|    Jun 22 Fri, 2018 11:22 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോ കപ്പിനുള്ള 26 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; റഷ്‌ഫോര്‍ഡ്, ടൗണ്‍സെന്റ് ഫ്രാന്‍സിലേക്ക്

Published : 17th May 2016 | Posted By: SMR

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ പുതിയ സെന്‍സേഷനുകളായ മാര്‍കസ് റഷ്‌ഫോര്‍ഡ്, ആന്‍ഡ്രോസ് ടൗണ്‍സെന്റ് എന്നിവരെ ഉള്‍പ്പെടുത്തി യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ തിയോ വാല്‍കോട്ടിനെ പരിഗണിച്ചില്ല. മൈക്കല്‍ കാരിക്ക്, ജെര്‍മെയ്ന്‍ ഡെഫോ, ഫില്‍ ജഗിയേല്‍ക്ക എന്നിവരാണ് തഴയപ്പെട്ട മറ്റു പ്രമുഖര്‍. കോച്ച് റോയ് ഹോഡ്‌സനാണ് ഇന്നലെ 26 അംഗ ടീമിനെ തിരഞ്ഞെടുത്തത്.
മുന്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ഈ സീസണില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് റഷ്‌ഫോര്‍ഡിന് ദേശീയ ടീമിലേക്ക് വഴി തുറന്നത്. പ്രമുഖ സ്‌ട്രൈക്കര്‍മാരുടെ പരിക്കിനെത്തുടര്‍ന്ന് അവസരം ലഭിച്ച റഷ്‌ഫോര്‍ഡ് മിന്നുന്ന പ്രകടനത്തിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയായിരുന്നു. മാഞ്ചസ്റ്ററിലെ കന്നി സീസണിലെ ആദ്യ രണ്ടു കളികൡ നാലു ഗോളുകളുമായി തരംഗമായി മാറിയ റഷ്‌ഫോര്‍ഡ് 16 മല്‍സരങ്ങളില്‍ നിന്ന് ഏഴു ഗോളുകള്‍ അടിച്ചെടുത്തു. സീസണിന്റെ രണ്ടാംപകുതിയില്‍ വച്ചാണ് 18 കാരനായ റഷ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ ടീമിലെത്തിയത്.
കഴിഞ്ഞ ആഗസ്തില്‍ കാലിനു പരിക്കേറ്റു വിശ്രമിക്കുന്ന ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ ജാക് വില്‍ഷെറിനെ യൂറോ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സീസണില്‍ ഗണ്ണേഴ്‌സിനു വേണ്ടി മൂന്നു ലീഗ് മല്‍സരങ്ങളില്‍ മാത്രമേ താരം കളത്തിലിറങ്ങിയിട്ടുള്ളൂ. ദീര്‍ഘകാലത്തെ വിശ്രമത്തിനു ശേഷം മടങ്ങിയെത്തിയ വില്‍ഷെറിന് 141 മിനിറ്റ് മാത്രമാണ് കളിക്കാനായത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫാബിയന്‍ ഡെല്‍ഫ് യൂറോ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്റ്റണ്‍വില്ലയില്‍ നിന്നു സിറ്റിയിലേക്കു ചേക്കേറിയ ശേഷം എട്ടു മല്‍സരങ്ങളില്‍ മാത്രമാണ് താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. പ്രീമിയര്‍ ലീഗില്‍ നിന്നു തരംതാഴ്ത്തപ്പെട്ടെങ്കിലും ന്യൂകാസില്‍ യുനൈറ്റഡിനുവേണ്ടി നടത്തിയ ശ്രദ്ധേയ പ്രകടനമാണ് ടൗണ്‍സെന്റിന് യൂറോ ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. ദേശീയ ടീമില്‍ ഇടംപിടിക്കാനായത് ഏറെ അഭിമാനം നല്‍കുന്നതാണെന്ന് ടൗണ്‍സെന്റ് പറഞ്ഞു.
അതേസമയം, ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതില്‍ നിരാശനാണെന്ന് വാല്‍കോട്ട് പ്രതികരിച്ചു. കോച്ചുമായി ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു- താരം കൂട്ടിച്ചേര്‍ത്തു. യൂറോ കപ്പില്‍ റഷ്‌ഫോര്‍ഡിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് കടുത്ത മല്‍സരമാണ് നടക്കുന്നതെന്നും ഇത് അദ്ദേഹത്തിന് അറിയാമെന്നുമാണ് കോച്ച് ഹോഡ്‌സന്‍ പ്രതികരിച്ചത്.
ജൂണ്‍ 10 മുതല്‍ ഫ്രാന്‍സില്‍ ആരംഭിക്കുന്ന യൂറോ കപ്പിന്റെ ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് ഉള്‍പ്പെട്ടിട്ടുള്ളത്. വെയ്ല്‍സ്, റഷ്യ, സ്ലൊവാക്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 11ന് റഷ്യക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ കളി. 16നു വെയ്ല്‍സുമായും 20ന് സ്ലൊവാക്യയുമായും ഇംഗ്ലണ്ട് ഏറ്റുമുട്ടും.
യൂറോയ്ക്ക് മുമ്പ് തുര്‍ക്കി, ആസ്‌ത്രേലിയ, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കെതിരേ ഇംഗ്ലണ്ട് സന്നാഹമല്‍സരങ്ങള്‍ കളിക്കുന്നുണ്ട്. ആസ്‌ത്രേലിയക്കെതിരേ ഈ മാസം 27നു നടക്കുന്ന മല്‍സരത്തിനു ശേഷം യൂറോയ്ക്കുള്ള അന്തിമ 23 അംഗ ടീമിനെ കോച്ച് പ്രഖ്യാപിക്കും.
ടീം:
ഗോള്‍കീപ്പര്‍മാര്‍- ജോ ഹര്‍ട്ട് (മാഞ്ചസ്റ്റര്‍ സിറ്റി), ഫ്രെയ്‌സര്‍ ഫോസ്റ്റര്‍ (സതാംപ്റ്റന്‍), ടോം ഹെതണ്‍ (ബേണ്‍ലി). ഡിഫന്റര്‍മാര്‍-ഗാരി കാഹില്‍ (ചെല്‍സി), ക്രിസ് സ്‌മോളിങ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ജോണ്‍ സ്‌റ്റോണ്‍സ് (എവര്‍ട്ടന്‍), കൈല്‍ വാക്കര്‍ (ടോട്ടനം ഹോട്‌സ്പര്‍), റയാന്‍ ബെര്‍ട്രാന്റ് (സതാംപ്റ്റന്‍), ഡാനി റോസ് (ലിവര്‍പൂള്‍), നതാനിയേല്‍ ക്ലൈന്‍ (ലിവര്‍പൂള്‍). മിഡ്ഫീല്‍ഡര്‍മാര്‍-ഡെലെ അലി (ടോട്ടനം ഹോട്‌സ്പര്‍), ഫാബിയന്‍ ഡെല്‍ഫ് (മാഞ്ചസ്റ്റര്‍ സിറ്റി), റോസ് ബാര്‍ക്‌ലി (എവര്‍ട്ടന്‍), എറിക് ഡയര്‍ (ടോട്ടനം ഹോട്‌സ്പര്‍), ഡാനി ഡ്രിങ്ക്‌വാട്ടര്‍ (ലെസ്റ്റര്‍ സിറ്റി), ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍ (ലിവര്‍പൂള്‍), ആദം ലല്ലാന (ലിവര്‍പൂള്‍), ജെയിംസ് മില്‍നര്‍ (ലിവര്‍പൂള്‍), റഹീം സ്റ്റര്‍ലിങ് (മാഞ്ചസ്റ്റര്‍ സിറ്റി), ആന്‍ഡ്രോസ് ടൗണ്‍സെന്റ് (ന്യൂകാസില്‍ യുനൈറ്റഡ്), ജാക് വില്‍ഷെര്‍ (ആഴ്‌സനല്‍). സ്‌ട്രൈക്കര്‍മാര്‍- വെയ്ന്‍ റൂണി (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ഹാരി കെയ്ന്‍ (ടോട്ടനം ഹോട്‌സ്പര്‍), ജാമി വാര്‍ഡി (ലെസ്റ്റര്‍ സിറ്റി), ഡാനിയേല്‍ സ്റ്റുറിഡ്ജ് (ലിവര്‍പൂള്‍), മാര്‍കസ് റഷ്‌ഫോര്‍ഡ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss