|    Oct 24 Tue, 2017 12:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപ ലീഗ്: മാഞ്ചസ്റ്ററിനും ഇന്ററിനും ഷോക്ക്

Published : 17th September 2016 | Posted By: SMR

ആംസ്റ്റര്‍ഡാം: സൂപ്പര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്ക്കു കീഴില്‍ ഇംഗ്ലീഷ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് മാഞ്ചസ്റ്ററിന് ഒടുവില്‍ അടിതെറ്റിയത്.
ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തിനിറങ്ങിയ മാഞ്ചസ്റ്ററിനെ ഹോളണ്ട് ക്ലബ്ബായ ഫെയ്‌നൂര്‍ദ് മറികടക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് യൂറോപ ലീഗിലെ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഫെയ്‌നൂര്‍ദിന്റെ ജയം. മാഞ്ചസ്റ്ററിന് പുറമേ മുന്‍ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ ഇന്റര്‍മിലാനും പരാജയം നേരിട്ടു. ഗ്രൂപ്പ് കെയിലെ ആദ്യ മല്‍സരത്തില്‍ ഇസ്രയേല്‍ ക്ലബ്ബായ ഹാപോല്‍ ബീര്‍ ഷേവയാണ് ഇന്ററിനെ അട്ടിമറിച്ചത്. എവേ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഹാപോലിന്റെ വിജയം. എന്നാല്‍, എഎസ് റോമയെ 1-1ന് പ്ലെസന്‍ സമനിലയില്‍ കുരുക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന ക്ലാസിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ അടിയറവ് പറഞ്ഞ മാഞ്ചസ്റ്റര്‍ ഫെയ്‌നൂര്‍ദിന്റെ ഒരടിയില്‍ വീഴുകയായിരുന്നു. കളിയുടെ രണ്ടാംപകുതിയിലെ 79ാം മിനിറ്റിലാണ് മാഞ്ചസ്റ്ററിനെ സ്തബ്ധരാക്കി ഫെയ്‌നൂര്‍ദ് ലക്ഷ്യംകണ്ടത്. 79ാം മിനിറ്റില്‍ ടോണി വിഹനയുടെ വകയായിരുന്നു ഫെയ്‌നൂര്‍ദിന്റെ വിജയഗോള്‍. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാച്ചെയെ 1-1ന് ഉക്രെയ്‌നില്‍ നിന്നുള്ള ലുഹാന്‍സ്‌ക് സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് ബിയില്‍ ഗ്രീസ് ക്ലബ്ബായ ഒളിംപിയാകോസും സൈപ്രസ് ടീമായ അപോലും വിജയക്കൊടി നാട്ടി. ഒളിംപിയാകോസ് 1-0ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള യങ് ബോയ്‌സിനെയും അപോല്‍ കസാക്കിസ്താന്‍ 2-1ന് ക്ലബ്ബായ അസ്റ്റാനയെയുമാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സിയില്‍ ബെല്‍ജിയം ക്ലബ്ബായ ആന്‍ഡര്‍ലെക്ട് 3-1ന് അസര്‍ബെയ്ജാനില്‍ നിന്നുള്ള ഗാബലയെ തോല്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സില്‍ നിന്നുള്ള സെന്റ് എത്തിയെന്നയും ജര്‍മന്‍ ടീമായ മെയ്ന്‍സും 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് ഡിയില്‍ ഏഴ് ഗോള്‍ കണ്ട ത്രില്ലറില്‍ റഷ്യയില്‍ നിന്നുള്ള സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് 4-3ന് ഇസ്രയേലില്‍ നിന്നുള്ള മകാബി തെല്‍ അവീവിനെ പരാജയപ്പെടുത്തി. ഹോളണ്ട് ക്ലബ്ബായ അല്‍മാക്കറും അയര്‍ലന്‍ഡില്‍ നിന്നുള്ള ഡുണ്ടാല്‍ക്കും 1-1ന് സമനില പങ്കിട്ടു. ഗ്രൂപ്പ് ഇയില്‍ നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിയേഗോ പെറോട്ടി പ്ലെസനെതിരേ റോമയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍, 11ാം മിനിറ്റില്‍ മറെക് ബാകോസിലൂടെ പ്ലെസന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ഓസ്ട്രിയ വിയെന്‍ 3-2ന് റുമാനിയന്‍ ക്ലബ്ബായ ആസ്ട്രയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് എഫില്‍ സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബില്‍ബാവോയെ എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റാലിയന്‍ ടീമായ സാസുവോലോ തുരത്തി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഓസ്ട്രിയയില്‍ നിന്നുള്ള റാപിഡ് വിയെന്‍ 3-2ന് ബെല്‍ജിയം ക്ലബ്ബായ ജെന്റിനെ മറികടന്നു. മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് ജിയില്‍ അയാക്‌സ് 2-1ന് പനന്തിയാകോസിനെ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ് എച്ചില്‍ ഷക്തര്‍ ഡൊണസ്‌ക് 1-0ന് കോനാസ്പറിനെയും ഗ്രൂപ്പ് ഐയില്‍ ഷാല്‍ക്കെ 1-0ന് നൈസിനെയും ഗ്രൂപ്പ് എല്ലില്‍ വിയ്യാറയല്‍ 2-1ന് സൂറിച്ചിനെയും പരാജയപ്പെടുത്തുകയായിരുന്നു.
ഇരട്ട ഗോള്‍ നേടിയ മൗര്‍ ബുസാഗ്ലോയാണ് ഇന്ററിനെതിരേ ഹാപോലിന് മികച്ച ജയം നേടിക്കൊടുത്തത്. ഗ്രൂപ്പ് കെയിലെ മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്റ്റന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള സ്പാര്‍ട്ട പ്രാഗിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ജെയില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഫിയൊറെന്റീനയെ ഗ്രീസില്‍ നിന്നുള്ള പിഎഒകെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക