|    Oct 23 Tue, 2018 8:24 am
FLASH NEWS
Home   >  News now   >  

യു എന്‍ സഹായം മ്യാന്‍മര്‍ തടഞ്ഞു; ഭക്ഷണവും മരുന്നും വെള്ളവുമില്ലാതെ രോഹിന്‍ഗ്യകള്‍

Published : 4th September 2017 | Posted By: G.A.G

യംഗൂണ്‍ :  സംഘര്‍ഷത്തെത്തുടര്‍ന്ന് കടുത്ത ദുരിതത്തിലായ മ്യാന്‍മറിലെ രാഖീന്‍ സംസ്ഥാനത്തെ രോഹിന്‍ഗ്യന്‍ ജനതയ്ക്ക് ഐക്യരാഷ്ട്രസഭ ഭക്ഷണവും മരുന്നും കുടിവെള്ളവും വിതരണം ചെയ്യുന്നത് മ്യാന്‍മര്‍ തടഞ്ഞു. യുഎന്‍ സഹായം എത്തിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതായി മ്യാന്‍മാറിലെ യു.എന്‍ റസിഡന്റ് കോര്‍ഡിനേറ്റര്‍  അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും സഹായവിതരണവും പുനരാരംഭിക്കുന്നതിനായി മ്യാന്‍മര്‍ ഭരണകൂടവുമായി ഐക്യരാഷ്ട്രസഭ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. യു.എന്‍.എച്ച്.സി.ആര്‍, യു.എന്‍.എഫ്.പി.എ, യുണിസെഫ് എന്നിവയുടെ സഹായവിതരണമാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിട്ടുള്ളത്.
മ്യാന്‍മര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജരുടെ എണ്ണം 75,000ത്തിനോടടുത്തു. ബംഗ്ലാദേശ് അതിര്‍ത്തിയിലെ റോഹിന്‍ഗ്യന്‍ ക്യാംപുകളിലെ അംഗസംഖ്യ ഉള്‍ക്കൊള്ളാനാവുന്നതിലധികം വര്‍ധിച്ചതായി സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് മ്യാന്‍മറില്‍നിന്ന് അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടാവുന്നത്.
ആഗസ്ത് 25 മുതല്‍ 73,000ത്തിലധികം റോഹിന്‍ഗ്യര്‍ ബംഗ്ലാദേശിലെത്തിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍) പ്രദേശിക വക്താവ് വിവിയന്‍ താന്‍ അറിയിച്ചു. അതിര്‍ത്തിയിലെത്തുന്നവരില്‍ ഭൂരിപക്ഷവും അവശരായാണെത്തുന്നത്. ദിവസങ്ങളോളം പട്ടിണികിടന്നും മ്യാന്‍മറിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്നും ശാരീരികമായും മാനസികമായും അവര്‍ തളര്‍ന്നിരിക്കുകയാണെന്നും വിവിയന്‍ താന്‍ അല്‍ജസീറക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
മ്യാന്‍മര്‍ സൈന്യത്തിന്റെ കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെടാന്‍ പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി കടന്നത്. ആഗസ്ത് 25നാണ് റാഖൈനില്‍ സംഘര്‍ഷം ആരംഭിച്ചത്. റോഹിന്‍ഗ്യന്‍ അനുകൂല വിമത സംഘടനയായ ആരക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ) പട്ടാള ക്യാംപ് ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമെന്നാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, തങ്ങളെ രാജ്യത്തുനിന്നു തുടച്ചുനീക്കാനുള്ള മ്യാന്‍മര്‍ സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണ് സംഘര്‍ഷമെന്നു പലായനം ചെയ്ത റോഹിന്‍ഗ്യര്‍ പ്രതികരിച്ചു. അതേസമയം, പട്ടാള ക്യാംപ് ആക്രമണത്തിന്റെ പേരില്‍ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളിലുള്ളവരെ കൂട്ടശിക്ഷയ്ക്കു വിധേയരാക്കാന്‍ മ്യാന്‍മര്‍ ശ്രമിക്കുന്നതായി വിദേശ സര്‍ക്കാരുകളും സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു.
തങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ബംഗ്ലാദേശിലേക്കു കടന്നതെന്ന് മനുഷ്യക്കടത്തുകാര്‍ക്ക് 12,000 ബംഗ്ലാദേശി ടാക്ക നല്‍കി അതിര്‍ത്തി കടന്ന റോഹിന്‍ഗ്യന്‍ വംശജന്‍ അറിയിച്ചു. മോങ്ദാവ് ഗ്രാമത്തില്‍ സൈന്യം 110 റോഹിന്‍ഗ്യരെ കൊലപ്പെടുത്തിയശേഷമാണ് താന്‍ ബംഗ്ലാദേശിലേക്കു കടക്കാന്‍ തീരുമാനിച്ചത്. സൈന്യം തങ്ങളുടെ വീടുകളും കടകളും നശിപ്പിച്ചു. സര്‍ക്കാരും സായുധ സംഘടനകളും ചേര്‍ന്ന് തങ്ങളെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss