|    Oct 24 Wed, 2018 2:52 am
FLASH NEWS
Home   >  Sports  >  Football  >  

യൂറോപ്പ ലീഗ്: ഗണ്ണേഴ്‌സ് ഓണ്‍ ഫയര്‍

Published : 15th September 2017 | Posted By: ev sports


ആഴ്‌സനല്‍ 3- എഫ്‌സി കോളന്‍ 1

ലണ്ടന്‍: തോല്‍വികളുടെ ഭാരമിറക്കി ആഴ്‌സന്‍ വെങറുടെ പീരങ്കിപ്പട വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. യൂറോപ്പ ലീഗില്‍ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ജര്‍മന്‍ ക്ലബായ എഫ്‌സി കോളനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ മുട്ടുകുത്തിച്ചത്. സീഡ് കൊലാസിനാക്, അലക്‌സീസ് സാഞ്ചസ്, ഹെക്ടര്‍ ബെല്ലാരിന്‍ എന്നിവരുടെ ഗോളുകളാണ് ഗണ്ണേഴ്‌സിന് ആശ്വാസ ജയം സമ്മാനിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഗണ്ണേഴ്‌സ് വിജയം പിടിച്ചടക്കിയത്.
അവസാന സീസണില്‍ ഒരു ചാംപ്യന്‍ഷിപ്പ് പോലും അലമാരയിലെത്തിക്കാന്‍ കഴിയാതിരുന്നു ആഴ്‌സനലിന്റെ ഇത്തവണത്തെ പ്രീമിയര്‍ ലീഗിലെ തുടക്കവും മികവിനൊത്തല്ല. സ്റ്റോക് സിറ്റിയോടും ലിവര്‍പൂളിനോടും തോറ്റ നാണക്കേടോടെ തുടങ്ങിയ ആഴ്‌സനല്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പൂട്ടിയ ആത്മവിശ്വാസത്തിലാണ് യൂറോപ്പ ലീഗിനിറങ്ങിയത്. ജെറാഡിനേയും സാഞ്ചസിനേയും വാല്‍ക്കോട്ടിനേയും മുന്നേറ്റ നിരയില്‍ അണിനിരത്തി 3-4-3 ശൈലിയിലാണ് ആഴ്‌സന്‍ വെങ്ങര്‍ ആഴ്‌സനലിനെ കളത്തിലിറക്കിയത്. അതേ സമയം മുന്നേറ്റ നിരയില്‍ കോര്‍ഡോബയെ കുന്തമുനയാക്കി 4-1-4-1 ശൈലിയില്‍ ബൂട്ടുകെട്ടിയ കോളന്റെ തന്ത്രങ്ങള്‍ക്കായിരുന്നു ഒന്നാം പകുതിയില്‍ ആധിപത്യം. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ കോളന്‍ ആഴ്‌സനലിനെ ഞെട്ടിച്ചു. ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ ഒസ്പിനയുടെ പിഴവിലായിരുന്നു കോളന്‍ അക്കൗണ്ട് തുറന്നത്. ബിട്ടന്‍കോര്‍ട്ട് ആഴ്‌സനല്‍ ഗോള്‍പോസ്റ്റിലേക്ക് തൊടുത്ത ഷോട്ടിനെ പെനല്‍റ്റി ബോക്‌സിന് മുന്നില്‍ കയറി ഒസ്പിന തട്ടിയകറ്റിയെങ്കിലും ഉയര്‍ന്ന പോയ പന്തെത്തിയത്  കോര്‍ഡോബയുടെ കാലില്‍. പന്ത് പിടിച്ചെടുത്ത് 30 വാര അകലത്ത് നിന്നും കോര്‍ഡോബ തൊടുത്ത ഷോട്ട് ഒസ്പിനയുടെ തലക്ക് മുകളിലൂടെ ഗോള്‍വലയിലെത്തുകയായിരുന്നു. പിന്നീടുള്ള സമയങ്ങളില്‍ കോളന്റെ പ്രതിരോധ നിര ഉരുക്കുകോട്ട പണിതപ്പോള്‍ ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ആധിപത്യം കോളനൊപ്പം നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കരുത്ത് കാട്ടിയ ആഴ്‌സനലിന് വേണ്ടി  49ാം മിനിറ്റില്‍ കൊലാസിനാക്ക് വലകുലുക്കി. ഇടത് വിങില്‍ നിന്ന് കൊലാസിനാക്ക് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ വലത് മൂലയിലെത്തുകയായിരുന്നു. 1-1 സമനിലയിലേക്കെത്തിയതോടെ മല്‍സരത്തിന്റെ ചൂടും ഉയര്‍ന്നു. ഇടി മിന്നല്‍ വേഗതയുമായി കളം നിറഞ്ഞ് കളിച്ച ആഴ്‌സനല്‍ താരങ്ങള്‍ 67ാം മിനിറ്റില്‍ ലീഡ് നേടി. ഇടത് വിങില്‍ നിന്ന് പന്തുമായെത്തി കോളന്റെ നാല് പ്രതിരോധ താരങ്ങളെ കടത്തിവെട്ടി സാഞ്ചസ് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ വലത് മൂല തുളച്ചു.
അവസാന മിനിറ്റുകളില്‍ കോളന്‍ ഗോള്‍മുഖത്ത് നിരന്തരം പന്തെത്തിച്ച ആഴ്‌സനലിന്റെ മൂന്നാം ഗോള്‍ ബെല്ലാരിനും കണ്ടെത്തി. വാല്‍കോട്ട് തൊടുത്ത ഷോട്ട് കോളന്‍ ഗോള്‍കീപ്പര്‍ ഹോണിന്റെ കൈയില്‍ തട്ടി റീബൗണ്ട് ചെയ്‌തെങ്കിലും ബെല്ലാരിന്‍ ലക്ഷ്യം പിഴക്കാതെ വലയിലെത്തിക്കുകയായിരുന്നു. 3-1ന്റെ ജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എച്ചില്‍ ആഴ്‌സനല്‍ ഒന്നാം സ്ഥാനത്തേക്കെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss