|    Oct 15 Mon, 2018 10:09 pm
FLASH NEWS

യൂനിവേഴ്‌സിറ്റിക്ക് പരാതി നല്‍കിയതിന്റെ പേരില്‍ അങ്കമാലി ഡിസ്റ്റ് കോളജില്‍ മൂന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയതായി പരാതി

Published : 22nd January 2017 | Posted By: fsq

 

അങ്കമാലി: സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി യൂനിവേഴ്‌സിറ്റ് പരാതി നല്‍കിയെന്നതിന്റെ പേരില്‍ അങ്കമാലി ഡിസ്റ്റ് കോളജില്‍ മൂന്ന് വിദ്യാര്‍ഥികളെ അകാരണമായി പുറത്താക്കിയതായി പരാതി. 2014-2017 ബാച്ച് ബി എ മള്‍ട്ടിമീഡിയ വിദ്യാര്‍ഥികളായ മാര്‍ട്ടിന്‍, സിറിള്‍, ടോണി എന്നിവരെയാണ് കോളജില്‍ നിന്നും ഡീ ബാര്‍ ചെയ്തിരിക്കൂന്നത് കോളജില്‍ മള്‍ട്ടിമീഡിയ കോഴ്‌സിന് യാതൊരു സൗകര്യം ഒരുക്കിയില്ലയെന്ന് പറഞ്ഞ് യുനിവേഴ്‌സിറ്റിയ്ക്കും മറ്റും പരാതി നല്‍കിയതിനാണ്  വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്തിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഡിസ്റ്റ് കോളജിലും പാമ്പാടി നെഹ്‌റു കോളജ് മോഡല്‍ ഫൈന്‍ നടപ്പിലാക്കുന്നുണ്ടന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഡീ ബാര്‍ ചെയ്ത വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോളജ് മാനേജ്‌മെന്റിന്റെ  പീഡനത്തില്‍ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതും വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. ഡീ ബാര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്ന് വര്‍ഷത്തെ ബി എ മള്‍ട്ടിമീഡിയ കോഴ്‌സിന് ഏകദേശം മൂന്ന് ലക്ഷം രൂപയോളം ചെലവു വരുന്നുണ്ട്. ഇത്രയും പണം ചെലവഴിച്ച് പഠിക്കുന്ന ബിഎ മള്‍ട്ടിമീഡിയ കോഴ്‌സ് പഠിപ്പിക്കുവാന്‍ യോഗ്യരായ അധ്യാപകരോ പഠന സൗകര്യങ്ങളൊ ഇല്ലാത്ത അവസ്ഥയാണ് കോളജില്‍ നിലവിലുള്ളത്. ഇതിനെ കുറിച്ച് ഈ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധിച്ചതിനാണ്  ബി എ മള്‍ട്ടിമീഡിയ കോഴ്‌സ് പഠിക്കുന്ന മാര്‍ട്ടിന്‍ , സിറിള്‍, ടോണി തുടങ്ങിയ വിദ്യാര്‍ഥികളെ ഡീ ബാര്‍ ചെയ്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പക്കല്‍ നിന്ന് വാങ്ങുന്ന ഫീസിനു അനുകൂലമായ വേതനവും മറ്റ് ആനുകൂല്യങ്ങളും അധ്യാപകര്‍ക്ക് നല്‍കാതിരുന്നതാണ് മികച്ച അധ്യാപകര്‍ ഇവിടെ നില്‍ക്കാതിരിക്കുന്നത.് കത്തോലിക്ക സഭ പുരോഹിതര്‍ നടത്തുന്ന സ്ഥാപനമായതുകൊണ്ടാണ് ഇവിടെ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ഇതുവരെ പരാതികളുമായി മുന്നോട്ടു പോകാതിരുന്നത.് എന്നാല്‍ തങ്ങളുടെ ഭാവി തകരാറാകുമെന്ന് മനസിലായതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പരാതികളുമായി രംഗത്ത് ഇറങ്ങിയത്. മള്‍ട്ടിമീഡിയ കോഴ്‌സില്‍ എം ജി യൂനിവേഴ്‌സിറ്റി പരീക്ഷയെഴുതിയ 31 പേരില്‍ 6 പേര്‍ മാത്രമാണ് പാസായത്. ആറ് മാസം കൊണ്ട് നടക്കേണ്ട കോഴ്‌സ് യാതൊരു സൗകര്യങ്ങളും ഒരുക്കാതെ രണ്ടാഴ്ച്ചകൊണ്ട് അധ്യാപകര്‍ എടുത്ത് തീര്‍ത്തതാണ് ഇത്രയും വിദ്യാര്‍ഥികള്‍ തോല്‍ക്കുന്നതിന് കാരണമായതെന്ന് പറയപ്പെടുന്നു. ഈ കോഴ്‌സ് പഠിക്കുന്ന പതിനഞ്ച് വിദ്യാര്‍ഥികളാണ് എം ജി യൂനിവേഴ്‌സിറ്റി വിസിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.  ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എം ജി യൂനിവേഴ്‌സിറ്റി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് എതിരെ അച്ചടക്ക നടപടിയെന്ന നിലയില്‍ പീഡിപ്പിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോളജില്‍ സംസാരിച്ചാലും ഐ ഡി കാര്‍ഡ് ഉപയോഗിക്കാതിരുന്നാലും മൊബൈല്‍ കൊണ്ടു വന്നാലും കോളജ് ഹോസ്റ്റലില്‍ ഒന്‍പത് മണി കഴിഞ്ഞ് കയറിയാലും മറ്റൊരാളുടെ മുറിയില്‍ കയറിയിലും വരെ പിഴയീടാക്കുന്നതിന് കാരണമാകുന്നുണ്ട്. മാനേജ്‌മെന്റിന് താല്‍പര്യമുള്ള വിദ്യാര്‍ഥികളെ പിഴയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. 100 രൂപ മുതല്‍ 1000 രൂപ വരെ തോന്നിയതു പോലെയാണ് കോളജ് മാനേജ്‌മെന്റ് പിഴയിടാക്കുന്നത്. ഇങ്ങനെ ഒരു വര്‍ഷം 4,000 രൂപ വരെ ഒരു വിദ്യാര്‍ഥിയില്‍ നിന്ന് ഈടാക്കുന്നതായി പരാതിയുണ്ട.് പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ കോളജില്‍ അടിപിടിയുണ്ടാക്കുകയും 38.2 ശതമാനം മാത്രം അറ്റന്റന്‍സ് ഉള്ളവരുമാണെന്നും അതിനാലാണ് അവരെ പുറത്താക്കിയതെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss