|    Apr 21 Sat, 2018 12:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപ ലീഗ്: മാഞ്ചസ്റ്ററിന് വീണ്ടും തിരിച്ചടി; ലിവര്‍പൂളിന് സമനില

Published : 20th February 2016 | Posted By: SMR

കോപന്‍ഹേഗന്‍/മ്യൂണിക്ക്: ഇംഗ്ലണ്ടിലെ മുന്‍ അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഷ്ടക്കാലം തീരുന്നില്ല. യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ അവസാന 32ലെ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ദുര്‍ബലരായ മിഡിലാന്‍ഡാണ് റെഡ് ഡെവിള്‍സിനെ ഞെട്ടിച്ചത്.
മിഡിലാന്‍ഡിന്റെ ഹോംഗ്രൗണ്ടായ ഹെര്‍നിങില്‍ അരങ്ങേറിയ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ അപ്രതീക്ഷിത തോല്‍വി. അതേസമയം, ഇംഗ്ലണ്ടിലെ മറ്റൊരു ഗ്ലാമര്‍ ടീമായ ലിവര്‍പൂളിന് സമനിലകുരുക്ക് നേരിട്ടു. ജര്‍മനിയില്‍ നിന്നുള്ള ഓഗ്‌സ്ബര്‍ഗാണ് ടൂര്‍ണമെന്റില്‍ മൂന്നു തവണ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ അവസാന 32ലെ ആദ്യപാദത്തില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്.
എന്നാല്‍, ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസ്യ ഡോട്മുണ്ടും നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനില്‍ നിന്നുള്ള സെവിയ്യയും തകര്‍പ്പന്‍ വിജയവുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഡോട്മുണ്ട് 2-0ന് പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയെയും സെവിയ്യ 3-0ന് നോര്‍വെയില്‍ നിന്നുള്ള മോള്‍ഡെയെയുമാണ് തോല്‍പ്പിച്ചത്.
മറ്റു മല്‍സരങ്ങളില്‍ സെന്റ് എത്തിയെന്ന 3-2ന് ബാസെലിനെയും ആന്‍ഡര്‍ലെക്ട് 1-0ന് ഒളിംപിയാക്കോസിനെയും വിയ്യാറയല്‍ 1-0ന് നപ്പോളിയെയും വലന്‍സിയ 6-0ന് റാപിഡിനെയും അത്‌ലറ്റിക് ബില്‍ബാവോ 1-0ന് മാഴ്‌സല്ലെയെയും ബയേര്‍ ലെവര്‍ക്യൂസന്‍ 1-0ന് സ്‌പോര്‍ട്ടിങ് ക്ലബ്ബിനെയും പരാജയപ്പെടുത്തിയപ്പോള്‍ ടോട്ടന്‍ഹാം-ഫിയൊറെന്റീന (1-1), ഗലാത്‌സരെ-ലാസിയോ (1-1) ഷക്തര്‍ ഡൊണെസ്‌ക്-ഷാല്‍ക്കെ (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
37ാം മിനിറ്റില്‍ മെംപിസ് ഡിപേയിലൂടെ മുന്നിലെത്തിയതിനു ശേഷമാണ് മിഡിലാന്‍ഡിനെതിരേ മാഞ്ചസ്റ്റര്‍ തോല്‍വിയേറ്റുവാങ്ങിയത്. മിഡിലാന്‍ഡിനു വേണ്ടി പിയോനെ സിസ്‌റ്റോയും (44ാം മിനിറ്റ്) പോള്‍ ഒനുഹാചോയുമാണ് (77) സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ വെയ്ന്‍ റൂണിക്കു പുറമേ ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയും പരിക്ക് മൂലം കളിക്കാതിരുന്നത് മാഞ്ചസ്റ്ററിന്റെ തോല്‍വിക്ക് കാരണമായി. പരിക്ക് മൂലം റൂണി ഡെന്‍മാര്‍ക്ക് പര്യടനത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.
എന്നാല്‍, മല്‍സരത്തിന് മുന്നോടിയായുള്ള അവസാന പരിശീലന സെഷനിടെയാണ് ഡെഹെയ്ക്ക് പരിക്കേറ്റത്. ഡെഹെയ്ക്കു പകരം സെര്‍ജിയോ റോമേറോയാണ് കളിയില്‍ മാഞ്ചസ്റ്ററിന്റെ വലകാത്തത്. മല്‍സരത്തില്‍ പന്തടക്കത്തില്‍ ആധിപത്യം നേടാനായെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നു. മിഡിലാന്‍ഡിനെതിരേ തോല്‍വി വഴങ്ങിയതോടെ പരിശീലകന്‍ ലൂയിസ് വാന്‍ഗാലിന്റെ മാഞ്ചസ്റ്ററിലെ ഭാവി അവതാളത്തിലായി. വാന്‍ഗാലിനെ മാഞ്ചസ്റ്റര്‍ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ പൂര്‍വാധികം ശക്തിയോടെ പരക്കുകയാണ്.
ഈ സീസണില്‍ വ്യത്യസ്ഥ ലീഗുകളിലായി മാഞ്ചസ്റ്റര്‍ 11 തോല്‍വികളാണ് ഏറ്റുവാങ്ങിയത്. ഈ മാസം 25നാണ് മാഞ്ചസ്റ്ററും മിഡിലാന്‍ഡും തമ്മിലുള്ള രണ്ടാംപാദം അരങ്ങേറുന്നത്.
അതേസമയം, ഓഗ്‌സ്ബര്‍ഗിനെതിരേ ആധിപത്യം നേടാനായെങ്കിലും ഗോള്‍ കണ്ടെത്താന്‍ മാത്രം ലിവര്‍പൂളിനായില്ല. എങ്കിലും ടൂര്‍ണമെന്റിലെ രണ്ടാംപാദം ഹോംഗ്രൗണ്ടിലാണെന്നത് പ്രീക്വാര്‍ട്ടറിലേക്കുള്ള ചുവടുവയ്പ്പില്‍ ലിവര്‍പൂളിന് പ്ലസ് പോയിന്റാണ്.
പോര്‍ട്ടോയ്‌ക്കെതിരേ ലുകാസ് പിസെക്കിയും (ആറാം മിനിറ്റ്) മാര്‍കോ റ്യൂസും (71) ഡോട്മുണ്ടിനായി ലക്ഷ്യംകണ്ടപ്പോള്‍ മോള്‍ഡെയ്‌ക്കെതിരേ സെവിയ്യക്കു വേണ്ടി ഫെര്‍ണാണ്ടോ ലോറെന്റെ ഇരട്ട ഗോള്‍ നേടി തിളങ്ങി. ശേഷിക്കുന്ന ഗോള്‍ കെവിന്‍ ഗമെയ്‌റോയുടെ വകയായിരുന്നു. റാപിഡിനെതിരേ വലന്‍സിയക്കു വേണ്ടി സാന്റി മിന ഇരട്ട ഗോളോടെ മിന്നി.
37ാം മിനിറ്റില്‍ നകാര്‍ ചാഡ്‌ലിയുടെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ടോട്ടന്‍ഹാമിനെ 59ാം മിനിറ്റില്‍ ഫെഡറികോ ബെര്‍നാഡസ്ചിയിലൂടെ ഫിയൊറെന്റീന സമനില പിടിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss