യൂറോ കപ്പ്: ഇംഗ്ലണ്ടിന് റഷ്യയുടെ സമനിലപ്പൂട്ട്
Published : 13th June 2016 | Posted By: SMR
മാഴ്സെ: യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിന് സമനിലപ്പൂട്ട്. ആവേശകരമായ മല്‍സരത്തില്‍ അതിവേഗ ഫുട്ബോളിന്റെ വക്താക്കളായ റഷ്യയാണ് ഇംഗ്ലീഷുകാരെ സമനിലയില്‍ പിടിച്ചുക്കെട്ടിയത്.
ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി തുല്ല്യത പാലിക്കുകയായിരുന്നു. 90 മിനിറ്റ് വരെ എറിക് ഡയറിന്റെ ഗോളില്‍ വിജയം ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ടിനെ ഇഞ്ചുറിടൈമിലാണ് റഷ്യ സമനിലയില്‍ പിടിച്ചുക്കെട്ടിയത്. കളിതീരാന്‍ മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കെ ഇംഗ്ലീഷ് പടയെ ഞെട്ടിച്ച് വാസ്ലി ബെരെസുറ്റ്സ്കിയിലൂടെയായിരുന്നു റഷ്യയുടെ സമനില ഗോള്‍.
ഇതോടെ ഗ്രൂപ്പിലെ ഇനിയുള്ള പോരാട്ടങ്ങള്‍ നിര്‍ണായകമായി മാറുകയും ചെയ്തു. ഇംഗ്ലണ്ട്, റഷ്യ എന്നിവര്‍ക്കു പുറമേ വെയ്ല്‍സ്, സ്ലൊവാക്യ എന്നീ ടീമുകളുള്പ്പെടുന്നതാണ് ഗ്രൂപ്പ് ബി. സ്ലൊവാക്യയെ ആദ്യ മല്‍സരത്തില്‍ തോല്‍പ്പിച്ച വെയ്ല്‍സാണ് മൂന്നു പോയിന്റുമായി നിലവില്‍ ഗ്രൂപ്പില്‍ തലപ്പത്ത്.
ഒരു പോയിന്റ് വീതം നേടി ഇംഗ്ലണ്ട്, റഷ്യ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ആദ്യപകുതി ഗോള്‍ രഹിതം
ക്യാപ്റ്റന്‍ വെയ്ന്‍ റൂണി, ഹാരി കെയ്ന്‍, റഹീം സ്റ്റെര്‍ലിങ്, ആദം ലല്ലാന എന്നിവരെ പ്ലെയിങ് ഇലവനില്‍ ഇറക്കി ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്സന് തങ്ങളുടെ നയം ആക്രമണാത്മക ഫുട്ബോളാണെന്ന് വ്യക്തമാക്കിയിരുന്നു.
ആദ്യപകുതിയില്‍ ഗോളൊന്നും നേടിയില്ലെങ്കില്‍ ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങളിലൂടെ ആക്രമിച്ചു കളിക്കുകയും ചെയ്തു. പക്ഷേ, റഷ്യയുടെ പ്രതിരോധത്തില്‍ തട്ടി ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ വിഫലമാവുകയായിരുന്നു. റഷ്യന്‍ ഗോളി ഇഗോര്‍ അകിന്‍ഫീവിന്റെ മികച്ച സേവുകളാണ് ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ക്ക് പ്രധാന വില്ലനായത്.
ആദം ലല്ലാനയുടേയും ക്രിസ് സ്മാളിങിന്റേയും ഗോളവസരങ്ങള്‍ അകിന്‍ഫീവിന്റെ സേവുകളില്‍ ലക്ഷ്യംതെറ്റുകയായിരുന്നു. 22ാം മിനിറ്റില്‍ കെയ്ല്‍ വാല്‍ക്കര്‍ നല്കിയ പാസ് സ്വീകരിച്ച ലല്ലാന റഷ്യയുടെ ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി.
രണ്ടാംപകുതി ആവേശകരം
രണ്ടാംപകുതിയിലും മികച്ച മുന്നേറ്റങ്ങളിലൂടെ ഇംഗ്ലണ്ട് മല്‍സരത്തില്‍ മുന്നിട്ടുനിന്നു. കളിയുടെ 73ാം മിനിറ്റില്‍ ഇംഗ്ലണ്ട് അര്‍ഹിച്ച ഗോളും കണ്ടെത്തി. മികച്ചൊരു ഫ്രീകിക്കില്‍ നിന്ന് ഡയറാണ് ഇംഗ്ലണ്ടിനു വേണ്ടി വലകുലുക്കിയത്.
ടോട്ടനം ഹോട്സ്പറിന്റെ മിഡ്ഫീല്‍ഡര്‍ കൂടിയായ ഡിയര്‍ ഇംഗ്ലണ്ടിനു വേണ്ടി എട്ട് മല്‍സരങ്ങളില്‍ നേടുന്ന രണ്ടാമത്തെ ഗോള്‍ കൂടിയാണിത്. ആദ്യ ഗോള്‍ വീണതോടെ റഷ്യ ആക്രമണാത്മക ഫുട്ബോള്‍ പുറത്തെടുത്തു. തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട റഷ്യ ഇഞ്ചുറിടൈമിലെ രണ്ടാം മിനിറ്റില്‍ തന്നെ സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു.
ഫ്രീകിക്കിലൂടെ ലഭിച്ച പന്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ബെരെസുറ്റ്സ്കി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മോസ്കോ എഫ്സിയുടെ ഡിഫന്‍ഡറാണ് 33 കാരനായ ബെരെസുറ്റ്സ്കി രാജ്യത്തിനു വേണ്ടി 97 മല്‍സരങ്ങളില്‍ നിന്ന് നേടുന്ന അഞ്ചാമത്തെ ഗോളാണിത്.
കളിയില്‍ പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം നേടിയ ഇംഗ്ലണ്ട് ഗോളിനായി അഞ്ച് തവണയാണ് ഷോട്ടുതീര്‍ത്തത്. തുടക്കത്തില്‍ പ്രതിരോധിച്ചു കളിക്കുന്നതില്‍ പ്രാധാന്യം കൊടുത്ത റഷ്യ ഗോളിനായി രണ്ട് ഷോട്ടുകളാണ് തൊടുത്തത്. മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ ഗാരി കാഹിലിനും റഷ്യയുടെ ജിയോര്‍ജി ഷെന്നികോവിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.