|    Jun 18 Mon, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവേഫ ചാംപ്യന്‍സ് ലീഗ്: വമ്പന്‍മാര്‍ക്ക് വിജയത്തുടക്കം

Published : 16th September 2016 | Posted By: SMR

മാഡ്രിഡ്/മ്യൂണിക്ക്/ലണ്ടന്‍/റോം: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വമ്പന്‍മാര്‍ക്ക് വിജയത്തുടക്കം. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്, മുന്‍ ജേതാക്കളായ ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, ബൊറൂസ്യ ഡോട്മുണ്ട്, മാഞ്ചസ്റ്റര്‍ സിറ്റി, മൊണാക്കോ, ലെസ്റ്റര്‍ സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, നാപ്പോളി, ലിയോണ്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങിയത്.
എന്നാല്‍, ആദ്യറൗണ്ടിലെ ക്ലാസിക്ക് പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌നും (പിഎസ്ജി) പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലും സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ യുവന്റസിനെ സ്പാനിഷ് ക്ലബ്ബായ സെവിയ്യ സമനിലയില്‍ കുരുക്കി.
ഗ്രൂപ്പ് എയില്‍ നടന്ന ഗ്ലാമര്‍ പോരില്‍ ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജിയെ 1-1ന് ആഴ്‌സനല്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. കളിയുടെ 42ാം സെക്കന്‍ഡില്‍ എഡിന്‍സന്‍ കവാനിയിലൂടെ പിഎസ്ജി മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ടാംപകുതിയില്‍ മല്‍സരത്തിലേക്ക് തിരിച്ചുവന്ന ആഴ്‌സനല്‍ 78ാം മിനിറ്റില്‍ അലെക്‌സിസ് സാഞ്ചസിലൂടെ സമനില പിടിച്ചു. ഇഞ്ചുറിടൈമില്‍ ചുവപ്പുകാര്‍ഡ് കണ്ട് പിഎസ്ജിയുടെ മാര്‍കോ വെറാറ്റിക്കും ആഴ്‌സനലിന്റെ ഒലിവര്‍ ജിറോഡിനും കളംവിടേണ്ടിവന്നു. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വിസ് ടീം ബാസെലും ബള്‍ഗേറിയയില്‍ നിന്നുള്ള ലുഡോഗ്രറ്റ്‌സ് റസ്ഗ്രാഡും 1-1ന് പിരിഞ്ഞു.
ഗ്രൂപ്പ് ബിയില്‍ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളി 2-1ന് ഉക്രെയ്‌നില്‍ നിന്നുള്ള ഡയനാമോ കീവിനെ തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു കളിയില്‍ ബെന്‍ഫിക്കയെ 1-1ന് ബെസികറ്റ്‌സ് സമനിലയില്‍ പിടിച്ചുകെട്ടി.
ഗ്രൂപ്പ് സിയില്‍ സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് സ്‌കോട്ടിഷ് ക്ലബ്ബായ കെല്‍റ്റിക്കിനെ തരിപ്പണമാക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഹാട്രിക്കുമായി അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ഇരട്ട ഗോളുമായി ഉറുഗ്വേ സ്റ്റാര്‍ ലൂയിസ് സുവാറസുമാണ് കെല്‍റ്റിക്കിനെതിരേ ബാഴ്‌സയ്ക്ക് ഉജ്ജ്വല ജയം നേടിക്കൊടുത്തത്. ഇതിനു മുമ്പ് നടന്ന സ്പാനിഷ് ലീഗ് മല്‍സരത്തില്‍ അലാവസിനോട് അട്ടിമറി തോല്‍വിയേറ്റുവാങ്ങിയ ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു കെല്‍റ്റിക്കിനെതിരേയുള്ളത്.
കളിയുടെ മൂന്ന്, 27, 60 മിനിറ്റുകളിലാണ് മെസ്സി ബാഴ്‌സയ്ക്കു വേണ്ടി നിറയൊഴിച്ചത്. ഇതോടെ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടുന്ന താരമായി മെസ്സി മാറി. ആറ് തവണയാണ് ചാംപ്യന്‍സ് ലീഗില്‍ മെസ്സി ഹാട്രിക്ക് കണ്ടെത്തിയത്. റയലിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചാംപ്യന്‍സ് ലീഗിലെ അഞ്ച് ഹാട്രിക്ക് നേട്ടമാണ് മെസ്സി മറികടന്നത്. മല്‍സരത്തിലെ 75, 88 മിനിറ്റുകളിലായിരുന്നു സുവാറസിന്റെ ഗോള്‍ നേട്ടം. നെയ്മര്‍ (50ാം മിനിറ്റ്), ആന്ദ്രെസ് ഇനിയേസ്റ്റ (59) എന്നിവരാണ് ബാഴ്‌സയുടെ മറ്റു സ്‌കോറര്‍മാര്‍.
ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ സിറ്റി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജര്‍മനിയില്‍ നിന്നുള്ള ബൊറൂസ്യ മൊകന്‍ഗ്ലാഡ്ബാച്ചിനെ തുരത്തി. ഹാട്രിക്ക് നേടിയ സെര്‍ജിയോ അഗ്വേറോയാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഒമ്പത്, 28, 77 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ശേഷിക്കുന്ന ഗോള്‍ 90ാം മിനിറ്റില്‍ കെലച്ചി ഇഹനാച്ചോയുടെ വകയായിരുന്നു.
ഗ്രൂപ്പ് ഡിയില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് റഷ്യയില്‍ നിന്നുള്ള റോസ്‌റ്റോവിനെയാണ് തരിപ്പണമാക്കിയത്. ബയേണിനായി ജോസുഹ കിമ്മിച്ച് രണ്ട് തവണയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, തോമസ് മുള്ളര്‍, ജുഹാന്‍ ബെര്‍നാറ്റ് എന്നിവര്‍ ഓരോ തവണയും ലക്ഷ്യംകണ്ടു. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് ഹോളണ്ടില്‍ നിന്നുള്ള പിഎസ്‌വി ഐന്തോവനെ മറികടന്നു. 43ാം മിനിറ്റില്‍ സൗളാണ് അത്‌ലറ്റികോയുടെ വിജയഗോള്‍ നേടിയത്.
ഗ്രൂപ്പ് ഇയില്‍ ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോ ഇംഗ്ലണ്ടില്‍ നിന്നുള്ള ശക്തരായ ടോട്ടനം ഹോട്‌സ്പറിനെയാണ് പരാജയപ്പെടുത്തിയത്. എവേ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊണാക്കോയുടെ ജയം. ബെര്‍നാര്‍ഡോ സില്‍വയും തോമസ് ലെമറും മൊണാക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടപ്പോള്‍ ടോബി അല്‍ഡര്‍വെയറള്‍ഡ് ടോട്ടനമിന്റെ ആശ്വാസ ഗോള്‍ മടക്കി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യൂസനും റഷ്യയില്‍ നിന്നുള്ള സിഎസ്‌കെഎ മോസ്‌കോയും 2-2ന് പിരിഞ്ഞു.
ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിനെയാണ് സ്പാനിഷ് അതികായന്‍മാരായ റയല്‍ പരാജയപ്പെടുത്തിയത്. ഹോംഗ്രൗണ്ടില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് റയല്‍ 2-1ന് വിജയക്കൊടി നാട്ടിയത്. 48ാം മിനിറ്റില്‍ ബ്രൂണോ സെസാറാണ് സ്‌പോര്‍ട്ടിങിനെ മുന്നിലെത്തിച്ചത്. എന്നാല്‍, 89ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റയലിനെ ഒപ്പമെത്തിച്ചു. മല്‍സരം സമനിലയിലേക്ക് നീങ്ങവെ പകരക്കാരനായിറങ്ങിയ ആല്‍വെറോ മൊറാറ്റ ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ റയല്‍ നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു.
തന്റെ മുന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങിനെതിരേ റയല്‍ ജഴ്‌സിയില്‍ ക്രിസ്റ്റിയാനോയുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ജര്‍മന്‍ ക്ലബ്ബായ ഡോട്മുണ്ട് 6-0ന് പോളണ്ടില്‍ നിന്നുള്ള ലെഗിയ വാര്‍സോയെ തകര്‍ക്കുകയായിരുന്നു. മരിയോ ഗോട്‌സെ, സോക്രട്ടീസ് പപാസ്തപോലോസ്, മാര്‍ക് ബര്‍ട്ട്ര, റാഫേല്‍ ഗ്വരെയ്‌റോ, ഗോണ്‍സാലോ കാസ്‌ട്രോ, എംറിക് ഒബമയാങ്ക് എന്നിവരാണ് ഡോട്മുണ്ടിന്റെ സ്‌കോറര്‍മാര്‍.
ഗ്രൂപ്പ് ജിയില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ 3-0ന് ബെല്‍ജിയം ക്ലബ്ബായ ക്ലബ്ബ് ബ്രുഗെയെ പരാജയപ്പെടുത്തി. ലെസ്റ്ററിനു വേണ്ടി റിയാദ് മഹ്‌റേഷ് ഇരട്ട ഗോള്‍ നേടി തിളങ്ങി. പോര്‍ട്ടോയും കോബന്‍ഹേവനും തമ്മിലുള്ള മല്‍സരം 1-1ന് അവസാനിച്ചു. ഗ്രൂപ്പ് എച്ചില്‍ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസിനെ ഗോള്‍രഹിതമായാണ് സെവിയ്യ പിടിച്ചുകെട്ടിയത്. മറ്റൊരു കളിയില്‍ ലിയോണ്‍ 3-0ന് ഡയനാമോ സഗ്രേബിനെ പരാജയപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss