|    Oct 19 Fri, 2018 3:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു

Published : 28th September 2017 | Posted By: fsq

 

കൊച്ചി: യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാനെത്തിയ യുവതികളെ ആക്രമിച്ചെന്ന കേസില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. എറണാകുളം മരട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡ്രൈവറായ കുമ്പളം സ്വദേശി ടി ഐ ഷെഫീഖ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ആരാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണോ കേസെടുത്തതെന്നും അതോ സ്ത്രീകള്‍ ആയതുകൊണ്ടു മാത്രമാണോ കേസെന്നും ഇന്നലെ ഹരജി പരിഗണനയ്ക്കു വന്നയുടന്‍ കോടതി ചോദിച്ചു. നിര്‍ബന്ധിതാവസ്ഥയിലാണ് കേസെടുത്തതെന്നു പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പരാതിക്കാരായ യുവതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒരാള്‍ ഒരു ജ്വല്ലറിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കിയ വ്യക്തിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസെടുത്ത പോലിസ് നടപടി വിശദമായി പരിശോധിക്കേണ്ടതാണെന്നും തെറ്റായാണ് കേസെടുത്തതെങ്കില്‍ നടപടിയുണ്ടാവുമെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് കേസെടുക്കാനുണ്ടായ സാഹചര്യം, കേസിലെ വസ്തുതകള്‍ തുടങ്ങിയവ സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കി.ഈ മാസം 20ന് ഉച്ചയ്ക്ക് 12ന് നടന്ന സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചു; കരുതിക്കൂട്ടി ആക്രമിച്ചു; മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഷെഫീഖിനെതിരേ മരട് പോലിസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ ക്കുറിച്ച് ഷെഫീഖ് ജാമ്യഹരജിയില്‍ വിശദീകരിക്കുന്നുണ്ട്. തന്റെ യൂബര്‍ ടാക്‌സി പിക്കിങ് പോയന്റില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മൂന്നു സ്ത്രീകള്‍, ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. കാര്യം വിശദീകരിക്കാന്‍ തുടങ്ങുമ്പോഴേക്കും അവര്‍തന്നെ ആക്രമിച്ചു. കല്ലു കൊണ്ടടിക്കുകയും കടിക്കുകയും വസ്ത്രം പിഴുതുമാറ്റുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരേ കേസെടുത്തെങ്കിലും താന്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആവുന്നതിനു മുമ്പേ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. തുടര്‍ന്ന് പോലിസ് ഗൂഢാലോചന നടത്തി തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നെന്നും ജാമ്യഹരജിയില്‍ പറയുന്നു. ഷെഫീഖിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ കോടതി കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss