഘോഷമാക്കി മാറ്റി. കന്നി യൂറോ കപ്പ് കിരീടത്തില്‍ പോര്‍ച്ചുഗല്‍ മുത്തമിട്ടപ്പോള്‍ പിറന്നത് ഇങ്ങനെ ഒട്ടനവധി സുവര്‍ണ നിമിഷങ്ങള്‍.
ആവേശകരമായ കലാശപ്പോരില്‍ ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് പറങ്കിപ്പട കന്നി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് അധികസമയത്തായിരുന്നു പോര്‍ച്ചുഗലിന്റെ വിജയഗോള്‍ പിറവിയെടുത്തത്. അധികസമയത്ത് എതിരില്ലാത്ത ഒരു ഗോൡനായിരുന്നു പോര്‍ച്ചുഗീസ് പടയുടെ വിജയം. പകരക്കാരനായിറങ്ങിയ എഡറാണ് പോര്‍ച്ചുഗലിന്റെ വീരനായകനായത്. 109ാം മിനിറ്റിലാണ് എഡര്‍ ചരിത്രത്തിലേക്ക് നിറയൊഴിച്ചത്.
ചരിത്രത്തിലാദ്യമായാണ് പോര്‍ച്ചുഗല്‍ ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. 2004 യൂറോ കപ്പില്‍ റണ്ണേഴ്‌സപ്പായതാണ് ഇതിനു മുമ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച മുന്നേറ്റം. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ഗ്രീസ് പോര്‍ച്ചുഗീസ് പടയെ കണ്ണീരിലാഴ്ത്തുകയായിരുന്നു. പോര്‍ച്ചുഗലിന്റെ ഏഴാം യൂറോ കപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
സെമിയില്‍ വെയ്ല്‍സിനെതിരേ ഇറങ്ങിയ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് പോര്‍ച്ചുഗലിനെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ഫ്രാന്‍സിനെതിരേ കളത്തിലിറക്കിയത്. പരിക്കിനെ തുടര്‍ന്ന് സെമിയില്‍ പുറത്തിരുന്ന ഡിഫന്റര്‍ പെപ്പെ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയത് പോര്‍ച്ചുഗലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പെപ്പെയ്ക്കു പുറമേ വില്ല്യം കാര്‍വലോയും പോര്‍ച്ചുഗീസ് നിരയില്‍ ഇടംപിടിച്ചു.
എന്നാല്‍, ലോക ചാംപ്യന്‍മാരായ ജര്‍മനിക്കെതിരേ സെമിയില്‍ കളിച്ച അതേ ടീമിനെ തന്നെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് നിലനിര്‍ത്തുകയായിരുന്നു. മല്‍സരം നേരിട്ട് വീക്ഷിക്കാന്‍ 75,868 ആരാധകരാണ് സ്‌റ്റേഡിയത്തിലെത്തിയത്.
ആദ്യപകുതി സംഭവബഹുലം
സംഭവബഹുലമായിരുന്നു ആദ്യപകുതി. ഫ്രാന്‍സിന്റെ ആക്രമണത്തോടെയാണ് മല്‍സരം ആരംഭിച്ചത്. ഗോളിനുള്ള മികച്ച അവസരങ്ങളും ആതിഥേയര്‍ക്ക് ലഭിച്ചിരുന്നു. കളിയുടെ ആദ്യ 15 മിനിറ്റ് ഫ്രാന്‍സ് പോര്‍ച്ചുഗലിനു മേല്‍ വ്യക്തമായ മുന്‍തുക്കം നേടി. മൗസ സിസോക്കോയുടെ പാസുകള്‍ സ്വീകരിച്ച് അന്റോണിയോ ഗ്രീസ്മാനും മുന്നേറ്റനിരയും ആക്രമണം ശക്തമാക്കിയപ്പോള്‍ ഫ്രാന്‍സ് ഏത് നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിച്ചു.
എന്നാല്‍, പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ റൗള്‍ പാട്രീഷ്യയോയുടെ മിന്നുന്ന സേവുകള്‍ ഫ്രാന്‍സിന് വിനയാവുകയായിരുന്നു. 10ാം മിനിറ്റില്‍ ഗ്രീസ്മാന്റെ മികച്ചൊരു ഹെഡ്ഡര്‍ പട്രീഷ്യയോ മികച്ച സേവിലൂടെ കുത്തിയകറ്റി. പിന്നീട് ദിമിത്രി പയെറ്റിലൂടെയും ഒലിവര്‍ ജിറൂഡിലുടെയും ഫ്രാന്‍സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതിനിടയില്‍ ക്രിസ്റ്റ്യാനോയും നാനിയും ചേര്‍ന്ന് ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തി. എന്നാല്‍, അവയ്‌ക്കൊന്നും ഫ്രഞ്ച് ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തനായില്ല.
ഇതിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ പരിക്ക് മൂലം കളംവിട്ടത് മല്‍സരത്തിന് നാടകീയത സമ്മാനിച്ചു. കളിയുടെ ഏഴാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെ പയെറ്റ് ഫൗളിനിരയാക്കുകയായിരുന്നു. പോര്‍ച്ചുഗീസ് കപ്പിത്താന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. പരിക്കേറ്റ ക്രിസ്റ്റ്യാനോ ചികില്‍സ തേടി വീണ്ടും കളത്തിലിറങ്ങി. എന്നാല്‍, കടുത്ത വേദന മൂലം 25ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ നിറകണ്ണുകളോടെ സ്‌ട്രെച്ചറില്‍ കളംവിട്ടത് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി.
പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ കരുത്തായ ക്രിസ്റ്റിയാനോയുടെ മടക്കം ഫ്രാന്‍സിന് നേട്ടമാവുമെന്ന് ഏവരും കരുതി. ക്രിസ്റ്റ്യാനോയ്ക്കു പകരം റിക്കാര്‍ഡോ ക്വറെസ്മയാണ് കളത്തിലിറങ്ങിയത്. എന്നാല്‍, ക്രിസ്റ്റിയാനോയുടെ പിന്‍വാങ്ങലോടെ പോര്‍ച്ചുഗല്‍ കൂടുതല്‍ ശ്രദ്ധയോടെ കരുക്കള്‍ നീക്കി. 27ാം മിനിറ്റില്‍ ജോ മരിയോയുടെ മികച്ചൊരു ഗോള്‍നീക്കം ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യുഗോ ലോറിസ് വിഫലമാക്കി. 30ാം മിനിറ്റില്‍ സിസോക്കോയുടെയും ഗ്രീസ്മാന്റെയും ഗോള്‍ നീക്കങ്ങള്‍ പോര്‍ച്ചുഗീസ് പ്രതിരോധനിര ക്ലിയര്‍ ചെയ്തു ഒഴിവാക്കി. 34ാം മിനിറ്റില്‍ സിസോക്കോയ്ക്ക് ലഭിച്ച ഗോളിനുള്ള സുവര്‍ണാവസരം പോര്‍ച്ചുഗീസ് ഗോള്‍കീപ്പറുടെ മാസ്മരിക സേവിന് മുന്നില്‍ പരാജയപ്പെട്ടു.
പിന്നീട് കുറിയ പാസുകളുമായി മുന്നേറിയ പോര്‍ച്ചുഗല്‍ ഫ്രഞ്ച് പ്രതിരോധത്തിനും ഗോള്‍കീപ്പര്‍ക്കും ഭീഷണി ഉയര്‍ത്താന്‍ തുടങ്ങി. 38ാം മിനിറ്റില്‍ റാഫേല്‍ ഗ്വരേരോയിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍ ശ്രമം നടത്തിയെങ്കിലും താരത്തിന്റെ ബുള്ളറ്റ് ഷോട്ട് ഫ്രാന്‍സ് പ്രതിരോധത്തില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. ഒന്നാംപകുതിയിലെ അവസാന മിനിറ്റുകളിലും ഇരു ടീമിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാനായില്ല.
ഗോള്‍ പിറക്കാതെ രണ്ടാംപകുതിയും
ഒന്നാംപകുതിക്കു സമാനമായി രണ്ടാം പകുതിയിലും മികച്ച ഗോള്‍ നീക്കങ്ങള്‍ ഇരു ടീമും നടത്തി. എന്നാല്‍, ലക്ഷ്യത്തിലെത്തിക്കാന്‍ മാത്രം ഇരു ടീമിനും കഴിയാതെ പോവുകയായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ സിസോക്കോ, ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, പയെറ്റ് എന്നിവരിലൂടെ ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ നടത്തി.
ഇടയ്ക്കിടെ മരിയോയിലൂടെയും ക്വറെസ്മയിലൂടെയും പോര്‍ച്ചുഗലും ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു. 58ാം മിനിറ്റില്‍ പയെറ്റിനെ തിരിച്ചുവിളിച്ച ഫ്രാന്‍സ് പകരക്കാരനായി കിങ്‌സ്‌ലി കോമാനെ കളത്തിലിറക്കി. 59ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ദുര്‍ബലമായ ഗോള്‍ നീക്കം പോര്‍ച്ചുഗീസ് ഗോളി വിഫലമാക്കി. പിന്നീട് ഗോളിനായി കിണഞ്ഞു ശ്രമിച്ച ഫ്രാന്‍സിന് 66ാം മിനിറ്റില്‍ സുവര്‍ണാവസരം വീണുകിട്ടി. എന്നാല്‍, കോമാന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് ഗ്രീസ്മാന്‍ ഹെഡ്ഡര്‍ ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോവുകയായിരുന്നു.
79ാം മിനിറ്റില്‍ റെനറ്റോ സാഞ്ചസിനു പകരം എഡറിനെ പോര്‍ച്ചുഗല്‍ അങ്കത്തട്ടിലിറക്കി. 80ാം മിനിറ്റില്‍ നാനിയുടെ ക്രോസ് ഫ്രഞ്ച് ഗോളി ലോറിസ് കുത്തിയകറ്റി. 84ാം മിനിറ്റിലും നിശ്ചിത സമയത്തെ ഇഞ്ചുറി ടൈമിലും ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഫ്രാന്‍സ് തുലച്ചു. സിസോക്കോയും ആന്ദ്രെ പിയെറയുമാണ് അവസരങ്ങള്‍ പാഴാക്കിയത്.
പോര്‍ച്ചുഗലിന്റെ തിരിച്ചുവരവ്
നിശ്ചിത സമയത്ത് ഫ്രാന്‍സിനായിരുന്നു മുന്‍തൂക്കമെങ്കില്‍ അധികസമയത്ത് പോര്‍ച്ചുഗല്‍ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. 104ാം മിനിറ്റില്‍ ഗോളിനുള്ള സുവര്‍ണാവസരം എഡര്‍ പാഴാക്കി. കോര്‍ണറിനൊടുവില്‍ ലഭിച്ച ക്രോസ് എഡര്‍ ഹെഡ്ഡ് ചെയ്‌തെങ്കിലും ഫ്രാന്‍സ് ഗോള്‍കീപ്പര്‍ കൈകളിലൊതുക്കുകയായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ഫ്രഞ്ച് പടയെ നിശബ്ധരാക്കി എഡര്‍ അതിന് പ്രായശ്ചിത്തം ചെയ്തു.
ഫ്രഞ്ച് പ്രതിരോധനിരയില്‍ കോട്ട കെട്ടി നിന്ന ലോറന്റ് കോസിയെന്‍ലിയുടെ ഒരു പിഴവാണ് പോര്‍ച്ചുഗലിന് ചരിത്ര വിജയം സമ്മാനിച്ചത്. 109ാം മിനിറ്റില്‍ ഫ്രാന്‍സ് മുന്നേറ്റനിരയുടെ കടന്നാക്രമണത്തിനൊടുവില്‍ ലഭിച്ച പന്ത് ഗ്വരേരോ എഡര്‍ക്ക് നല്‍കി. പന്ത് ലഭിച്ച എഡര്‍ കോസിയെന്‍ലിയെ കബളിപ്പിച്ച് 25 വാര അകലെനിന്ന് ഗോള്‍കീപ്പര്‍ ലോറിസിന് ഒരു പഴുതും നല്‍കാതെ ഫ്രഞ്ച് ഗോള്‍ വലയ്ക്കുള്ളിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. പിന്നീട് പാട്രിക് എവ്‌റ, ബ്ലയ്‌സ് മറ്റിയുഡി, പോഗ്ബ, ഗ്രീസ്മാന്‍ എന്നിവരിലൂടെ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും പോര്‍ച്ചുഗീസ് ഗോള്‍കീപ്പറെയും പ്രതിരോധനിരയെയും മറികടക്കാന്‍ ഫ്രാന്‍സിന് സാധിച്ചില്ല.
അതേസമയം, ക്രിസ്റ്റ്യാനോ പ്രവചിച്ചത് സത്യമായെന്ന് മല്‍സരശേഷം എഡര്‍ പറഞ്ഞു. ഫ്രാന്‍സിന്റെ കിരീട പ്രതീക്ഷകളെ തട്ടിയകറ്റി താന്‍ വിജയഗോള്‍ നേടുമെന്ന് ക്രിസ്റ്റിയാനോ പ്രവചിച്ചിരുന്നതായി പോര്‍ച്ചൂഗലിന്റെ ഫൈനല്‍ ഹീറോ എഡര്‍ അഭിപ്രായപ്പെട്ടു. ക്രിസ്റ്റ്യാനോ പകര്‍ന്നു നല്‍കിയ ഊര്‍ജം ഫൈനലില്‍ നിര്‍ണായകമായി. തങ്ങള്‍ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. യൂറോ കപ്പ് വിജയത്തില്‍ ടീമിലെ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു-എഡര്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss