|    May 28 Sun, 2017 10:39 am
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

Published : 19th October 2016 | Posted By: Abbasali tf

കണ്ണൂര്‍: സ്വാശ്രയ ഫീസ് വര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളജിനുള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ തടയാന്‍ പോലിസ് നടത്തിയ ശ്രമം കല്ലേറിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു. ലാത്തിച്ചാര്‍ജിലും കല്ലേറിലും ആറ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 10ഓടെയാണ് മാര്‍ച്ച നടത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പോലിസിനെതിരേ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തിവീശുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഒ കെ പ്രസാദ്, കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, പ്രവര്‍ത്തകരായ വി പി ജിനേഷ്, അബ്ദുല്‍ വാഹിദ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ആര്‍ആര്‍എഫിലെ പോലിസുകാരായ സന്തോഷ്, വിപിന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സിറ്റി സിഐ കെ വി പ്രമോദ്, ചക്കരക്കല്ല് എസ്‌ഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സംഗര്‍ഷവുമായി ബന്ധപ്പെട്ട് 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഞ്ചരക്കണ്ടി പോലിസ് അറസ്റ്റ് ചെയ്തു. ഉപരോധത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. കെ സി മുഹമ്മദ് ഫൈസല്‍, സി രഘുനാഥ്, ഒ കെ പ്രസാദ്, സുധീഷ് മുണ്ടേരി, ടി എം ഹാരിസ്, സുദീപ് ജെയിംസ്, പി എ ഹരി, ഷമീജ് പെരളശ്ശേരി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day