|    Jan 23 Mon, 2017 10:43 pm

യൂറോ കപ്പ്: കണക്കുതീര്‍ത്ത് അസൂറിപ്പട

Published : 29th June 2016 | Posted By: SMR

Juventus-centre-back-Giorgi

പാരിസ്: നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിനോട് കണക്കുതീര്‍ത്ത് മുന്‍ ജേതാക്കളായ ഇറ്റലി യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അസൂറിപ്പട തകര്‍ക്കുകയായിരുന്നു.
2012 യൂറോ കപ്പ് ഫൈനലില്‍ സ്‌പെയിനിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഇറ്റലിയുടെ മധുര പ്രതികാരം കൂടിയായിരുന്നു ഇത്. ഇറ്റലിക്കു വേണ്ടി ജിയോര്‍ജിയോ ചില്ലിയേനി, ഗ്രാസിയാനോ പെല്ലെ എന്നിവരാണ് ലക്ഷ്യംകണ്ടത്. ക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയാണ് ഇറ്റലിയുടെ എതിരാളികള്‍. മറ്റു ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ പോളണ്ടിനെയും വെയ്ല്‍സ് ബെല്‍ജിയത്തെയും ഫ്രാന്‍സ് ഐസ്‌ലന്‍ഡിനെയും എതിരിടും.
ബ്രസീല്‍ ലോകകപ്പിനു പിന്നാലെ യൂറോ കപ്പിലെ പുറത്താവലും സ്പാനിഷ് ടീമിന് വന്‍ ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്. യൂറോയില്‍ ഹാട്രിക്ക് കിരീടം തികയ്ക്കുകയെന്ന ചെമ്പടയുടെ മോഹം അസൂറികള്‍ക്കു മുന്നില്‍ തകരുകയായിരുന്നു.
പന്തടക്കത്തില്‍ സ്‌പെയിനിനായിരുന്നു നേരിയ മുന്‍തൂക്കമെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ആദ്യപകുതിയില്‍ ഇറ്റലി മേധാവിത്വം നേടിയപ്പോള്‍ രണ്ടാംപകുതിയില്‍ സ്‌പെയിന്‍ തിരിച്ചുവരവിനുള്ള എല്ലാ ശ്രമവും നടത്തി. എന്നാല്‍, ലക്ഷ്യം കാണുന്നതില്‍ പിഴച്ചപ്പോള്‍ സ്‌പെയിനിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം അസ്തമിക്കുകയായിരുന്നു. ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബഫണിന്റെ മിന്നുന്ന സേവുകളും സ്പാനിഷ് ടീമിനെ തോല്‍വിയിലേക്ക് തള്ളിയിട്ടു.
പ്രതിരോധിച്ചു കളിക്കുന്നതില്‍ മിടുക്കന്‍മാരായ ഇറ്റലി സ്‌പെയിനിനെതിരേ തുടക്കം മുതല്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവയ്ക്കുകയായിരുന്നു. കളിയുടെ എട്ടാം മിനിറ്റില്‍ പെല്ലെയിലൂടെ ഇറ്റലി ആദ്യ ഗോള്‍ ശ്രമം നടത്തി. എന്നാല്‍, പെല്ലെയുടെ ഹെഡ്ഡര്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയ നിഷ്പ്രഭമാക്കുകയായിരുന്നു.
പിന്നീട് ഡേവിഡ് സില്‍വയിലൂടെയും ജോര്‍ഡി ആല്‍ബയിലുടെയും സ്‌പെയിന്‍ ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും അവയ്‌ക്കൊന്നും ഇറ്റാലിയന്‍ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്താനായില്ല.
കളിയുടെ 33ാം മിനിറ്റില്‍ ഇറ്റലി സ്‌പെയിനിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഏദറെടുത്ത ഫ്രീകിക്ക് ഡെഹെയ തടുത്തിട്ടെങ്കിലും പന്ത് റീബൗണ്ടായി ലഭിച്ചത് ചില്ലിയേനിക്കായിരുന്നു. മഴയില്‍ വഴുതി നിലത്തിരുന്ന് പോയ സ്പാനിഷ് ഗോളിയെ കാഴ്ചക്കാരനാക്കി ചില്ലിയേനി അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച സ്‌പെയിന്‍ പിന്നീട് പന്ത് തങ്ങളുടെ വരുതിയിലാക്കിയെങ്കിലും ഗോളിനുള്ള മികച്ച നീക്കങ്ങളൊന്നും നടത്താനായില്ല.
ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളില്‍ ഇറ്റലി ഗോളിനായി മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍, അസൂറിപ്പടയുടെ രണ്ട് ഗോള്‍ ശ്രമങ്ങളും സ്പാനിഷ് ഗോള്‍കീപ്പര്‍ നിഷ്ഫലമാക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്‌പെയിന്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളും നടത്തികൊണ്ടിരുന്നു. 50ാം മിനിറ്റില്‍ ആല്‍വെറോ മൊറാറ്റയിലൂടെ സ്‌പെയിന്‍ ഗോള്‍ നീക്കം നടത്തിയെങ്കിലും ഇറ്റാലിയന്‍ ഗോളി വിലങ്ങു തടിയാവുകയായിരുന്നു. 55ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഏദറിന്റെ നീക്കം ലക്ഷ്യംകണ്ടില്ല.
70ാം മിനിറ്റില്‍ മികച്ചൊരു പാസ് സ്വീകരിച്ച സ്പാനിഷ് താരം അറിറ്റ്‌സ് അദുറിസ് ഷോട്ടുതീര്‍ത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി. 76ാം മിനിറ്റില്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ ഷോട്ട് ബഫണ്‍ സേവ് ചെയ്തു.
90ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയിലൂടെ സ്‌പെയിന്‍ സമനില ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍, പിക്വെയുടെ ക്ലോസ് റേഞ്ച് ഷോട്ട് തകര്‍പ്പന്‍ സേവിലൂടെ ബഫണ്‍ കുത്തിയകറ്റുകയായിരുന്നു.
ഇഞ്ചുറിടൈമിലെ ആദ്യ മിനിറ്റില്‍ ഇറ്റലിയുടെ വിജയം ഉറപ്പിച്ച് പെല്ലെ രണ്ടാം ഗോളും നിറയൊഴിച്ചു. സ്പാനിഷ് പ്രതിരോധനിരയുടെ പിഴവ് പെല്ലെയിലൂടെ ഇറ്റലി മുതലെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക