|    Sep 22 Fri, 2017 5:18 pm
FLASH NEWS
Home   >  Sports  >  Football  >  

യുവേഫ ചാംപ്യന്‍സ് ലീഗ്: വിജയം പിടിക്കാന്‍ റയല്‍, സിറ്റിയും ലിവര്‍പൂളും കളത്തില്‍

Published : 12th September 2017 | Posted By: ev sports

ടോട്ടനം – ബൗറൂസ്യ ടോട്ട്മുണ്ട് (രാത്രി 12.15 സോണി ടെന്‍ 3)
റയല്‍ മാഡ്രിഡ് – അപ്പോയല്‍ (രാത്രി 12.15 സോണി ടെന്‍ 1)
മാഞ്ചസ്റ്റര്‍ സിറ്റി – ഫെയിനോര്‍ഡ് (രാത്രി 12.15 സോണി ഇഎസ്പിഎന്‍)
ലിവര്‍പൂള്‍ – സെവിയ്യ (രാത്രി 12.15 സോണി ടെന്‍ 2)

ലണ്ടന്‍: യുവേഫ ച്യാംപന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തന്‍മാരായ റയല്‍ മാഡ്രിഡ് ഇന്ന് (13-09-2017) കളത്തില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും ലിവര്‍പൂളും വിജയം തേടി ആദ്യ റൗണ്ടില്‍ ബൂട്ടുകെട്ടും.
നിലവിലെ സ്പാനിഷ് ലീഗ്, ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുന്ന റയല്‍ മാഡ്രിഡിന്റെ ഈ സീസണിലെ ആദ്യ എതിരാളി  സൈപ്രസ് ക്ലബായ അപ്പോയല്‍ എഫ്‌സിയാണ്. ഗ്രൂപ്പ് എച്ചില്‍ ടോട്ടനത്തിനും ഡോട്മുണ്ടിനുമൊപ്പം കളിക്കുന്ന റയലും  അപ്പോയല്‍ എഫ്‌സിയും ആദ്യ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ആധിപത്യം റയലിനൊപ്പം തന്നെയാണ്. എന്നാല്‍ പരിക്ക് റയല്‍ നിരയ്ക്ക് തിരിച്ചടി നല്‍കുന്നുണ്ട്.  മസിലിനേറ്റ പരിക്കിനെത്തുടര്‍ന്ന് കരിം ബെന്‍സീമ, റാഫേല്‍ വരെയ്ന്‍ എന്നിവര്‍ റയല്‍ നിരയില്‍ കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ വിലക്ക് കഴിഞ്ഞ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ നിരയില്‍ തിരിച്ചെത്തുന്നത് ടീമിന് കരുത്തേകും.
അവസാന രണ്ട് മല്‍സരങ്ങളിലും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന റയല്‍ ഇന്ന് വിജയം തേടി കളത്തിലിറങ്ങുമ്പോള്‍ അവസാന മല്‍സരത്തില്‍ നിയ സലാമിസിനെ 4-1 ന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് അപ്പോയല്‍ ബൂട്ടണിയുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ടോട്ടനത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളി ജര്‍മന്‍ സൂപ്പര്‍ ക്ലബ്ബായ ബൗറീസ്യ ഡോര്‍ട്ട്മുണ്ടാണ്. അവസാന സീസണില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ടോട്ടനം എവര്‍ട്ടനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഡോര്‍ട്ട്മുണ്ടിനെ നേരിടാനിറങ്ങുന്നത്. അതേ സമയം എസി ഫ്രീബര്‍ഗിനെതിരെ ഗോള്‍രഹിത സമനില നേടിയാണ് ഡോര്‍ട്ട്മുണ്ട് ടോട്ടനത്തെ പൂട്ടാനിറങ്ങുന്നത്. അവസാനമായി ഇരു ടീമുകളും മുഖാമുഖം പോരടിച്ച രണ്ട് മല്‍സരത്തിലും വിജയം ഡോര്‍ട്ട്മുണ്ടിനൊപ്പമായിരുന്നു.
പരിക്ക് ടോട്ടനത്തിന് കനത്ത തിരിച്ചടി നല്‍കുന്നുണ്ട്. സൂപ്പര്‍ താരം ഡെലി അലിയുടെ പരിക്കാണ് ടോട്ടനത്തിന് തലവേദന സൃഷ്ടിക്കുന്നത്. ടോട്ടനം നിരയില്‍ എറിക് ലമീല, ഡാനി റോസ്, വിക്ടര്‍ വന്യാമ എന്നിവരും പരിക്കിന്റെ പിടിയിലാണെന്നാണ് റിപോര്‍ട്ട്. ഡോര്‍ട്ട്മുണ്ട് നിരയില്‍ റാഫേല്‍ ഗുരൈയ്‌റോ, മാര്‍ക്കോ റിയൂസ്, സെബാസ്റ്റിയന്‍ റോഡ്, മാര്‍സല്‍ സ്‌കിംലെസര്‍ എന്നിവരും പരിക്ക് മൂലം കളിക്കാനിടയില്ല.
പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് പോരിനിറങ്ങും. ഡച്ച് ക്ലബ്ലായ ഫെയിനോര്‍ഡാണ് സിറ്റിയും ആദ്യ എതിരാളികള്‍. ഈ സീസണില്‍ മികച്ച വിജയങ്ങളോടെ തുടങ്ങിയ സിറ്റി ഫുള്‍ഫോമിലാണ് ഫെയിനോര്‍ഡിനെതിരെ ഇറങ്ങുന്നത്. അവസാന മല്‍സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത അഞ്ച് ഗോളിനെ മുക്കിയ കളി മികവ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടാല്‍ ഫെയിനോര്‍ഡിന് വന്‍ തോല്‍വി തന്നെ ഏറ്റുവാങ്ങേണ്ടി വരും. ഗബ്രിയേല്‍ ജീസസ് സിറ്റിക്ക് വേണ്ടി മുന്നേറ്റത്തില്‍ കളം നിറഞ്ഞ് കളിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ പതിനെട്ടടവും ഫെര്‍ണോയിഡിന് പയറ്റേണ്ടി വരും. സിറ്റി നിരയില്‍ പരിക്കിനെത്തുടര്‍ന്ന് എഡ്വേഴ്‌സണ്‍, വിന്‍സെന്റ് കോംപാനി എന്നിവര്‍ കളിക്കില്ല. അടുത്തിടയ്‌ക്കൊന്നും ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരടിക്കാത്തതിനാല്‍ കണക്കുകളില്‍ ആധിപത്യം ഇരു കൂട്ടര്‍ക്കും അവകാശപ്പെടാനാവില്ല.
സിറ്റിയോടേറ്റ നാണം കെട്ട തോല്‍വി ഭാരത്തോടെയാണ് ജര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂള്‍ ഇന്നിറങ്ങുന്നത്. സ്‌പെയിന്‍ ക്ലബായ സെവിയ്യ എഫ്‌സി എതിരാളികളായി വരുമ്പോള്‍ വിജയം പിടിച്ചെടുക്കാന്‍ ലിവര്‍പൂളിന് നന്നയി വിയര്‍ക്കേണ്ടി വരും. സൂപ്പര്‍ താരം ഫിലിപ്പ് കോട്ടീഞ്ഞോയും അഭാവമാണ് ലിവര്‍പൂളിന്റെ തിരിച്ചടി. ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിന് വേണ്ടി കോട്ടീഞ്ഞോ കളിച്ചിരുന്നെങ്കിലും ക്ലോപ് കോട്ടീഞ്ഞോയെ ലിവര്‍പൂളിന് വേണ്ടി കളിപ്പിച്ചില്ല. അവസാന മല്‍സരത്തില്‍ എയ്ബറിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് സെവിയ്യ ചാംപ്യന്‍സ് ലീഗ് കളിക്കാനെത്തുന്നത്. ഇരു ടീമും അവസാനം ഏറ്റുമുട്ടിയ മല്‍സരത്തില്‍ 3-1ന് ലിവര്‍പൂളിനെ തകര്‍ത്ത സെവിയ്യയുടെ മികവ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചാല്‍ ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗില്‍ തോല്‍വിയോടെ തുടങ്ങേണ്ടി വരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക