|    Apr 21 Sat, 2018 5:11 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപ ലീഗ്: ചാംപ്യന്‍മാര്‍ക്കെതിരേ ക്ലോപ്പിന്റെ കുട്ടികള്‍

Published : 18th May 2016 | Posted By: SMR

ബാസെല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): യൂറോപ ലീഗിന്റെ കലാശപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് ടീമുമായ സെവിയ്യ ഇന്ന് ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളുമായി അങ്കം കുറിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലിലുള്ള സെന്റ് ജേക്കബ് പാര്‍ക്കിലാണ് കിരീടപ്പോര്.
ഹാട്രിക് കിരീടമെന്ന സെവിയ്യയുടെ ലക്ഷ്യം തടയാന്‍ യുര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ലിവര്‍പൂളിനാവുമോയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സെവിയ്യ നാലു തവണയും ലിവര്‍പൂള്‍ മൂന്നു വട്ടവും ടൂര്‍ണമെന്റില്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.
ലിവര്‍പൂള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ സമാപിച്ചതിനാല്‍ ലിവര്‍പൂളിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്നത്തെ ഫൈനലിലാണ്. പ്രീമിയര്‍ ലീഗില്‍ എട്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാനെ റെഡ്‌സിനായുള്ളൂ.
അവസാന റൗണ്ട് മല്‍സരത്തില്‍ ലിവര്‍പൂളിനെ വെസ്റ്റ്‌ബ്രോം 1-1നു തളയക്കുകയായിരുന്നു. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ ആദ്യ ആറു സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ ലിവര്‍പൂളിനാവുമായിരുന്നു. യൂറോപ ലീഗ് കലാശക്കളി പടിവാതില്‍ക്കെ നില്‍ക്കുന്നതിനാല്‍ വെസ്റ്റ്‌ബ്രോമിനെതിരേ റിസര്‍വ് ടീമിനെയാണ് കോച്ച് ക്ലോപ്പ് കളത്തിലിറക്കിയത്. സ്ഥിരം ഇലവനിലെ 11 പേരെയും അദ്ദേഹം മാറ്റിനിര്‍ത്തി.
പരിശീലകസ്ഥാനമേറ്റെടുത്ത് ഏഴു മാസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ക്ലോപ്പിനു കീഴില്‍ ലിവര്‍പൂളിന്റെ രണ്ടാം ഫൈനലാണിത്. ഇംഗ്ലീഷ് ലീഗ് കപ്പിന്റെ കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ ലിവര്‍പൂള്‍ കിരീടം അടിയറവ് വച്ചിരുന്നു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും ഫൈനലില്‍ അടിതെറ്റുകയെന്ന ദുഷ്‌പേര് മായ്ക്കാന്‍ ക്ലോപ്പിന് ഇന്നു ജയിച്ചേ തീരൂ. നേരത്തേ ജര്‍മന്‍ ടീം ബൊറൂസ്യ ഡോട്മുണ്ടിന്റെ കോച്ചായിരുന്നപ്പോള്‍ നാലു ഫൈനലുകളിലാണ് ക്ലോപ്പ് പരാജയമേറ്റുവാങ്ങിയത്. ഇതില്‍ 2013ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലുമുള്‍പ്പെടുന്നു.
ഇന്നു ജയിച്ചാല്‍ ടീമിനെ യൂറോപ്യന്‍ വിജയത്തിലേക്കു നയിച്ച ബില്‍ ഷാന്‍ക്‌ലി, ബോബ് പെയ്‌സ്‌ലി, ജോ ഫഗന്‍, ജെറാര്‍ഡ് ഹൂളിയര്‍, റാഫേല്‍ ബെനിറ്റസ് തുടങ്ങിയ ലിവര്‍പൂളിന്റെ ഇതിഹാസ കോച്ചുമാരുടെ പട്ടികയില്‍ ക്ലോപ്പും ഇടംപിടിക്കും. 2005ലാണ് ലിവര്‍പൂള്‍ അവസാനമായി യൂറോപ്യന്‍ കിരീടം കൈക്കലാക്കിയത്. ചാംപ്യന്‍സ് ലീഗിലായിരുന്നു ഈ നേട്ടം.
സെവിയ്യ
ലിവര്‍പൂളിനെപ്പോലെ ദേശീയ ലീഗായ ലാ ലിഗയുള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളിലെ മോശം പ്രകടനത്തിനു ശേഷമാണ് സെവിയ്യ ഇന്നത്തെ ഫൈനലില്‍ ബൂട്ടണിയുന്നത്. അടുത്ത സീസണിലെ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവര്‍ക്ക് ഇന്നു ജയം അനിവാര്യമാണ്.
സ്പാനിഷ് ലീഗിലെ അവസാന മല്‍സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയോട് 1-3ന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയതോടെ സെവിയ്യക്ക് ഏഴാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
ചില റെക്കോഡുകളാണ് ഇന്നു ജയിച്ചാല്‍ സെവിയ്യയെ കാത്തിരിക്കുന്നത്. കൂടുതല്‍ തവണ ചാംപ്യന്മാരാവുന്ന ടീം, തുടര്‍ച്ചയായി മൂന്നു വട്ടം ജേതാക്കളാവുന്ന ടീം എന്നീ റെക്കോഡുകള്‍ സെവിയ്യയുടെ പേരിലാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss