|    Apr 20 Fri, 2018 3:00 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപ ലീഗ്: ലിവര്‍പൂള്‍ – സെവിയ്യ ഫൈനല്‍

Published : 7th May 2016 | Posted By: SMR

EL-Final.

ലണ്ടന്‍/ മാഡ്രിഡ്: യൂറോപ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ നിലവിലെ ജേതാക്കളായ സ്പാനിഷ് ടീം സെവിയ്യ ഇംഗ്ലീഷ് പവര്‍ഹൗസുകളായ ലിവര്‍പൂളുമായി പോരടിക്കും. രണ്ടാംപാദ സെമി ഫൈനലില്‍ ആധികാരിക വിജയം കൊയ്താണ് ലിവര്‍പൂളും സെവിയ്യയും ഫൈനലിലേക്കു കുതിച്ചത്. ഈ മാസം 18നാണ് കിരീടപ്പോര്.
കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാംപാദ സെമിയില്‍ ലിവര്‍പൂള്‍ 3-0ന് സ്പാനിഷ് ടീം വിയ്യാറയലിനെ തുരത്തുകയായിരുന്നു. എന്നാല്‍ മറ്റൊരു ഹോംമാച്ചില്‍ ഉക്രെയ്ന്‍ ജേതാക്കളായ ഷക്തര്‍ ഡൊണെസ്‌കിനെയാണ് സെവിയ്യ 3-1നു തകര്‍ത്തത്.
ഒന്നാംപാദത്തില്‍ 0-1നു തോറ്റ ലിവര്‍പൂള്‍ ഇരുപാദങ്ങളിലുമായി 3-1ന്റെ ഗംഭീര വിജയമാണ് ആഘോഷിച്ചത്. ഒന്നാംപാദത്തില്‍ 2-0ന്റെ ജയം നേടിയ സെവിയ്യ ഇരുപാദങ്ങളിലുമായി 5-3നു എതിരാളികളെ നിഷ്പ്രഭരാക്കി.
ലിവര്‍പൂളില്‍ ക്ലോപ്പ് മാജിക്  തുടരുന്നു
സൂപ്പര്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനെ വാഴ്ത്തുകയാണ് ലിവര്‍പൂള്‍ ആരാധകര്‍. കന്നി സീസണില്‍ തന്നെ ടീമിനെ യൂറോപ ലീഗിന്റെ ഫൈനലിലെത്തിച്ചതോടെയാണ് ക്ലോപ്പ് ആരാധകര്‍ക്കു പ്രിയപ്പെട്ടവനായത്.
സ്‌പെയിനില്‍ നടന്ന ആദ്യപാദത്തില്‍ അപ്രതീക്ഷിതമായി തഴയപ്പെട്ട സ്‌ട്രൈക്കര്‍ ഡാനിയേല്‍ സ്റ്റുറിഡ്ജിനെ തിരിച്ചുവിളിക്കാനുള്ള ക്ലോപ്പിന്റെ തന്ത്രം വിജയം കാണുകയായിരുന്നു. 63ാം മിനിറ്റില്‍ ഗോള്‍ നേടി സ്റ്റുറിഡ്ജ് കോച്ചിന്റെ വിശ്വാസം കാക്കുകയും ചെയ്തു.
ആദം ലല്ലാനയാണ് (81) മറ്റൊരു സ്‌കോ റര്‍. ആദ്യഗോള്‍ ഏഴാം മിനിറ്റില്‍ വിയ്യാറയല്‍ താരം ബ്രൂണോ സോറിയാനോയുടെ വകയായിരുന്നു. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ മിന്നുന്ന പ്രകടനമാണ് ലിവര്‍പൂളിനു ജയം നേടിക്കൊടുത്ത ത്. ടീമിന്റെ മൂന്നു ഗോളുകളിലും ഫിര്‍മിനോ പങ്കാളിയായി.
ആദ്യപാദത്തില്‍ തോറ്റതിനാല്‍ ലിവര്‍പൂളിന് ഈ മല്‍സരം നിര്‍ണായകമായിരുന്നു. വിയ്യാറയലിന്റെ ആധിപത്യമാണ് ആദ്യ 10 മിനിറ്റിനിടെ കണ്ടത്. ഗോള്‍ നേടാനുള്ള രണ്ട് മികച്ച അവസരങ്ങള്‍ വിയ്യാറയലിനു ലഭിച്ചെങ്കി ലും മുതലാക്കാനായില്ല.
ഏഴാം മിനിറ്റില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ലിവര്‍പൂളിനു ലീഡ് ലഭിച്ചു. വലതുമൂലയില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് വിയ്യാറയല്‍ ക്യാപ്റ്റന്‍ കൂടിയായ സോറിയാനോയുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
ഈ ഗോളിനുശേഷം ലിവര്‍പൂള്‍ എതിരാളികള്‍ക്കുമേല്‍ കത്തിക്കയറുന്നതാണ് കണ്ടത്. 13ാം മിനിറ്റില്‍ ജെയിംസ് മില്‍നറുടെ ലോങ്‌റേഞ്ച് ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തുപോയി.
31ാം മിനിറ്റില്‍ മില്‍നറുടെ കോര്‍ണര്‍ കിക്കില്‍ ദെയാന്‍ ലോവ്‌റന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു തൊട്ടുമുകളില്‍ വച്ച് വിയ്യാറയല്‍ ഗോളി പിടിയിലൊതുക്കി. 63ാം മിനിറ്റില്‍ ആന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് സ്റ്റുറിഡ്ജ് ലിവര്‍പൂളിനു ലീഡ് സമ്മാനി ച്ചു. ഫിര്‍മിനോ ബോക്‌സിനുള്ളിലേക്കു നല്‍ കിയ മനോഹരമായ ത്രൂബോള്‍ ഓ ഫ്‌സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ സ്റ്റുറിഡ്ജ് ഗോളിയെ നിസ്സഹായനാക്കി വലയിലേക്ക് പായിക്കുകയായിരുന്നു.
70ാം മിനിറ്റി ല്‍ വിക്ടര്‍ റൂയിസ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു കളംവിട്ടതോടെ വിയ്യാറയലിന്റെ അംഗസംഖ്യ 10 ആയി ചുരുങ്ങി.
ഫൈനല്‍ വിസിലിന് ഒമ്പതു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലിവര്‍പൂളിന്റെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി ലല്ലാന മൂന്നാം ഗോള്‍ നിക്ഷേപിച്ചു. ഇടതുവിങിലൂടെ ബോക്‌സിനുള്ളിലേക്ക് കുതിച്ചുകയറിയ ഫിര്‍മിനോയുടെ പാസ് ശരിയായി കണക്ട് ചെയ്യാന്‍ സ്റ്റുറിഡ്ജിനായില്ലെങ്കിലും തൊട്ടുമുന്നിലുണ്ടായിരുന്ന ലല്ലാന പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.
ഹാട്രിക് കിരീടത്തിനരികെ സെവിയ്യ
തുടര്‍ച്ചയായി മൂന്നാംതവണയും യൂറോപ ലീഗ് കിരീടമെന്ന റെക്കോഡിന് തൊട്ടരികിലാണ് സെവിയ്യ. ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും ഈ നേട്ടം കൈവരിച്ചിട്ടില്ല. നാലു കിരീടങ്ങളുമായി ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോഡ് കഴിഞ്ഞ സീസണില്‍ത്തന്നെ സെവിയ്യ സ്വന്തം പേരിലാക്കിയിരുന്നു.
ഷക്തറിനെതിരായ രണ്ടാംപാദത്തില്‍ കെവിന്‍ ഗമെയ്‌റോയുടെ ഇരട്ടഗോളാണ് സെവിയ്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഒമ്പത്, 47 മിനിറ്റുകളിലാണ് താരം ലക്ഷ്യംകണ്ടത്. മൂന്നാംഗോള്‍ 59ാം മിനിറ്റില്‍ മരിയാനോയുടെ വകയായിരുന്നു. എഡ്വാര്‍ഡോ ഷക്തറിന്റെ ആശ്വാസഗോളിനുടമയായി. ആദ്യപകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു ഈ ഗോള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss