|    Oct 18 Thu, 2018 2:41 am
FLASH NEWS

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം;മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി

Published : 22nd September 2017 | Posted By: fsq

 

മരട്: പട്ടാപ്പകല്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനെതിരേ സംസ്ഥാന മനഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ കുമ്പളം താനത്ത് ഷെഫീക്കാണ് പരാതി നല്‍കിയത്. ബുധനാഴ്ച്ച രാവിലെ വൈറ്റില ജങ്ഷനിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് മൂന്ന് യുവതികളെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പോലിസിന് കൈമാറിയിരുന്നു. എന്നാല്‍ ഇവരെ അന്ന് തന്നെ മരട് പോലിസ് ആള്‍ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.ഡ്രൈവര്‍ക്ക് തലക്കടിയേറ്റതുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും യുവതികളെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജങ്്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതികളുടെ കരിങ്കല്ല് ഉപയോഗിച്ചുള്ള അടിയില്‍ തലയ്ക്ക് പരിക്ക് പറ്റിയ ടാക്‌സി ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ഷെഫീക്കിനെ(32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജങ്്ഷനില്‍ നാട്ടുകാരും വ്യാപാരികളും പോലിസ് ട്രാഫിക് വാര്‍ഡനും നോക്കി നില്‍ക്കെയാണ് ഷെഫീക്കിന് മര്‍ദ്ദനമേറ്റത്.ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് പിടികൂടി പോലിസ് വാച്ച് ടവറില്‍ തടഞ്ഞ് വച്ച കണ്ണൂര്‍ സ്വദേശിനികളായ യുവതികളെ പിന്നീട് വനിതാ പോലിസെത്തി മരട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര സിബിന്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം(30)എന്നിവര്‍ക്കെതിരേയാണ് മരട് പോലിസ് കേസെടുത്ത് വിട്ടയച്ചത്. അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ്  എറണാകുളം ഷേണായീസില്‍ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫിസിലേക്ക് പോവുന്നതിന് യൂബറിന്റെ ഷെയര്‍ ടാക്‌സി (പൂള്‍ബുക്ക്) വിളിച്ച് യാത്ര ചെയ്ത് വൈറ്റിലയില്‍ എത്തിയതോടെ, ഇവിടെ ഇതേ യൂബര്‍ ടാക്‌സി തന്നെ ബുക്ക് ചെയ്ത് കാത്തിരുന്ന സ്ത്രീകളും കാറില്‍ കയറാനെത്തി. എന്നാല്‍ തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ കയറുന്നത് അനുവദിക്കില്ല, അതിനാല്‍ ഇയാളെ ഇറക്കി വിടണം എന്ന് യുവതികള്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ഷിനോജാണ് ആദ്യം ബുക്ക് ചെയ്ത് കയറിയതെന്നും അതിനാല്‍ ഇയാളെ ഇറക്കിവിടാനാവില്ലെന്ന് ടാക്‌സി ഡ്രൈവറും വ്യക്തമാക്കി. തര്‍ക്കം മുറുകിയതോടെ താന്‍ മുന്‍ സീറ്റിലേക്ക് മാറാന്‍ തയ്യാറാണ്, നിങ്ങള്‍ ഒന്നിച്ച് പിന്നില്‍ ഇരുന്നോളൂ എന്ന് ഷിനോജ് പറഞ്ഞെങ്കിലും ഷിനോജിനെ പുറത്താക്കി തങ്ങള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന വാശിയില്‍ യുവതികള്‍ ഉറച്ച് നിന്നതാണ് പിന്നീട് സംഘട്ടത്തില്‍ കലാശിച്ചത്. തര്‍ക്കം കണ്ട് ട്രാഫിക് വാര്‍ഡനും നാട്ടുകാരും ചുറ്റും കൂടി. തുടര്‍ന്ന്  യുവതികള്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഡ്രൈവര്‍ ഷെഫീക്കിന്റെ മുണ്ട് വലിച്ച് കീറിയ ശേഷം മൂന്ന് യുവതികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും യുവാവിന്റെ അടിവസ്ത്രം വരെ വലിച്ച് കീറിയ യുവതികള്‍ ലഹരിക്ക് അടിമപ്പെട്ടതു പോലുള്ള പരാക്രമങ്ങളാണ് പിന്നീട് കാണിച്ച് കൂട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാവിനെ പരിധിവിട്ട് മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ മൂവരെയും തടഞ്ഞ് വച്ച് പോലിസിലേല്‍പ്പിക്കുകയായിരുന്നു. മരട് സ്‌റ്റേഷനിലെത്തിച്ച യുവതികളെ മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വിവരമറിഞ്ഞ് തൃക്കാക്കര അസി. കമ്മീഷണര്‍ പി പി ഷംസ് സ്‌റ്റേഷനിലെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss