|    Dec 12 Wed, 2018 7:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവേഫ നാഷന്‍സ് ലീഗ്: ബെല്‍ജിയത്തെ 5-2നു തുരത്തി സ്വിസ് പട സെമിയില്‍

Published : 20th November 2018 | Posted By: kasim kzm

ലുസേണ്‍: തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോളുകള്‍ മതിയായിരുന്നില്ല സ്വിസ് പടയോട്ടത്തെ പിടിച്ചുകെട്ടാന്‍. സ്വിസ് മുന്നേറ്റനിരയിലെ ഹാരിസ് സെഫറോവികിന്റെ എണ്ണം പറഞ്ഞ മൂന്നു ഗോളുകളുടെ മുന്നില്‍ ഹസാര്‍ഡിന്റെ ഗോളുകള്‍ നിഷ്പ്രഭമായി. നികോ എല്‍വദിയും എസി മിലാന്‍ താരം റികാര്‍ഡോ റോഡ്രിഗസും ബെല്‍ജിയം ഗോള്‍വല നിറച്ചപ്പോള്‍ സ്വിസ് വിജയം 5-2ന്.
ലീഗ് എയിലെ ഇരു ടീമുകളും മികച്ച ഫുട്‌ബോളാണ് കാഴ്ചവച്ചത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗോളടിച്ച് ബെല്‍ജിയം സ്വിസ് പടയെ ഞെട്ടിച്ചു. എതിര്‍ ടീമിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കാലില്‍ കിട്ടിയ പന്ത് തോര്‍ഗന്‍ ഹസാര്‍ഡ് ക്ലോസ് റേഞ്ചില്‍ നിന്ന് വലയുടെ പിന്‍ഭാഗത്തേക്ക് ഉയര്‍ത്തിവിട്ടപ്പോള്‍ സ്‌റ്റേഡിയം സ്തബ്ധമായി. സ്‌കോര്‍ 0-1. എന്താണ് സംഭവിച്ചതെന്ന് ഗോളി തിരിച്ചറിയുമ്പോഴേക്ക് പന്ത് വലയിലെത്തിയിരുന്നു. തുടര്‍ന്ന് ചെറിയ മുന്നേറ്റങ്ങള്‍ നടത്താന്‍ സ്വിസ് പട ഒരുങ്ങുമ്പോഴേക്ക് അടുത്ത ഗോള്‍ വീണു. 17ാം മിനുട്ടിലായിരുന്നു അത്.
എതിര്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചു മുന്നേറിയ തോര്‍ഗന്‍ ഹസാര്‍ഡ് തന്നെയായിരുന്നു ഇത്തവണയും വല ചലിപ്പിച്ചത്. ബോക്‌സിന്റെ അറ്റത്തു നിന്ന് ഇടതു പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തപ്പോള്‍ ഗോളി യാന്‍ സോമര്‍ക്ക് അത് എത്തിപ്പിടിക്കാനാവുമായിരുന്നില്ല. സ്‌കോര്‍ 0-2.
സ്വിസ് ടീമിന് ജീവശ്വാസം വീണ പെനാല്‍റ്റി വന്നത് 26ാം മിനുട്ടിലായിരുന്നു. ബെല്‍ജിയത്തിന്റെ നേസര്‍ ചാഡി സ്വിസ് താരത്തെ ടാക്ക്ള്‍ ചെയ്ത് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഷോട്ടെടുത്തത് എസ് മിലാന്‍ താരം റികാര്‍ഡോ റോഡ്രിഗസ്. പന്ത് വലയെ ചുംബിച്ചപ്പോള്‍ സ്‌റ്റേഡിയം ആവേശത്തിലായി. സ്‌കോര്‍ 1-2.
അതോടെ സ്വിസ് പട ഉണര്‍ന്നെണീറ്റു. ലിവര്‍പൂള്‍ പ്ലേമേക്കര്‍ ശെര്‍ദാന്‍ ശാക്കിരിയുടെ നേതൃത്വത്തില്‍ ബെല്‍ജിയം ഗോള്‍ മുഖത്തേക്ക് സ്വിസ് കളിക്കാര്‍ ആഞ്ഞടുക്കുന്നതാണ് പിന്നീടു കണ്ടത്. 31ാം മിനുട്ടില്‍ അതിനു ഫലം കണ്ടു. ബോക്‌സിലേക്കു വന്ന ക്രോസിന് ഷാക്കിരി തലവച്ചത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുന്ന ജോലിയേ ഹാരിസ് സെഫറോവികിനു ചെയ്യാനുണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 2-2.
മറുഭാഗത്ത് ഈഡന്‍ ഹസാര്‍ഡിന്റെ നേതൃത്വത്തില്‍ ബെല്‍ജിയവും ആക്രമണങ്ങള്‍ നടത്തി. അതിനിടെ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പേ ഹാരിസ് സെഫറോവികിലൂടെ സ്വിറ്റ്‌സര്‍ലാന്റ് ലീഡ് നേടി. എഡിമില്‍സണ്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു അത്. 52ാം മിനുട്ടില്‍ സെഫറോവികിന് ഹാട്രിക് തികയ്ക്കാന്‍ അവസരം ലഭിച്ചെങ്കിലും ഫിനിഷിങില്‍ പിഴച്ചു. നികോ എല്‍വദിയുടെ പാസ് പോസ്റ്റിലേക്കു തൊടുത്തത് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്കു പോയത്. പിന്നീട് ഷാക്കീരിയുടെ ഒരു കിടിലന്‍ ഫ്രീകിക്കായിരുന്നു. അതു പക്ഷേ ക്രോസ് ബാറിനു തൊട്ടു മുകളിലൂടെ പറന്നു. 61ാം മിനുട്ടില്‍ ഷാക്കീരിയെടുത്ത കോര്‍ണര്‍ കിക്ക് പെനാല്‍റ്റി ബോക്‌സിലെത്തിയെങ്കിലും എതിര്‍ പ്രതിരോധത്തില്‍ തട്ടി ചിതറി. തൊട്ടടുത്ത മിനുട്ടില്‍ ഷാക്കീരിയുടെ നീളന്‍ പാസ് എത്തിയത് നികോ എല്‍വദിയുടെ മുന്നില്‍. എല്‍വദി തലവച്ചത് കൃത്യമായി പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്. സ്‌കോര്‍ 4-2.
വീണ്ടും ഹാരിസ് സെഫറോവിക്. കെവിന്‍ എംബാബുവെടുത്ത ക്രോസ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തൊടുത്തു. സ്‌കോര്‍ 5-2. 89ാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ ദെദ്രിക് ബൊയാറ്റ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നുതിര്‍ത്ത ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ സ്വിസ് ഗോളി യാന്‍ സോമര്‍ രക്ഷപ്പെടുത്തി.
പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് ടീമുകള്‍ ഇതിനകം സെമിയില്‍ കടന്നിട്ടുണ്ട്. ഫ്രാന്‍സ്, ഹോളണ്ട് എന്നിവയില്‍ ഒരു ടീം കൂടി സെമിയില്‍ കടക്കുന്നതോടെ ചിത്രം വ്യക്തമാവും. 2019 ജൂണ്‍ 5നാണ് ആദ്യ സെമി. ആറിന് രണ്ടാം സെമി. ഫൈനല്‍ ജൂണ്‍ 9നാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss