|    Dec 15 Sat, 2018 4:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യു.എ.ഇ.എക്‌സ്‌ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

Published : 21st November 2018 | Posted By: ke

ദുബയ്: യു.എ.ഇ. എക്‌സ്‌ചേഞ്ചും ചിരന്തന കലാസാംസ്‌കാരിക വേദിയും ചേര്‍ന്ന് യശഃശരീരനായ പത്രപ്രവര്‍ത്തകന്‍ പി.വി.വിവേകാനന്ദന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വപുരസ്‌കാരത്തിന് മലയാള പത്രപ്രവര്‍ത്തകരിലെ കുലപതിയും കേരള പ്രസ്സ് അക്കാദമി മുന്‍ അധ്യക്ഷനുമായ തോമസ് ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. മലയാള മനോരമയിലെ 56 വര്‍ഷത്തെ സുദീര്‍ഘസേവനത്തിനു ശേഷം എഡിറ്റോറിയല്‍ ഡയറക്ടര്‍ പദവിയില്‍ നിന്ന് 2017 ലാണ് അദ്ദേഹം വിരമിച്ചത്. കഴിഞ്ഞവര്‍ഷം അന്തരിച്ച മാധ്യമകാരന്‍ വി.എം.സതീഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന, ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് ഗള്‍ഫ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിന്‍സാല്‍ അബ്ദുല്‍ ഖാദര്‍ അര്‍ഹനായപ്പോള്‍ മികച്ച റേഡിയോ ജേര്‍ണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് റേഡിയോയിലെ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ജസിത സംജിത് തിരഞ്ഞെടുക്കപ്പെട്ടു.

ഗള്‍ഫിലെ മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള പതിനേഴാമത് യു.എ.ഇ.എക്‌സ്‌ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരങ്ങളില്‍ അച്ചടി മാധ്യമരംഗത്തെ മികവിന് മാതൃഭൂമിയില്‍ 32 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള, ഇപ്പോള്‍ ഗള്‍ഫിലെ മാതൃഭൂമി മാധ്യമങ്ങളുടെ വാര്‍ത്താവിഭാഗം തലവനായി പ്രവര്‍ത്തിക്കുന്ന പി.പി.ശശീന്ദ്രനും ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ മീഡിയ വണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനും ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ ഏഷ്യാവിഷന്‍ പോര്‍ട്ടലുകളായ ദുബായ് വാര്‍ത്ത ഡോട്ട് കോം, ഒമാന്‍ മലയാളം ഓണ്‍ലൈന്‍ റേഡിയോ, ബഹ്‌റൈന്‍വാര്‍ത്ത ഡോട്ട് കോം എന്നിവയുടെ ചീഫ് എഡിറ്റര്‍ നിസ്സാര്‍ സെയ്ദും പുരസ്‌കാരം നേടി. ഗള്‍ഫ് ടുഡേ പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കമാല്‍ കാസിം മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റായും എന്‍.ടി.വി.യിലെ ക്യാമറാമാന്‍ അലക്‌സ് തോമസ് മികച്ച വീഡിയോ ജേര്‍ണലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു. യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ.മൊയ്തീന്‍ കോയ, കമ്മ്യൂണിറ്റി ഔട്ട് റീച്ച് മാനേജര്‍ വിനോദ് നമ്പ്യാര്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss