|    Oct 17 Wed, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് വെട്ടേറ്റു മരിച്ചു; ഭാര്യാപിതാവ് അറസ്റ്റില്‍

Published : 15th May 2017 | Posted By: fsq

 

തലശ്ശേരി: തലശ്ശേരിക്കു സമീപം ചിറക്കരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചന്ദ്രി വില്ലയില്‍ സന്ദീപാ(30)ണ് മരിച്ചത്. ചിറക്കര പഴയ ജനതാ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് കൊലപാതകം നടന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി സന്ദീപിന്റെ ഭാര്യാ പിതാവ് കോഴിക്കോട് പന്തീരങ്കാവിലെ പ്രേമരാജ(57)നെ തലശ്ശേരി പോലിസില്‍ ഏല്‍പിച്ചു. പ്രേമരാജന്റെ മകള്‍ സിനുഷയുമായ് സന്ദീപ് പ്രണയത്തിലാവുകയും നാലുവര്‍ഷം മുമ്പ് വിവാഹം നടക്കുകയും ചെയ്തു. വിവാഹ ശേഷം സിനുഷ സ്വന്തം വീട്ടില്‍ താമസിക്കാത്തതിനെ തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കത്തിലായിരുന്നതായി പോലിസ് അറിയിച്ചു. ഭര്‍തൃവീട്ടില്‍ നിന്ന് മാറിത്താമസിക്കാന്‍ സിനുഷ തയ്യാറാവാത്തതിനാല്‍ മാതാവ് സന്ദീപിന്റെ വീട്ടിലെത്തുകയും ഏറെ നേരം വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ കോഴിക്കോട് നിന്നെത്തിയ സിനുഷയുടെ പിതാവ് സന്ദീപിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി റോഡില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടന്ന സന്ദീപിനെയാണു കണ്ടത്. ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.സ്വകാര്യ ബാങ്കില്‍ എടിഎം നിക്ഷേപിക്കുന്ന ജോലിയാണു സന്ദീപിന്. മൂന്ന് വയസ്സുകാരി വൈഗ ഏക മകളാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് സന്ദീപ്. സഹോദരി: ഷംന. തലശ്ശേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss