|    Jan 18 Wed, 2017 1:44 pm
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പരിക്കേറ്റ ഏഴു നേതാക്കളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 27th September 2016 | Posted By: SMR

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ തിരുവനന്തപുരത്ത് പോലിസ് നടത്തിയ മര്‍ദനത്തിലും സ്വാശ്രയ ഫീസ് വര്‍ധനവിലും  പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേര്‍ക്കും പോലിസ് ലാത്തി വീശി.
ഇന്നലെ രാവിലെ ആലപ്പുഴ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലിസ് ലാത്തി വീശിയത്. പോലിസ് ഒരുക്കിയ ബാരിക്കേഡ് തകര്‍ത്തു കലക്ടറേറ്റിനുള്ളിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെശ്രമമാണ് ലാത്തി ചാര്‍ജിനിടയാക്കിയത്. കലക്ടറേറ്റിന്റെ വടക്കുഭാഗത്തെ ഗേറ്റിലും കയര്‍ഫെഡ് ഷോറൂമിനു സമീപത്തും പ്രവര്‍ത്തകരെ പോലിസ് ഓടിച്ചിട്ട് അടിച്ചു.  ഗുരുതരമായി പരിക്കേറ്റ ഏഴു നേതാക്കളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് അവിനാശ് ഗംഗന്‍, നേതാക്കളായ എം പി മുരളീകൃഷ്ണന്‍, സജില്‍ ഷെറീഫ്, ഷാജി ഉടുമ്പാക്കല്‍, മഹീന്‍, സി ആര്‍ ധനേഷ്. സല്‍മാന്‍ എന്നിവര്‍ക്കാണ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റത്. അവിനാശ് ഗംഗന്റെ കൈയൊടിഞ്ഞിട്ടുണ്ട്. പിന്നീട് ഇവരെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. കെ സി വേണുഗോപാല്‍ എം പി, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, എസ് ശരത് ആശുപത്രിയിലെത്തി.
ഇന്നലെ രാവിലെ നെഹ്‌റുഭവനില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. മാര്‍ച്ച്  ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. എസ് ദീപു അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. എസ് ശരത്, അവിനാശ് ഗംഗന്‍, ധനേഷ്, ദീപക്, എസ് രാജേഷ്, എന്‍ പി വിമല്‍, അംജിത്കുമാര്‍, നൗഫല്‍ സംസാരിച്ചു. അതേസമയം പോലിസ് രാജിലൂടെ യുവജന സമരങ്ങളെ അടിച്ചൊതുക്കാനാണ് സര്‍ക്കാ ര്‍ ശ്രമിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം  മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നീതിയും ഭരണത്തിലേറുമ്പോ ള്‍ മറ്റൊരു നിതിയും നടപ്പാക്കുന്ന എല്‍ഡിഎഫിന്റെ കാപട്യരാഷ്ട്രീയത്തിന്റെ തെളിവാണ് നടന്നുവരുന്ന പോലിസ് അതിക്രമങ്ങള്‍ എന്ന് യോഗം വിലയിരുത്തി. സമാധാനപരമായി  സമരം നടത്തി പിരിഞ്ഞുപോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നാലെയെത്തി മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി പറഞ്ഞു.
പോലിസ് രാജിലൂടെ ജനകീയ പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താനും പ്രവര്‍ത്തകരുടെ മേല്‍ സംഹാര താണ്ഡവമാടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക