|    Feb 20 Tue, 2018 3:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് വനത്തില്‍ വെടിയേറ്റുമരിച്ച സംഭവം സുഹൃത്തുക്കള്‍ പോലിസ് പിടിയില്‍

Published : 9th January 2017 | Posted By: fsq

കോതമംഗലം: നായാട്ടു സംഘത്തിലെ യുവാവ് വനത്തില്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ പോലിസ് പിടിയില്‍. തട്ടേക്കാട് പക്ഷി സങ്കേതവനത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ തട്ടേക്കാട് വഴുതന പിള്ളില്‍ ടോണി മാത്യു വെടിയേറ്റ് മരിച്ച സംഭവത്തിലാണ് സുഹൃത്തുക്കളായ വടക്കേല്‍ ഷൈറ്റ്, ചെരുവിള പുത്തന്‍വീട്ടില്‍ അജീഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവാറ്റുപുഴ പോലിസില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ ഇവരെ ഞായപ്പിള്ളിയില്‍നിന്നു മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സംഘവും കുട്ടമ്പുഴ എസ്‌ഐയും ചേര്‍ന്ന് പിടികൂടുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. മരിച്ച ടോണിയും, സുഹൃത്തുക്കളായ ഞായപ്പിളളി വട്ടപ്പിള്ളി ബേസില്‍, വടക്കേല്‍ ഷൈറ്റ്, ചെരുവിള പുത്തന്‍വീട്ടില്‍ അജീഷ് എന്നിവര്‍ ചേര്‍ന്നാണ് നായാട്ടിനായി കാട്ടില്‍ കയറിയത്. ഇവരെ കാട്ടാനകൂട്ടം ആക്രമിക്കുകയും ഇതിനിടെ ടോണിയുടെ കൈയില്‍ ഉണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതാണ് മരണകാരണമെന്നുമാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബേസില്‍ പോലിസിനു നല്‍കിയ മൊഴി. എന്നാല്‍, ഇത് വിശ്വസിക്കാന്‍ പോലിസ് തയ്യാറായില്ല. ടോണിയുടെ കൈയിലുള്ള തോക്ക് കൂടാതെ മറ്റൊരു തോക്കുകൂടി ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു എന്നും, ഇതില്‍ നിന്നായിരിക്കാം ടോണിക്ക് വെടിയേറ്റിരിക്കാന്‍ സാധ്യത എന്നായിരുന്നു പോലിസ് നിഗമനം. ഇതിന് ഒളിവില്‍ പോയവരെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരുകയുള്ളൂ എന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഷൈറ്റും അജേഷും ഒളിവില്‍ പോവുകയായിരുന്നു. ഇവരെ കണ്ടെത്തി ചേദ്യം ചെയ്യുന്നതിനായുള്ള പോലിസ് ശ്രമത്തിനിടയിലാണ് ഇവര്‍ ഒളിവില്‍ പോയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഇവര്‍ പിടിയിലാവുന്നത്. ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ച് അന്വേഷണസംഘം ചോദ്യം ചെയ്തു. ടോണിയോടും ബേസിലിനോടുമൊന്നിച്ച് നായാട്ടിന് ഉണ്ടായിരുന്നതായി ഇവര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിലൂടെ നാലുപേരും ഒന്നിച്ച് സഞ്ചരിക്കുമ്പോള്‍ ആനയുടെ മുന്നില്‍പ്പെട്ടുവെന്നും ചിതറി ഓടിയപ്പോള്‍ ഹെഡ്‌ലൈറ്റ് നഷ്ടപ്പെടുകയും ചെയ്തതിനാല്‍ നടന്ന സംഭവങ്ങള്‍ കാണുവാന്‍ കഴിഞ്ഞില്ലെന്നും ഇവരുടെ മൊഴിയിലുണ്ട്. ഈ സമയം ഷൈറ്റിന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നുമാണ് ചോദ്യം ചെയ്യലില്‍ പോലിസിനു ലഭിച്ച വിവരം. തെളിവെടുപ്പിനായി ഇവരെ ഇന്ന് രാവിലെ തട്ടേക്കാട് വനത്തില്‍ കൊണ്ടുപോവും. തുടര്‍ന്ന് വൈകീട്ടോടെ കോതമംഗലം കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷം കസ്റ്റഡിയില്‍ വാങ്ങിയാവും വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണവും തെളിവെടുപ്പും നടത്തുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss