|    Jun 22 Fri, 2018 12:59 pm
FLASH NEWS

യൂത്ത് ലീഗില്‍ പൊട്ടിത്തെറി : ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ ഗ്രൂപ്പിസം ആളിക്കത്തിച്ച് മുസ് ലിംലീഗ്

Published : 7th August 2017 | Posted By: fsq

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: തെക്കന്‍ കേരളത്തില്‍ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗില്‍ പൊട്ടിത്തെറി. അതേസമയം, ഗ്രൂപ്പിസം ആളിക്കത്തിച്ച് ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് മുസ്‌ലിം ലീഗിലെ ഇരുവിഭാഗം നേതാക്കള്‍. മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തെക്കന്‍ കേരളത്തില്‍ നടത്തിയ പര്യടന പരിപാടി രൂക്ഷമായ വിഭാഗീയതില്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. ഗ്രൂപ്പിസം കളിച്ച് തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരെ പ്രധാന സ്ഥാനങ്ങളിലിരുത്തി പ്രവര്‍ത്തിച്ചുവന്ന ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടത് മുസ്്‌ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, ഈ തക്കം മുതലാക്കി അധികാരം പിടിച്ചെടുക്കാനാണു മറുവിഭാഗത്തിന്റെ നീക്കം. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ലീഗിനേക്കാള്‍ വിഭാഗീയത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലാണ്. ഇത് കൈയാങ്കളിയിലെത്താതെ ജില്ലാ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കാനാണ് മുസ്്‌ലിം ലീഗിന്റെ ശ്രമം. ഇടുക്കി ജില്ലയില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീമും ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂറും നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളാണ് യൂത്ത് ലീഗിന്റെ നേതൃത്വം പിടിച്ചെടുക്കാന്‍ നെട്ടോട്ടമോടുന്നത്. ഇത് യൂത്ത് ലീഗ് പ്രവര്‍ത്തകരില്‍ പൊട്ടിത്തെറിക്കിടയാക്കിയിട്ടുണ്ട്. ടി എം സലീം ഗ്രൂപ്പില്‍പ്പെട്ട ടി കെ നവാസാണ് വര്‍ഷങ്ങളായി യൂത്ത് ലീഗിന്റെ തലപ്പത്ത്. പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിയില്‍ പ്രസിഡന്റും സെക്രട്ടറിയും ടി എം സലീം ഗ്രൂപ്പില്‍നിന്നായിരുന്നു. കെ എം എ ഷുക്കൂര്‍ വിഭാഗത്തിലെ സി എം അന്‍സാര്‍ ആയിരുന്നു ജില്ലാ ഖജാഞ്ചി. ഇദ്ദേഹം അടക്കം നാല് ജില്ലാ കമ്മിറ്റിയംഗങ്ങളെയാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ പര്യടനം അട്ടിമറിച്ചെന്നാരോപിച്ചു പുറത്താക്കിയത്. ഈ സ്ഥാനങ്ങളില്‍ക്കൂടി തങ്ങളുടെ ആളുകളെ തിരുകിക്കയറ്റാനുള്ള നീക്കത്തിനിടെയാണ് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതോടെ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ തന്നെ നേതൃത്വത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്നു. തൊടുപുഴയില്‍ ലീഗ് ശക്തികേന്ദ്രങ്ങളായ കുമ്മങ്കല്ല്, ഇടവെട്ടി മേഖകളില്‍ കെ എം എ ഷുക്കൂര്‍ വിഭാഗവും ടി എം സലീം ഗ്രൂപ്പും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലാണ്. ഇതിനിടെ നിഷ്പക്ഷരായ പ്രവര്‍ത്തര്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ നേതൃത്വം തിരഞ്ഞെടുക്കപ്പെടണമെന്ന നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. ടി എം സലീമും കെ എം എ ഷുക്കൂറും ടി കെ നവാസും വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ സമുദായത്തിനോ വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ഇരുവിഭാഗവും ശക്തമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആളിക്കത്തിച്ച് മുതലെപ്പിനു ശ്രമിക്കന്നത്. അതേസമയം, തെക്കന്‍കേരളത്തിലെ മൂന്നു ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടെന്ന വാര്‍ത്ത തേജസിനു ലഭിച്ചത് കണ്ടുപിടിക്കാന്‍ യൂത്ത് ലീഗ് നേതൃത്വം അന്വേഷണ കമ്മീഷനെ നിയമിച്ചു. ഇതുവഴിയും എതിരാളികളെ ഒതുക്കാനുള്ള തന്ത്രമാണ് മെനയുന്നതെന്ന ആക്ഷേപം ശക്തമാണ്. തേജസ് വാര്‍ത്തയെ തുടര്‍ന്ന് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രസ്ഥാനങ്ങള്‍ക്കെതിരേ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഈ പ്രസ്ഥാനങ്ങള്‍ വിട്ട് പ്രവര്‍ത്തകര്‍ യൂത്ത് ലീഗില്‍ ചേരുന്നതിന്റെ അമര്‍ഷമാണ് വാര്‍ത്തയ്ക്കു പിന്നിലെന്നായിരുന്നു ആക്ഷേപം. മുസ്‌ലിം ലീഗിലെയും യൂത്ത് ലീഗിലെയും വിഭാഗീയത സഹിക്കവയ്യാതെ തെക്കന്‍ കേരളത്തില്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയത് നിരവധിപേരാണ്. മുസ്‌ലിം യൂത്ത്‌ലീഗ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയംഗം വണ്ടിപ്പെരിയാറിലെ ഫൈസല്‍ ബിന്‍ ഹംസ ലീഗ് വിട്ട് സിപിഎമ്മിലേക്കു പോയത് ഉദാഹരണം. പീരുമേട് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ പാര്‍ട്ടിലേക്കെത്തിച്ച ഫൈസലിനെ ഗ്രൂപ്പിസം കളിച്ച് ഒതുക്കുകയായിരുന്നു. പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയോഗത്തില്‍ നിന്നാണ് വിഭാഗീയത ചൂണ്ടിക്കാട്ടി ഫൈസല്‍ ഇറങ്ങിപ്പോയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss