|    Apr 25 Wed, 2018 10:49 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപ്പില്‍ ഫൈനല്‍ ഫീവര്‍

Published : 21st May 2016 | Posted By: mi.ptk

Phil-Jones-and-Ashley-Young

ലണ്ടന്‍/ ബെര്‍ലിന്‍: ഫൈനല്‍ ഫീവറിലാണ് യൂറോപ്യന്‍ ഫുട്‌ബോള്‍. ഇന്നും നാളെയുമായി അഞ്ചു രാജ്യങ്ങളിലാണ് കലാശപ്പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. എഫ്എ കപ്പ്, ജര്‍മന്‍ കപ്പ്, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, ഫ്രഞ്ച് കപ്പ് എന്നിവയിലാണ് ഇന്നു ഫൈനല്‍ നടക്കുന്നത്. കിങ്‌സ് കപ്പിന്റെ (കോപ ഡെല്‍ റേ) ഫൈനലില്‍ നാളെ ബാഴ്‌സലോണ സെ വിയ്യയുമായി ഏറ്റുമുട്ടും.ഇംഗ്ലണ്ടില്‍ ഇന്നു നടക്കുന്ന എഫ്എ കപ്പിന്റെ കലാശക്കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസുമായി അങ്കംകുറിക്കും. ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍ ചിവൈരികളായ ബയേണ്‍ മ്യൂണിക്കും ബൊറൂസ്യ ഡോട്മുണ്ടും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നതെങ്കില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ മറ്റൊരു ബദ്ധവൈരികളായ എസി മിലാനും യുവന്റസും ശക്തി പരീക്ഷിക്കും. ഫ്രഞ്ച് കപ്പിന്റെ ഫൈനലില്‍ ഗ്ലാമര്‍ ടീം പാരിസ് സെന്റ് ജര്‍മെയ്ന്‍ മാഴ്‌സെയുമായി മാറ്റുരയ്ക്കും.

ഗ്വാര്‍ഡിയോളയ്ക്ക് ജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ ബയേണ്‍
pep

ബെര്‍ലിന്‍: സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്ക് കിരീടവിജയത്തോടെ യാത്രയയക്കാനുറച്ചാണ് ബയേണ്‍ ഇന്നു ഡോട്മുണ്ടുമായി പോരടിക്കുന്നത്. ഈ സീസണിനുശേഷം ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ഗ്വാര്‍ഡിയോള സമ്മതം മൂളിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച ജര്‍മന്‍ ലീഗില്‍ തുടര്‍ച്ചയായി നാലാം തവണയും ബയേണ്‍ ചാംപ്യന്‍പട്ടം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ സീസണിലെ കന്നിക്കിരീടമാണ് ഡോട്മുണ്ടിന്റെ ലക്ഷ്യം. ജര്‍മന്‍ കപ്പില്‍ തുടര്‍ച്ചയായി മൂന്നു ഫൈനലുകളില്‍ കാലിടറിയെങ്കിലും ഇത്തവണ ഭാഗ്യം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഡോട്മുണ്ട് സ്വപ്‌നം കാണുന്നു. കഴിഞ്ഞ സീസണിലെ ജര്‍മന്‍ കപ്പിന്റെ സെമി ഫൈനലില്‍ ഡോട്മുണ്ട് ബയേണിനെതിരേ വെന്നിക്കൊടി പാറിച്ചിരുന്നു.

കന്നിക്കിരീടം തേടി വാന്‍ഗാലിന്റെ മാഞ്ചസ്റ്റര്‍
ലണ്ടന്‍: ഡച്ച് പരിശീലകന്‍ ലൂയിസ് വാന്‍ഗാലിനു കീഴില്‍ കന്നിക്കിരീടമെന്ന മോഹം ഇന്നു പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ഫുട്‌ബോളിലെ അതികായന്‍മാരായ മാഞ്ചസ്റ്റര്‍. പ്രീമിയര്‍ ലീഗിലെ തന്നെ ക്രിസ്റ്റല്‍ പാലസിനെതിരേ ജയം കൊയ്യാന്‍  റെഡ് ഡെവിള്‍സ് തയ്യാറായിക്കഴിഞ്ഞു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് എഫ്എ കപ്പിന്റെ കലാശക്കളി അരങ്ങേറുന്നത്.കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യ എഫ്എ കപ്പാണ് മാഞ്ചസ്റ്റര്‍ ലക്ഷ്യമിടുന്നത്. 1990ലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്നത്തെ മല്‍സരം. അന്ന് എതിരില്ലാത്ത ഒരു ഗോളിനു പാലസിനെ കീഴടക്കി മാഞ്ചസ്റ്റര്‍ ജേതാക്കളായിരുന്നു.ഒരുപക്ഷെ വാന്‍ഗാലിനു കീഴില്‍ മാഞ്ചസ്റ്ററിന്റെ അവസാന മല്‍സരം കൂടിയായിരിക്കും ഇന്നത്തേത്. സീസണിനു ശേഷം അദ്ദേഹത്തെ നീക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ എഫ്എ കപ്പ് വിജയത്തോടെ തന്റെ പരിശീലകസ്ഥാനം ഉറപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് വാന്‍ഗാല്‍.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന മാഞ്ചസ്റ്റര്‍ ചാംപ്യന്‍സ് ലീഗ്, യൂറോപ ലീഗ്, ഇംഗ്ലീഷ് ലീഗ് കപ്പ് എന്നിവയിലെല്ലാം നിരാശപ്പെടുത്തുകയും ചെയ്തിരുന്നുപാലസിനെതിരായ കണക്കുകള്‍ മാഞ്ചസ്റ്ററിന് ഇന്നു മുന്‍തൂക്കം നല്‍കുന്നുണ്ട്. വിവിധ ടൂര്‍ണമെന്റുകളിലായി പാലസിനെതിരായ 20 മല്‍സരങ്ങളില്‍ 15 ലും മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നു. കഴിഞ്ഞ മാസം പ്രീമിയര്‍ ലീഗില്‍ പാലസിനെ  മാഞ്ചസ്റ്റര്‍ 2-0നു തുരത്തിയിരുന്നു.

ഇബ്രാഹിമോവിച്ചിന് പിഎസ്ജി ജഴ്‌സിയില്‍ ഇന്ന് അവസാന മല്‍സരം
download

പാരിസ്: ക്ലബ്ബിന്റെ ഇതിഹാസങ്ങളിലൊരാളായി മാറിയ സ്വീഡിഷ് ഗോള്‍മെഷീന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന് പിഎസ്ജി ജഴ്‌സിയില്‍ ഇന്നു അവസാന മല്‍സരം. സീസണിനു ശേഷം പിഎസ്ജി വിടുമെന്ന് താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് കപ്പില്‍ കിരീടനേട്ടത്തോടെ തന്റെ ഉജ്ജ്വല കരിയറിന് തിരശീലയിടാനൊരുങ്ങുകയാണ് ഇബ്ര. പിഎസ്ജിക്കൊപ്പം ഈ സീസണില്‍ ഫ്രഞ്ച് ലീഗ് കപ്പ് നേട്ടത്തില്‍ നേരത്തേ തന്നെ താരം പങ്കാളിയായിരുന്നു.തുടര്‍ച്ചയായി നാലു തവണ പിഎസ്ജി ജഴ്‌സിയില്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട ഇബ്രാഹിമോവിച്ച് ടീമിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോഡും സ്വന്തം പേരിലാക്കിയിരുന്നു. നിലവിലെ ഫ്രഞ്ച് കപ്പ് ചാംപ്യന്‍മാര്‍ കൂടിയാണ് പിഎസ്ജി. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഓക്്‌സ്‌റെയെയാണ് പിഎസ്ജി 1-0നു മറികടന്നത്.  ഇന്നു ജയിക്കാനായാല്‍ ഏറ്റവുമധികം തവണ ഫ്രഞ്ച് കപ്പ് കരസ്ഥമാക്കിയ മാഴ്‌സെയുടെ നേട്ടത്തിനൊപ്പമെത്താന്‍ പിഎസ്ജിക്കാവും. 10 തവണയാണ് മാഴ്‌സെ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്.ഇബ്രയെക്കൂടാതെ ഡച്ച് ഡിഫന്റര്‍ ഗ്രെഗറി വാന്‍ഡര്‍ വെയ്‌ലിനും പിഎസ്ജിക്കൊപ്പം അവസാന മല്‍സരമാണ് ഇന്നത്തേത്. സീസണിനു ശേഷം ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കും. കരാര്‍ നീട്ടാന്‍ താല്‍പര്യമില്ലെന്ന് പിഎസ്ജി വാന്‍ഡര്‍ വെയ് ്‌ലിനെ അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss