|    Jan 20 Fri, 2017 3:03 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യു.എ.ഇ.യില്‍ ജീവനക്കാരുടെ വേതനം 10 ദിവസത്തിനകം നല്‍കണം

Published : 27th July 2016 | Posted By: sdq

ദുബയ്: ജീവനക്കാരുടെ ശമ്പളം മുഴുവനും കുടിശ്ശിക പരിധിയുടെ 10 ദിവസത്തിനകം കൊടുത്തിരിക്കണമെന്ന് നിര്‍ദേശിച്ച് പുതിയ മന്ത്രാലയ ഉത്തരവ്. മനുഷ്യ വിഭവ-സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. വേതന സംരക്ഷണ നിയമത്തി(ഡബ്‌ള്യു.പി.എസ്)ല്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ചുള്ള കുടിശ്ശികത്തീയതിക്കകമാണ് മുഴുവന്‍ ശമ്പളവും നല്‍കേണ്ടത്. ഉത്തരവ് ഈ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ പ്രാബല്യത്തിലാകും.
നൂറിലധികം തൊഴിലാളികളുള്ള കമ്പനികള്‍ നിര്‍ബന്ധമായും നിര്‍ദിഷ്ട തീയതിക്കകം ശമ്പളം നല്‍കണമെന്ന് മന്ത്രി സഖര്‍ ഗുബാഷ് സഈദ് ഗുബാഷ് പറഞ്ഞു. ഈ ഉത്തരവ് പാലിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്ക് ശമ്പളം വൈകിയത് മുതലുള്ള 16-ാം ദിവസം മുതല്‍ അധിക തൊഴിലനുമതി അനുവദിക്കുന്നതല്ല.
ഇക്കാര്യത്തില്‍ രണ്ടു പ്രധാന കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ആദ്യമായി, കുടിശ്ശികയായ തീയതി മുതല്‍ വേതനം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെടുന്നതോടെയാണ് ശമ്പളം വൈകല്‍ സംഭവിക്കുന്നത്. രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വേതനം നല്‍കുന്നതില്‍ നിന്നും കമ്പനി വിട്ടു നില്‍ക്കുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. എന്നാല്‍, ഓരോ കേസും ഓരോന്നായാാണ് മന്ത്രാലയം പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കമ്പനി ഒരു മാസത്തെ വേതനം നല്‍കുന്നത് വൈകിയെങ്കില്‍ പ്രസ്തുത കമ്പനി ശമ്പളം നല്‍കാതിരിക്കുന്ന ഘട്ടത്തില്‍ പ്രവേശിച്ചുവെന്ന് കരുതുമെന്നും അക്കാര്യം നിയമ അധികൃതരെയും ബന്ധപ്പെട്ട കക്ഷികളെയും മന്ത്രാലയം അറിയിക്കുമെന്നും ആവശ്യമായ നടപടികള്‍ക്ക് ആവശ്യപ്പെടുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന്, ഒരേ ഉടമയുടെ കീഴിലുള്ള മറ്റു കമ്പനികള്‍ക്ക് നേരെയും കടുത്ത നടപടികളുണ്ടാകും. പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഉടമയെ അനുവദിക്കില്ലെന്നതിന് പുറമെ, നിരോധവും ഏര്‍പ്പെടുത്തും -ഉത്തരവ് വിശദീകരിച്ചു.
ഇതുകൂടാതെ, വേതനം നല്‍കുന്നതില്‍ നിന്ന് ഒരു കമ്പനി വിട്ടു നിന്നാല്‍, ബാങ്ക് ഗ്യാരണ്ടി ഉപയോഗിച്ച് ആവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നതാണ്. മൂന്നാം കാറ്റഗറിയിലേക്ക് കമ്പനിയെ തരം താഴ്ത്തുകയും ഈ കമ്പനിയിലെ തൊഴിലാളികളെ മറ്റൊന്നിലേക്ക് മാറാന്‍ വഴിയൊരുക്കുകയും ചെയ്യും. 60 ദിവസത്തെ വേതനമാണ് കൊടുക്കാനുള്ളതെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് പിഴകള്‍ കമ്പനിക്കെതിരെ ചുമത്തും. ഒരു മാസത്തെ ശമ്പളം നല്‍കാത്തതിനുള്ള ശിക്ഷകള്‍ സാധാരണ പോലെ നിലനില്‍ക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ഓരോ തൊഴിലാളിയുടെയും വൈകിയ വേതനത്തിന് 5,000 ദിര്‍ഹമാണ് അഡ്മിനിസ്‌ട്രേറ്റീവ് പിഴ ഈടാക്കുക. 2 മാസത്തെ വേതനത്തെ കുറിച്ച് ഒരുകൂട്ടം തൊഴലാളികള്‍ പരാതിപ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തുന്നതാണ്.
ഇതിലെ പോസിറ്റീവ് വശവും എടുത്തു പറയേണ്ടതാണ്. വേതനം വൈകിച്ച കമ്പനി ആ മാസത്തെ ശമ്പളം ഉടന്‍ നല്‍കിയാല്‍ പുതിയ തൊഴിലനുമതിക്ക് ആ കമ്പനിക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍, രണ്ടിലധികം മാസത്തെ ശമ്പളം നല്‍കാനുണ്ടെങ്കില്‍ രണ്ടു മാസത്തെ നിരോധമാണ് ഏര്‍പ്പെടുത്തുക. ഇതിന് പുറമെ, നൂറില്‍ താഴെ തൊഴിലാളികളുള്ള കമ്പനിയാണ് ശമ്പളം വൈകിക്കുന്നതും നല്‍കാത്തതുമെങ്കില്‍ നിലവിലെ ചട്ടങ്ങള്‍ അവര്‍ക്കു മേല്‍ ബാധകമാക്കുന്നതാണ്. തൊഴിലനുമതി റദ്ദാക്കുന്നതു മുതല്‍ പിഴകള്‍ വരെയും തുടര്‍ന്ന്, രണ്ടു മാസത്തെ ശമ്പളം നല്‍കാനുണ്ടെങ്കില്‍ പെതുവിചാരണയും നടത്തുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക