|    Aug 18 Fri, 2017 12:55 am
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം; പന്ത്രണ്ട് പേര്‍ക്കു പരിക്ക്

Published : 19th August 2016 | Posted By: SMR

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജ് സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് രണ്ടു തവണ ലാത്തി വീശി. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇടുക്കി സിഐ ഉള്‍പ്പെടെ ഒന്‍പത് പോലിസുകാര്‍ക്കും പരിക്കേറ്റു.
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജോ മാണി,  കൊന്നത്തടി  മണ്ഡലം പ്രസിഡന്റ് ബിനീഷ് അഗസ്റ്റിന്‍,  ഇരട്ടയാര്‍  മണ്ഡലം യൂത്തുകോണ്‍ഗ്രസ്  പ്രവര്‍ത്തകന്‍ സെബിന്‍ എബ്രാഹം എന്നീ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരിക്കേറ്റ്  ഇടുക്കി മെഡിക്കല്‍ കോളജില്‍  ചികില്‍സയിലുള്ളത.്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ  മുകേഷ് മോഹന്‍, ലിലീഷ് അഗസ്റ്റിന്‍, ജ്യോതിഷ് ജോയി എന്നീവരും പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. സംഘര്‍ഷത്തില്‍ ഇടുക്കി സിഐ സിബിച്ചന്‍ ജോസഫിന് കല്ലേറില്‍ പരിക്കേറ്റു. ഇടുക്കി സ്റ്റേഷനിലെ  എസ്‌ഐ  ഗോപിനാഥന്‍, എഎസ്‌ഐ സെബാസ്റ്റിയന്‍,  പോലിസുകാരായ കെപി ബിജുമോന്‍, ബൈജു സി പി, കെ പി പ്രദീപ് , അന്‍സാര്‍, സിബി ജോര്‍ജ്, എം ഡി ദിലീപ് എന്നീ പോലിസുകാര്‍ക്കും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പരിക്കേറ്റ മറ്റു പ്രവര്‍ത്തകര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയിലാണ്. രാവിലെ 10ന് ചെറുതോണിയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തില്‍  സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ചെറുതോണിയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജിന് സമീപം പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡിനെ മറികടന്നു പ്രകടനക്കാര്‍ അകത്തു കടക്കാന്‍ ശ്രമിച്ചതോടെയാണ്  സംഘര്‍ഷമുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു രാവിലെ തന്നെ തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, ഇടുക്കി സിഐ സിബിച്ചന്‍ ജോസഫ്,  കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജ്,  കാളിയാര്‍ സിഐ  അഗസ്റ്റിന്‍, കഞ്ഞിക്കുഴി  സിഐ  വര്‍ഗീസ് ജോസഫ് എന്നിവരുടെ  നേതൃത്വത്തില്‍  എഴുന്നൂറോളം പോലിസുകാരെ  മെഡിക്കല്‍ കോളജിന്റെ പരിസരത്ത്  വിന്യസിച്ചിരുന്നു.സംഘര്‍ഷത്തിന് ശേഷം യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  തൊടുപുഴ-പുളിയന്മല സംസ്ഥാന പാത  20 മിനിറ്റോളം  ഉപരോധിച്ചു.
സംഭവത്തില്‍ എട്ട് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന  150 ഓളം പേരെയും പ്രതിയാക്കി ഇടുക്കി പോലിസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ,  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവര്‍ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക