|    Oct 23 Mon, 2017 3:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യു.എ.ഇ.യിലെ ഉച്ച വിശ്രമ 99.8 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചു

Published : 17th July 2016 | Posted By: sdq

ദുബയ്: യു.എ.ഇയുടെ മധ്യാഹ്ന വിശ്രമ നിയമം 99.8 ശതമാനം സ്ഥാപനങ്ങളും പാലിച്ചുവെന്ന് അധികൃതര്‍. ഈ മാസം 15 മുതലാണ് മൂന്നു മാസത്തേക്ക് മധ്യാഹ്ന വിശ്രമ നിയമം ആരംഭിച്ചത്. ഇതുവരെയായി 29,185 സ്ഥാപനങ്ങള്‍ നിയമം പാലിച്ചു. 47 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തി. വിദഗ്ധരായ 18 ഇന്‍സ്‌പെക്ടര്‍മാരുടെ സംഘങ്ങള്‍ യു.എ.ഇയിലുടനീളം 29,232 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി. കഴിഞ്ഞ മാസം 16,651 സാധാരണ സന്ദര്‍ശനങ്ങളും നടത്തിയതായും തൊഴില്‍ മന്ത്രാലയത്തിലെ പരിശോധനാ കാര്യ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മാഹിര്‍ അല്‍ ഉബദ് വെളിപ്പെടുത്തി. മിക്ക സ്ഥാപനങ്ങളും നിയമം പാലിച്ചതിലുള്ള സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. തൊഴിലാളികള്‍ക്ക് സുരക്ഷയും ആരോഗ്യവും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കടുത്ത ചൂടില്‍ നിന്ന് രക്ഷയായി മധ്യാഹ്ന വിശ്രമ നിയമം പ്രഖ്യാപിച്ചത്. നിശ്ചിത നേരത്ത് നിയമ വിരുദ്ധമായി തൊഴിലെടുക്കുന്ന ഓരോ വ്യക്തിയുടെ പേരിലും 5,000 ദിര്‍ഹം പിഴ ചുമത്തുന്നതാണ്. നിയമലംഘനം നടത്തിയ തൊഴിലാളികളുടെ സംഘമുണ്ടെങ്കില്‍ 50,000 ദിര്‍ഹം വരെ പിഴ ഉയരും. കുറ്റകൃത്യം നടത്തിയ കമ്പനിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും.
അബുദാബിയില്‍ 5,124 പരിശോധനാ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. അല്‍ഐന്‍ 3,538, ദുബയ്് 3,672, ഷാര്‍ജ 4,202, അജ്മാന്‍ 4,236, റാസല്‍ഖൈമ 4,268, ഉമ്മുല്‍ഖുവൈന്‍ 2,642, ഫുജൈറ 1,550 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളില്‍ നടന്ന പരിശോധനകളുടെ എണ്ണം. പ്രതിദിന തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ കൂടുതലാവാന്‍ പാടില്ലെന്നാണ് തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പ്രഭാത, സായാഹ്ന ഷിഫ്റ്റുകളില്‍ ഇത് ബാധകമാണ്. ഓവര്‍ ടൈമിന് അധിക ജോലി സമയം കണക്കാക്കി 1980ലെ ഫെഡറല്‍ ലോ നമ്പര്‍ എട്ട് പ്രകാരം വേതനം നല്‍കേണ്ടതാണ്. പ്രതിദിന ഡ്യൂട്ടി ഷെഡ്യൂള്‍ അറബിയില്‍ തയാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. തൊഴിലാളികള്‍ക്ക് കൂടി മനസ്സിലാക്കാന്‍ വ്യത്യസ്ത ഭാഷകളിലും നോട്ടീസ് പതിച്ചിരിക്കണം. തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ആശ്വാസമെന്ന നിലക്കാണ് മധ്യാഹ്ന വിശ്രമ നിയമം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്നത്. ഈ നേരം തൊഴിലാളികള്‍ തൊഴിലെടുക്കുന്നത് വിലക്കിയിരിക്കുകയാണ്. അതേസമയം, അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ ഈ സമയം കഴിഞ്ഞുള്ള നേരത്ത് അത്തരം ജോലികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. മധ്യാഹ്ന വിശ്രമ വേളയിലും ജോലി തുടരേണ്ട സാഹചര്യമുള്ള സാങ്കേതിക കാരണങ്ങള്‍ പരിഗണിച്ച് അസാധാരണ നടപടിയെന്ന നിലക്ക് തൊഴിലാളികള്‍ക്ക് വേണമെങ്കില്‍ പ്രവര്‍ത്തിക്കാമെന്ന് മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഉബൈദ് ബിന്‍ ദീമാസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക