|    Oct 21 Sun, 2018 9:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവേഫ ചാംപ്യന്‍സ് ലീഗ് : ഗ്രൂപ്പ് ഘട്ട മല്‍സരംവിജയം പിടിക്കാന്‍ റയല്‍ മാഡ്രിഡ്‌

Published : 13th September 2017 | Posted By: fsq

 

ലണ്ടന്‍: യുവേഫ ച്യാംപന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തന്‍മാരായ റയല്‍ മാഡ്രിഡ് ഇന്ന് കളത്തില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും ലിവര്‍പൂളും വിജയം തേടി ആദ്യ റൗണ്ടില്‍ ബൂട്ടുകെട്ടും.നിലവിലെ സ്പാനിഷ് ലീഗ്, ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുന്ന റയല്‍ മാഡ്രിഡിന്റെ ആദ്യ എതിരാളി  സൈപ്രസ് ക്ലബ്ബായ അപ്പോയല്‍ എഫ്‌സിയാണ്. ഗ്രൂപ്പ് എച്ചില്‍ ടോട്ടനത്തിനും ഡോര്‍ട്മുണ്ടിനുമൊപ്പം കളിക്കുന്ന ഇരുടീമുകളും ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ ആധിപത്യം റയലിനൊപ്പം തന്നെയാണ്. എന്നാല്‍ പരിക്ക് റയല്‍ നിരയില്‍ വെല്ലുവിളിയാണ്. മസിലിനേറ്റ പരിക്കിനെത്തുടര്‍ന്ന് കരിം ബെന്‍സെമ, റാഫേല്‍  വാരണ്‍ എന്നിവര്‍ കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ വിലക്ക് കഴിഞ്ഞ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ നിരയില്‍ തിരിച്ചെത്തുന്നത് ടീമിന് കരുത്തേകും.അവസാന രണ്ട് മല്‍സരങ്ങളിലും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന റയല്‍ ഇന്ന് വിജയം തേടി കളത്തിലിറങ്ങുമ്പോള്‍ അവസാന മല്‍സരത്തില്‍ നിയ സലാമിസിനെ 4-1 ന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് അപ്പോയല്‍ ബൂട്ടണിയുന്നത്.കരുത്തരായ ടോട്ടനത്തിന്റെ ഗ്രൂപ്പ് ഘട്ട എതിരാളി ജര്‍മന്‍ സൂപ്പര്‍ ക്ലബ്ബായ ഡോര്‍ട്ട്മുണ്ടാണ്. അവസാന സീസണില്‍ മിന്നും പ്രകടനം കാഴ്ച വച്ച ടോട്ടനം എവര്‍ട്ടനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഡോര്‍ട്ട്മുണ്ടിനെ നേരിടാനിറങ്ങുന്നത്. അതേസമയം എസി ഫ്രീബര്‍ഗിനെതിരെ ഗോള്‍രഹിത സമനിലയുമായാണ്   ഡോര്‍ട്ട്മുണ്ട് ടോട്ടനത്തെ പൂട്ടാനിറങ്ങുന്നത്. സൂപ്പര്‍ താരം ഡെലി അലിയുടെ പരിക്ക് ടോട്ടനത്തിന് തലവേദന സൃഷ്ടിക്കും. എറിക് ലമീല, ഡാനി റോസ്, വിക്ടര്‍ വന്യാമ എന്നിവരും പരിക്കിന്റെ പിടിയിലാണെന്നാണ് റിപോര്‍ട്ട്. ഡോര്‍ട്ട്മുണ്ട് നിരയില്‍ റാഫേല്‍ ഗുരെയ്‌റോ, മാര്‍ക്കോ റിയൂസ്, സെബാസ്റ്റിയന്‍ റോഡ്, മാര്‍സല്‍ സ്‌കിംലെസര്‍ എന്നിവരും പരിക്ക് മൂലം കളിക്കാനിടയില്ല.മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് പോരിനിറങ്ങുമ്പോള്‍ ഡച്ച് ക്ലബ്ബായ ഫെയിനോര്‍ഡാണ് എതിരാളികള്‍. മികച്ച വിജയങ്ങളോടെ സീസണ്‍ ആരംഭിച്ച സിറ്റി ഫുള്‍ഫോമിലാണ് ഫെയിനോര്‍ഡിനെതിരെ ഇറങ്ങുന്നത്. കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത അഞ്ച് ഗോളിന് മുക്കിയ കളി മികവ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടാല്‍ ഫെയിനോര്‍ഡ് വന്‍ തോല്‍വി തന്നെ ഏറ്റുവാങ്ങേണ്ടി വരും. ഗബ്രിയേല്‍ ജീസസ് സിറ്റിക്ക് വേണ്ടി മുന്നേറ്റത്തില്‍ കളം നിറഞ്ഞ് കളിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ പതിനെട്ടടവും ഫെര്‍ണോയിഡിന് പയറ്റേണ്ടി വരും. സിറ്റി നിരയില്‍ പരിക്കിനെത്തുടര്‍ന്ന് എഡ്വേഴ്‌സണ്‍, വിന്‍സെന്റ് കോംപാനി എന്നിവര്‍ കളിക്കില്ല. സിറ്റിയോടേറ്റ നാണം കെട്ട തോല്‍വി ഭാരത്തോടെയാണ് ജര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂള്‍ ഇന്നിറങ്ങുന്നത്. സ്‌പെയിന്‍ ക്ലബായ സെവിയ്യ എഫ്‌സി എതിരാളികളായി വരുമ്പോള്‍ വിജയം പിടിച്ചെടുക്കാന്‍ ലിവര്‍പൂളിന് വിയര്‍ക്കേണ്ടി വരും. സൂപ്പര്‍ താരം ഫിലിപ്പ് കോട്ടീഞ്ഞോയുടെ അഭാവമാണ് ലിവര്‍പൂളിന്റെ തിരിച്ചടി. അവസാന മല്‍സരത്തില്‍ എയ്ബറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് സെവിയ്യ ചാംപ്യന്‍സ് ലീഗ് കളിക്കാനെത്തുന്നത്. ഇരു ടീമും അവസാനം ഏറ്റുമുട്ടിയ മല്‍സരത്തില്‍ 3-1ന് ലിവര്‍പൂളിനെ തകര്‍ത്ത സെവിയ്യയുടെ മികവ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചാല്‍ ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗില്‍ തോല്‍വിയോടെ തുടങ്ങേണ്ടി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss